സമ്പദ്‌വ്യവസ്‌ഥ മാന്ദ്യത്തിൽ; കേന്ദ്ര ബജറ്റിൽ പ്രതീക്ഷ വളർച്ചയ്ക്കുള്ള ഉത്തേജന പാക്കേജ്

Mail This Article
കൊച്ചി ∙ സമ്പദ്‌വ്യവസ്‌ഥ മാന്ദ്യത്തിലായതിനാൽ ഉത്തേജനം നൽകാൻ ഒട്ടേറെ നടപടികൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക വരുമാനത്തിന്റെയും മൂലധന നിക്ഷേപത്തിന്റെയും വർധനയ്‌ക്കുള്ള നടപടികൾ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. മൂലധന വിഹിതം കൂട്ടുമ്പോൾ റോഡ് ഉൾപ്പെടെ ഒട്ടേറെ നിർമാണങ്ങൾക്ക് ആ തുക ലഭിക്കും. അതിന്റെ വിനിയോഗം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും.
ആദായ നികുതി സ്‌ലാബുകളിൽ മാറ്റം വരുത്തിയേക്കാം. അത് ഉപഭോഗ വർധനയ്‌ക്കു സഹായകമാകുമ്പോൾ എല്ലാ മേഖലകൾക്കും ഉത്തേജനമാകും.
ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ ജിസിസികൾ (ഗ്‌ളോബൽ കേപ്പബിലിറ്റി സെന്റർ) സ്‌ഥാപിച്ചിട്ടുണ്ട്. അടിസ്‌ഥാനപരമായി ഗവേഷണ വികസന കേന്ദ്രങ്ങളാണിവ. പുതിയ ഫാക്ടറി വ്യവസായങ്ങൾക്ക് ലഭിക്കുന്ന 15% കോർപറേറ്റ് നികുതി ഇളവ് ജിസിസികൾക്കും നൽകണമെന്നു വാദമുണ്ട്. ഗവേഷണ വികസനത്തിനായി ഏതു കമ്പനിയും നീക്കി വയ്‌ക്കുന്ന തുകയ്‌ക്ക് മുഴുവനായി ഇളവ് നൽകണമെന്നും ആവശ്യമുണ്ട്. ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകാം.
നിലവിൽ ആരോഗ്യ ഇൻഷുറൻസിന് 18% ജിഎസ്‌ടിയുണ്ട്. അതു കുറച്ച് 5% ആക്കണമെന്ന ആവശ്യത്തോടു ധനവകുപ്പ് അനുകൂലമാണെന്നു കരുതുന്നു. ഇലക്‌ട്രോണിക് ഉൽപന്നങ്ങളും മെഡിക്കൽ ഉപകരണങ്ങളും ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾക്ക് ഇറക്കുമതിച്ചുങ്കം കുറച്ചേക്കാം. സെമികണ്ടക്‌ടർ ചിപ്പ് ഉൽപാദനത്തിന് ആനുകൂല്യങ്ങൾ വർധിപ്പിക്കാനും സാധ്യതയുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business