2047ൽ വികസിത രാജ്യമെന്ന ലക്ഷ്യം;അടുത്ത 2 ദശാബ്ദങ്ങളിൽ വേണ്ടത് 8% വീതം വളർച്ച

Mail This Article
ന്യൂഡൽഹി∙ 2047ൽ വികസിത രാജ്യമായി മാറാൻ ഇന്ത്യ അടുത്ത 2 ദശാബ്ദങ്ങളിൽ 8% വീതം വളർച്ച നേടണമെന്ന് സാമ്പത്തിക സർവേ. വികസിത ഭാരതം കെട്ടിപ്പടുക്കാൻ 2030–32 വരെ കാർഷികേതര മേഖലകളിൽ പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കണമെന്ന നിലപാട് ഇത്തവണയും സാമ്പത്തിക സർവേ ആവർത്തിച്ചു.
ഇതിനൊപ്പം നിക്ഷേപനിരക്ക് നിലവിലെ 31% കുറഞ്ഞത് 35 ശതമാനമായി ഉയരണം. രാജ്യാന്തരതലത്തിലെ അടിക്കടിയുള്ള മാറ്റങ്ങൾ പരിഗണിച്ച് ‘കളിക്കളം മാറുകയാ’ണന്നും അതിനനുസരിച്ച് നമ്മൾ മാറണമെന്നും മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ പറഞ്ഞു.
നിയന്ത്രണങ്ങൾ ലഘൂകരിക്കണം
ബിസിനസ് നടത്തുന്നതിന് നിലവിൽ പ്രാദേശിക തലത്തിൽ ബാധകമായ നിയന്ത്രണങ്ങൾ പലതും എടുത്തുകളഞ്ഞ് വ്യവസായസൗഹൃദയമാക്കണമെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനു പുറമേ സംസ്ഥാന സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും ഇതിനായി രംഗത്തെത്തണം. ഭൂമി, കെട്ടിടം, വൈദ്യുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പല ചട്ടങ്ങളും നിയന്ത്രണങ്ങളും ബിസിനസുകളെ കാര്യമായി ബാധിക്കുന്നതായി സർവേ നിരീക്ഷിച്ചു.
‘ബിസിനസുകൾ നടത്താനുള്ള ചെലവ് കുറയ്ക്കുന്നതുവഴി കൂടുതൽ നിക്ഷേപം വരും, കൂടുതൽ ആളുകളെ ജോലിക്കെടുക്കും. ഇതുവഴി വരുമാനം കൂടുകയും സാമ്പത്തികവളർച്ച ഉറപ്പാക്കുകയും ചെയ്യാം.’–അനന്ത നാഗേശ്വരൻ പറഞ്ഞു.

തൊഴിൽ സമയത്തിൽ മാറ്റം വരണം
നിലവിലെ രീതിയിൽ തൊഴിൽ സമയം പരിമിതപ്പെടുത്തുന്നത് സാമ്പത്തികവളർച്ചയ്ക്കു ഗുണകരമല്ലെന്ന് സർവേ ചൂണ്ടിക്കാട്ടി. തൊഴിൽ സമയം കൂടുതൽ ‘ഫ്ലെക്സിബിൾ’ ആകണമെന്നാണ് നിർദേശം. തൊഴിലിടത്തെ ആവശ്യകത കൂടുന്ന ഘട്ടങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് സമയക്രമം മാറ്റണമെന്നാണ് നിർദേശം. നിലവിൽ പല രാജ്യങ്ങളിലും ഇത്തരത്തിൽ ഫ്ലെക്സിബിൾ സമയക്രമമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടി.
ചൈനയെ അമിതമായി ആശ്രയിക്കുന്നതിൽ ആശങ്ക
ന്യൂഡൽഹി∙ ഇന്ത്യ വിവിധ ഉൽപന്നങ്ങൾക്കായി ചൈനയെ വൻ തോതിൽ ആശ്രയിക്കുന്നതിൽ സാമ്പത്തിക സർവേ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനം, സൗരോർജം അടക്കമുള്ള മേഖലകളിൽ ചൈനയുടെ ആധിപത്യം വ്യക്തമാണ്.
ഒരു രാജ്യത്തെ മാത്രമായി പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്കു വഴിവയ്ക്കാം.ഇതിൽ നിന്നു പുറത്തുകടക്കാനായി ഇന്ത്യ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ച് ആഭ്യന്തര ഉൽപാദനം കൂട്ടണമെന്നും നിർദേശമുണ്ട്.

രാജ്യാന്തര ഭീഷണി നേരിടാൻ വിവേകപൂർവമായ നയസമീപനം
രാജ്യാന്തര രംഗത്തെ മാറ്റങ്ങളെ അതിജീവിക്കാൻ ആഭ്യന്തര രംഗത്തെ ഊന്നിയുള്ള വിവേകപൂർവമായ നയസമീപനം ആവശ്യമാണെന്ന് സാമ്പത്തികസർവേ ചൂണ്ടിക്കാട്ടി.അടുത്ത സാമ്പത്തികവർഷം കാര്യമായ വിലക്കയറ്റ ഭീഷണിക്ക് സാധ്യതയില്ലെങ്കിലും രാജ്യാന്തരമേഖലയിലെ പ്രശ്നങ്ങൾ വെല്ലുവിളിയാണ്. പച്ചക്കറിയുടെ വിലയിലെ കുറവ് മൂലം ഭക്ഷ്യവിലക്കയറ്റത്തിൽ ജനുവരി–ഫെബ്രുവരി കാലയളവിൽ കാര്യമായ അയവുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കി.
എഐ: തൊഴിൽ മേഖലയിൽ അവസരവും വെല്ലുവിളിയും
ന്യൂഡൽഹി∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകമെങ്ങുമുള്ള തൊഴിൽവിപണികൾക്ക് അഭൂതപൂർവമായ അവസരങ്ങളും അതേസമയം ഗൗരവതരമായ വെല്ലുവിളികളും സൃഷ്ടിക്കുന്നതായി സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി.രാജ്യമെങ്ങും എഐയുടെ സ്വാധീനം അനുഭവപ്പെടുമെങ്കിലും ഇന്ത്യയിൽ ഇതിന്റെ തോത് കൂടിയേക്കാം. ജനസംഖ്യയും കുറഞ്ഞ പ്രതിശീർഷ വരുമാനവും ഇതിന് കാരണമാണ്.
എഐ മൂലമുള്ള തൊഴിൽനഷ്ടമുണ്ടായാൽ കാര്യമായ സ്വാധീനമുണ്ടാക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിലും സംബന്ധിച്ചാണ് സാമ്പത്തിക സർവേയിലെ ഒരു ഭാഗം. സാങ്കേതികവിദ്യകൾ കാലക്രമേണ തൊഴിൽ സൃഷ്ടിക്കുമെന്നു പറയുമെങ്കിലും അതുവരെയുണ്ടാകുന്ന തൊഴിൽനഷ്ടം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.