ADVERTISEMENT

കൊച്ചി∙ സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തിരിക്കെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്നതു സുശോഭന ഭാവി വിഭാവനം ചെയ്യുന്ന സ്വപ്ന ബജറ്റായിരിക്കുമോ? മുൻകാല ധനമന്ത്രിമാരുടെ ബജറ്റുകളിൽ ചിലതു നിർദേശങ്ങളുടെ സവിശേഷത കൊണ്ടു ശ്രദ്ധേയമായപ്പോൾ അവയ്ക്കു സ്വപ്ന ബജറ്റെന്നും ബ്ലാക് ബജറ്റെന്നുമൊക്കെ വ്യത്യസ്ത വിശേഷണങ്ങൾ ചാർത്തിക്കൊടുത്ത മാധ്യമങ്ങൾ നിർമലയുടെ ബജറ്റിന് എന്തു പേരാകും നൽകുക?

ഇടക്കാല ബജറ്റ് ഉൾപ്പെടെ ഏഴു തവണ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അസാധാരണത്വം അവകാശപ്പെടാവുന്ന നിർദേശങ്ങൾ അവതരിപ്പിച്ചു ബജറ്റിനു സവിശേഷമായ പേരു സമ്പാദിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ബ്ലാക് ബജറ്റ്

1973ൽ ധന മന്ത്രി ൈവ.ബി. ചവാൻ അവതരിപ്പിച്ച ബജറ്റിനാണു ബ്ലാക് ബജറ്റെന്ന പേരു വീണത്. ജനറൽ ഇൻഷുറൻസ് കമ്പനികളുടെയും ഇന്ത്യൻ കോപ്പർ കോർപറേഷന്റെയും കൽക്കരി ഖനികളുടെയും ദേശസാൽക്കരണ പ്രഖ്യാപനമടങ്ങിയ ബജറ്റിൽ വിഭാവനം ചെയ്ത ധന കമ്മി 550 കോടി രൂപയുടേതായിരുന്നു. അസാധാരണ അളവിലുള്ള ധന കമ്മി സർക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുകയും അതിനിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തതാണു ബ്ലാക് ബജറ്റ് എന്ന വിശേഷണത്തിനു കാരണമായത്.

സ്വപ്ന ബജറ്റ്

സ്വപ്ന ബജറ്റെന്ന വിശേഷണം നേടിയെടുത്തതു പി.ചിദംബരം അവതരിപ്പിച്ച 1997– 98ലെ ബജറ്റാണ്. വ്യക്തിഗത ആദായ നികുതിയിലും കോർപറേറ്റ് നികുതിയിലും ഉദാര ഇളവുകൾ നിർദേശിച്ചു സൽപേരു സമ്പാദിച്ച ബജറ്റിലെ പല നിർദേശങ്ങളും സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങൾ വിഭാവനം ചെയ്യുന്നതായിരുന്നു.

ചരിത്ര ബജറ്റ്

ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ബജറ്റ് അവതരിപ്പിച്ചതു  പിൽക്കാലത്തു പ്രധാനമന്ത്രി പദത്തിലെത്തിയ ധന മന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. 1991 ലെ അദ്ദേഹത്തിന്റെ ബജറ്റ് ചരിത്ര ബജറ്റെന്ന ഖ്യാതി നേടി. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് ആ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 12 ശതമാനത്തോളം ആയിരുന്നു പണപ്പെരുപ്പ നിരക്ക്. വിദേശനാണ്യ ശേഖരം നന്നേ കുറവ്. ഭീമമായ ധന കമ്മി. ബാങ്കുകളാണെങ്കിൽ കിട്ടാക്കടംകൊണ്ടു നട്ടംതിരിയുന്ന അവസ്ഥ. വരിഞ്ഞു മുറുക്കിയിരുന്ന നിയന്ത്രണങ്ങളിൽനിന്നു സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നു തിരിച്ചറിഞ്ഞ മൻമോഹൻ സിങ് ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ മൂന്നു പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതു ചരിത്ര ബജറ്റിലൂടെയാണ്. ഇന്ത്യയ്ക്ക് അതിവേഗ പുരോഗതിയുടെ പാത തുറന്നുകൊടുത്തു എന്നതാണ് ആ ബജറ്റിന്റെ നേട്ടം. 

‘കാരറ്റ് ആൻഡ് സ്റ്റിക്’ ബജറ്റ്

കള്ളക്കടത്തുകാർക്കും കരിഞ്ചന്തക്കാർക്കും നികുതി വെട്ടിപ്പുകാർക്കും കടുത്ത ശിക്ഷ; സാധാരണക്കാർക്കും ബിസിനസ് സംരംഭങ്ങൾക്കും ആനുകൂല്യങ്ങൾ. ഇതായിരുന്നു 1986ൽ വി.പി. സിങ്ങിന്റെ ബജറ്റിനെ ശ്രദ്ധേയമാക്കിയത്. തല്ലും തലോടലും ഇഴചേർത്ത് അവതരിപ്പിച്ചതിനാൽ ‘കാരറ്റ് ആൻഡ് സ്റ്റിക്’ ബജറ്റ് എന്ന് അതിനു പേരുണ്ടായി. ‘ലൈസൻസ് രാജ്’ സമ്പ്രദായം അവസാനിപ്പിക്കുന്നതിനു തുടക്കം കുറിച്ച ബജറ്റ് എക്സൈസ് തീരുവയുടെ ഘടന ലഘൂകരിക്കുന്നതിനുള്ള ‘മോഡ്‌വാറ്റ്’ (മോഡിഫൈഡ് വാല്യു ആഡഡ് ടാക്സ്) എന്ന നികുതി ഏർപ്പെടുത്തൽ കൊണ്ടും ശ്രദ്ധേയമായി.

മിലേനിയം ബജറ്റ്

ഈ നൂറ്റാണ്ട് വിവര സാങ്കേതിക വിദ്യയുടേതാണെന്നു ദീർഘദർശനം ചെയ്തതുകൊണ്ടാണു രണ്ടായിരാമാണ്ടിലെ ബജറ്റിൽ യശ്വന്ത് സിൻഹ ഐടി മേഖലയ്ക്കു പരമ പ്രാധാന്യം നൽകിയത്. മിലേനിയം ബജറ്റ് എന്ന വിശേഷണം നേടിയ ബജറ്റ് ഇന്ത്യയെ ഐടി ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യം നിർണയിച്ചു. സർവ ഐടി ഉൽപന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച ബജറ്റാണത്. 

English Summary:

Nirmala Sitharaman's latest budget faces challenges of slowing economic growth and rising inflation. This article reviews notable past budgets, such as the "Dream Budget" and "Black Budget," to provide context and analyze their impact.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com