പീലി വിടർത്തും എംഎസ്എംഇ; നിബന്ധനകളിൽ മാറ്റം; കരുത്തേകാൻ ക്രെഡിറ്റ് കാർഡും

Mail This Article
ന്യൂഡൽഹി ∙ വ്യവസായ സ്ഥാപനങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ആയി വേർതിരിക്കുന്ന നിബന്ധനയിൽ ഇളവു വരുത്തി. ഇതുപ്രകാരം, എംഎസ്എംഇകളെ നിർണയിക്കുന്നതിനുള്ള നിക്ഷേപ പരിധി നിലവിലുള്ളതിന്റെ രണ്ടര മടങ്ങായി; വിറ്റുവരവ് ഇരട്ടിയും.
എംഎസ്എംഇ നിർവചനം മാറുന്നതിങ്ങനെ
∙ സൂക്ഷ്മ (മൈക്രോ) വിഭാഗം: പ്രതിവർഷം 10 കോടി രൂപ വരെ വിറ്റുവരവും 2.5 കോടി രൂപ നിക്ഷേപവുമുള്ളവ. (നിലവിലെ വ്യവസ്ഥപ്രകാരം ഇത് ഒരു കോടി രൂപ വരെ നിക്ഷേപവും 5 കോടി വരെ വിറ്റുവരവുമെന്നാണ്)

∙ ചെറുകിട (സ്മോൾ) വിഭാഗം: 11 കോടി രൂപ മുതൽ 100 കോടി രൂപ വരെ വിറ്റുവരവും 25 കോടി വരെ നിക്ഷേപവുമുള്ളവ. (നിലവിൽ 50 കോടി രൂപ വരെ വിറ്റുവരവും 10 കോടി രൂപ വരെ നിക്ഷേപവുമുള്ളവ).
∙ ഇടത്തരം (മീഡിയം) വിഭാഗം: വിറ്റുവരവ് 101 കോടി മുതൽ 500 കോടി വരെയോ നിക്ഷേപം 26 കോടി രൂപ മുതൽ 125 കോടി രൂപ വരെയോ ആയ സ്ഥാപനങ്ങൾ. (നിലവിൽ 250 കോടി രൂപ വരെ വിറ്റുവരവും 50 കോടി രൂപ വരെ നിക്ഷേപവുമുള്ളവ)

സൂക്ഷ്മ സംരംഭങ്ങൾക്ക് ‘ക്രെഡിറ്റ് കാർഡ്’
രാജ്യത്തെ സൂക്ഷ്മ സംരംഭങ്ങൾക്കായി പ്രത്യേക ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ സംരംഭങ്ങൾക്കായിരിക്കും ഇതിന്റെ നേട്ടം. 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് പരിധിയോടെ രൂപപ്പെടുത്തുന്നതാണ് ക്രെഡിറ്റ് കാർഡുകൾ. ആദ്യ വർഷം തന്നെ ഇത്തരത്തിൽ 10 ലക്ഷം ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business