ഭാരതീയ ന്യായ സംഹിതയ്ക്കു പിന്നാലെ, വരുന്നു പുതിയ ആദായനികുതി നിയമവും

Mail This Article
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിയമം പരിഷ്കരിക്കുന്നുവെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം.
ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്.

നിയമം ലളിതമാക്കുന്നതുവഴി തർക്കങ്ങളും നിയമനടപടികളും കുറയ്ക്കാമെന്നു സർക്കാർ കരുതുന്നു. തുടക്കമെന്ന നിലയിലാണ് ജീവകാരുണ്യ സഹായം, മൂലധനനേട്ട നികുതിഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ബജറ്റിൽ മാറ്റം വരുത്തിയത്.
‘ഭാരതീയ ദണ്ഡ സംഹിത’ അഥവാ ഇന്ത്യൻ പീനൽ കോഡിനെ മാറ്റി ‘ഭാരതീയ ന്യായ സംഹിത’ എന്ന പുതിയ ക്രിമിനൽ നിയമം കൊണ്ടുവന്നതുപോലെയാണ്, ആദായനികുതി നിയമത്തിലും വൻ മാറ്റം വരുന്നതെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സുബിൻ വി.ആർ പറഞ്ഞു. 1961 മുതലുള്ള നിലവിലെ ആദായനികുതി നിയമം മാറ്റി, പുതിയ നിയമമാണ് അവതരിപ്പിക്കുന്നത്.
ഇപ്പോഴത്തെ ആദായനികുതി സങ്കീർണതകളാൽ നിറഞ്ഞതാണെന്ന പരാതി പ്രൊഫഷണലുകൾക്കിടയിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ തർക്കങ്ങളും വ്യവഹാരങ്ങളും നിരവധിയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിയമത്തിലെ പല വ്യാഖ്യാനങ്ങളും കീറാമുട്ടിയാണ്. ഈ പ്രതിസന്ധികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആദായനികുതി നിയമവും പൊളിച്ചെഴുതുന്നത്.

സാധാരണക്കാരനു പോലും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധമായിരിക്കും പുതിയ നിയമം എന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിലെ പകുതിയോളം ആശയം നിലനിർത്തിക്കൊണ്ടു തന്നെ രൂപഘടനയിൽ കാര്യമായ മാറ്റകൊണ്ടുവരാതെയും ലളിതവൽകരിച്ച പുതിയ നിയമമാണ് അവതരിപ്പിക്കുക. നികുതിദായകരുമായുള്ള തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുകയാണ് മുഖ്യ ലക്ഷ്യം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business