ആഹാ...ആദായം! 75% നികുതിദായകരും പുതിയ സ്കീമിൽ, പഴയ സ്കീമിൽ മാറ്റങ്ങളേയില്ല

Mail This Article
ന്യൂഡൽഹി ∙ പൂർണ ആദായ നികുതിയൊഴിവിനുള്ള വാർഷിക വരുമാനപരിധി 7 ലക്ഷം രൂപയിൽനിന്നാണ് കേന്ദ്ര ബജറ്റിൽ ഒറ്റയടിക്കു 12 ലക്ഷമാക്കിയത്. 7– 12 ലക്ഷം രൂപ വാർഷികവരുമാനക്കാരായ ഒരു കോടിയാളുകൾക്കു നികുതിബാധ്യത പൂർണമായും ഒഴിവാകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇവർ 20,000 രൂപ മുതൽ 80,000 രൂപ വരെയാണ് ഒരു വർഷം നികുതി നൽകിയിരുന്നത്.
ഒരു ലക്ഷം കോടി രൂപയാണ് പരിഷ്കാരങ്ങൾ വഴി സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്. പരോക്ഷനികുതി ഇളവുകൾ വഴി 2,600 കോടി രൂപ കൂടി ജനങ്ങളുടെ കയ്യിലെത്തും. ഇങ്ങനെ ലഭിക്കുന്ന പണം ജനം ചെലവഴിക്കുമെന്നും സാമ്പത്തിരംഗത്ത് ഉണർവുണ്ടാകുമെന്നുമാണു വിലയിരുത്തൽ. മറ്റു നികുതികളായി ഗണ്യമായ തുക സർക്കാരിലേക്ക് തിരിച്ചെത്തുകയും ചെയ്യും, പുതിയ ആദായനികുതി സ്കീമിലാണ് മാറ്റങ്ങളെല്ലാം വരുത്തിയിരിക്കുന്നത്. പഴയ സ്കീമിൽ മാറ്റങ്ങളേയില്ല. 75% നികുതിദായകരും പുതിയ സ്കീമിലേക്കു മാറിക്കഴിഞ്ഞു.

വാർഷിക വരുമാനം 12 ലക്ഷമെങ്കിൽ ലാഭം 80,000 രൂപ
12 ലക്ഷം രൂപ നിലവിൽ വരുമാനമുള്ള വ്യക്തിക്ക് പുതിയ നികുതി സ്കീം വഴി ഇതുവരെ 80,000 രൂപ നികുതി നൽകണമായിരുന്നു. അത്രയും തുക ഇനിയവർക്കു മിച്ചം പിടിക്കാം. 18 ലക്ഷം രൂപയുള്ള വ്യക്തിക്ക് നിലവിൽ നൽകുന്നതിന്റെ 30 ശതമാനമായ 70,000 രൂപ നികുതിയിൽ ലാഭിക്കാം. 25 ലക്ഷം രൂപയാണു വരുമാനമെങ്കിൽ 1.10 ലക്ഷം രൂപ ലാഭിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business