കേന്ദ്ര ബജറ്റ് 2025: ടൂറിസം മേഖലയ്ക്കുവേണം ‘അടിസ്ഥാനസൗകര്യ’ മേഖലാ പദവി, ധനമന്ത്രി കനിയുമോ?

Mail This Article
വീണ്ടുമൊരു കേന്ദ്ര ബജറ്റ് മുന്നിലെത്തി നിൽക്കേ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷിക്കുന്നത് വലിയ ആനുകൂല്യങ്ങൾ. ടൂറിസം മേഖലയ്ക്ക് അടിസ്ഥാനസൗകര്യ വികസന മേഖലാ പദവിയും ചെറുകിട ഹോസ്പിറ്റാലിറ്റി പദ്ധതികൾക്ക് വ്യാവസായിക പദവിയും നൽകണമെന്നതാണ് മുഖ്യ ആവശ്യം.
നിലവിൽ 200 കോടി രൂപ രൂപയ്ക്കുമേൽ നിക്ഷേപമൂല്യമുള്ള ഹോട്ടലുകൾക്കും 300 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള കൺവെൻഷൻ സെന്ററുകൾക്കും വ്യാവസായിക പദവിയുണ്ട്. ഇത് ഇരു വിഭാഗങ്ങൾക്കും 10 കോടി രൂപയായി നിശ്ചയിക്കണമെന്ന് അസോസിയേഷനുകൾ ആവശ്യപ്പെടുന്നു.

വ്യാവസായിക പദവി ലഭിച്ചാൽ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാ ലഭ്യത ഉയരും. നിക്ഷേപ ലഭ്യത, തൊഴിലവസരങ്ങൾ എന്നിവയും വർധിക്കും. 17 സംസ്ഥാനങ്ങൾ ടൂറിസം മേഖലയ്ക്ക് വ്യാവസായിക പദവി നൽകിയിട്ടുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. 2047ഓടെ ടൂറിസം മേഖലയുടെ മൂല്യം ഒരു ട്രില്യൻ ഡോളറായി ഉയർത്തുകയെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാൻ ഈ മേഖലയിലെ ലൈസൻസിങ് സമ്പ്രദായവും ലളിതമാക്കണം.
ഹോട്ടൽ മുറികളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഏകീകരിക്കണം. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യം, ഗതാഗത കണക്റ്റിവിറ്റി, ആഭ്യന്തര-വിദേശ സഞ്ചാരികളുടെ സുരക്ഷാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, തൊഴിൽ നൈപുണ്യം ഉയർത്താനുള്ള പദ്ധതികളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business