ആശ്വാസമായി ബജറ്റ്; ഇനി പന്ത് റിസർവ് ബാങ്കിന്റെ കോർട്ടിൽ, പലിശഭാരം കുറച്ചാൽ ഡബിളാനന്ദം!

Mail This Article
കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞു. പുറമേ ആദായനികുതിയിലെ പുതിയ സ്കീമിലെ സ്ലാബുകൾ പരിഷ്കരിച്ചതും ഒട്ടേറെപ്പേർക്ക് ആശ്വാസം. ഇനി റിസർവ് ബാങ്കിന്റെ ഊഴമാണ്. കുറയ്ക്കുമോ പലിശഭാരം? കുറച്ചാൽ, അതു ബോണസ്; ആദായനികുതി ഇളവിന് പിന്നാലെ പലിശയിളവും; ഡബിളാനന്ദം!
ഫെബ്രുവരി 5 മുതൽ 7 വരെയാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗം. 7ന് പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് കാൽശതമാനം (0.25%) കുറച്ചേക്കുമെന്നാണ് പൊതു വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) അവസാന ദ്വൈമാസ പണനയ യോഗവുമാണിത്. പലിശ കുറച്ചാൽ ബാങ്ക് വായ്പകളുടെ പലിശഭാരം കുറയുമെന്നത് ജനങ്ങൾക്ക് നേട്ടമാകും.
വരുന്നൂ, സഞ്ജയ് മൽഹോത്രയും റാവുവും
റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് ഡിസംബറിൽ പടിയിറങ്ങിയ ശക്തികാന്ത ദാസിന്റെ പകരക്കാരനായി എത്തിയ സഞ്ജയ് മൽഹോത്രയുടെ ആദ്യ പണനയ യോഗമാണിത്. എംപിസി അംഗവും റിസർവ് ബാങ്കിന്റെ ഏറ്റവും സീനിയർ ഡെപ്യൂട്ടി ഗവർണറുമായിരുന്ന മൈക്കൽ പാത്രയും വിരമിച്ചു. അദ്ദേഹം വഹിച്ചിരുന്ന എംപിസിയുടെ ചുമതല മറ്റൊരു ഡെപ്യൂട്ടി ഗവർണറായ എം. രാജേശ്വർ റാവുവിന് നൽകിയിട്ടുണ്ട്.
ഡോ. പാത്ര വിരമിച്ച ഒഴിവിലേക്ക് പുതിയ ഡെപ്യൂട്ടി ഗവർണറെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. എംപിസിയുടെ ചുമതല ലഭിച്ച രാജേശ്വർ റാവുവാകും ഇക്കുറി യോഗത്തിൽ പങ്കെടുക്കുക. അങ്ങനെയെങ്കിൽ, ഇത് അദ്ദേഹത്തിന്റെയും ആദ്യ എംപിസി യോഗമാകും. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജൻ ആണ്, എംപിസിയിൽ റിസർവ് ബാങ്കിൽ നിന്നുള്ള മറ്റൊരു അംഗം. ഇവർക്ക് പുറമേ കേന്ദ്രം നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ഡോ. നാഗേഷ് കുമാർ, ഡോ. സൗഗത ഭട്ടാചാര്യ, പ്രൊഫ. രാം സിങ് എന്നിവരുമുണ്ട്.
പലിശ കുറയാനുള്ള അനുകൂല വഴികൾ
പലിശനിരക്ക് കുറയ്ക്കണമെന്ന സമ്മർദം കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ എന്നിവരിൽ നിന്നുണ്ടായിട്ടും ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ചേർന്ന ഡിസംബറിലെ എംപിസി യോഗം പലിശയിൽ തൊട്ടിരുന്നില്ല. പകരം അന്ന് ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) 4.5ൽ നിന്ന് 4 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. ഇതുവഴി 1.2 ലക്ഷം കോടിയോളം രൂപ വായ്പാവിതരണത്തിനായി ബാങ്കുകൾക്ക് അധികമായി ഉപയോഗിക്കാൻ അവസരം തുറന്നു. ഓരോ 100 രൂപ നിക്ഷേപം കിട്ടുമ്പോഴും അതിലെ 4.5 രൂപ ബാങ്കുകൾ കരുതൽ ധനമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇതാണ് സിആർആർ.
എന്തുകൊണ്ട്, ഈമാസത്തെ യോഗത്തിൽ എംപിസി പലിശനിരക്ക് കുറച്ചേക്കാം? അനുകൂല ഘടകങ്ങൾ നോക്കാം.
1) ഒക്ടോബർ, നവംബർ മാസങ്ങളിൽ റീട്ടെയ്ൽ പണപ്പെരുപ്പം, ഭക്ഷ്യവിലപ്പെരുപ്പം എന്നിവ കുത്തനെ ഉയർന്നുനിന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് എംപിസി ഡിസംബറിൽ തീരുമാനിച്ചത്. ഒക്ടോബറിലെ 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിൽ നിന്ന് റീട്ടെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ 4-മാസത്തെ താഴ്ചയായ 5.22 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 15-മാസത്തെ ഉയരമായ 10.9ൽ നിന്ന് ഡിസംബറിൽ 8.39 ശതമാനമായും താഴ്ന്നു.
2) നടപ്പുവർഷം (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 2025-26ൽ പ്രതീക്ഷിക്കുന്നത് പരമാവധി 6.8 ശതമാനമാണെന്ന് സാമ്പത്തിക സർവേയും വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കും നടപ്പുവർഷത്തെ വളർച്ചാപ്രതീക്ഷ 6.6 ശതമാനമായി കുറച്ചിരുന്നു. 2023-24ൽ ഇന്ത്യ 8.2 ശതമാനം വളർന്നിരുന്നു.
ഉപഭോക്തൃവിപണിയുടെ തളർച്ചയാണ് ജിഡിപിയെ പ്രധാനമായും പിന്നോട്ടടിക്കുന്നത്. ഉപഭോഗം വർധിപ്പിച്ച്, വളർച്ച തിരികെപ്പിടിക്കുകയാണ് ആദായനികുതി കുറച്ചതിലൂടെ കേന്ദ്രത്തിന്റെ ഉന്നം. പലിശ കുറച്ചുകൊണ്ട് കേന്ദ്രത്തെ പിന്തുണയ്ക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ റിസർവ് ബാങ്കിനു മുന്നിലുള്ളത്.
പണമൊഴുക്കി റിസർവ് ബാങ്ക്
പൊതുവിപണിയിൽ 1.5 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 60,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ മൂന്നു തവണകളായി തിരികെ വാങ്ങും (ബൈബാക്ക്). വേരിയബിൾ റേറ്റ് റീപ്പോ ഓക്ഷൻ വഴി 50,000 കോടി രൂപയും ഇറക്കും. പുറമേ യുഎസ് ഡോളർ-റുപ്പി സ്വാപ്പ് ഓക്ഷൻ വഴി 40,000 കോടി രൂപയോളവും അടുത്ത 6 മാസത്തിനകം വിപണിയിലിറക്കും. എംപിസി യോഗം പലിശഭാരം കൂടി കുറച്ചാൽ പണലഭ്യത കൂടുതൽ മെച്ചപ്പെടും. ഇത് ഉപഭോക്തൃവിപണിക്ക് കരുത്താകും.
റീപ്പോ കുറഞ്ഞാൽ നേട്ടം എങ്ങനെ?
2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. റീപ്പോനിരക്ക് കുറച്ചാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശ അതോടെ കുറയും. അതായത്, വായ്പകളുടെ ഇഎംഐഭാരം കുറയും. ഓരോ മാസവും കൂടുതൽ തുക മിച്ചം നേടാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. ആ പണം മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താം.

ഉദാഹരണത്തിന്, നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നിരിക്കട്ടെ. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. റീപ്പോനിരക്ക് 0.25% കുറച്ചു എന്നിരിക്കട്ടെ. പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും. 2025ൽ ആകെ ഒരു ശതമാനം കുറവ് റീപ്പോയിൽ വരുത്തിയേക്കാം. അങ്ങനെയെങ്കിൽ റീപ്പോനിരക്ക് ഈ വർഷം 5.50 ശതമാനമായി താഴും. ആനുപാതികമായ കുറവ് ബാങ്ക് വായ്പാപ്പലിശയിലും ഇഎംഐയിലും വരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business