രൂപയുടെ സർവകാലത്തകർച്ചകൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മന്ദഗതിയിലോ?

Mail This Article
രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകൾ കൂടുമ്പോൾ ഡോളർ നിക്ഷേപം ഉയരുന്നത് രൂപയെ തളർത്തുന്നു. ചൈനയ്ക്കും കാനഡയ്ക്കും മെക്സികോയ്ക്കും ഇറക്കുമതി തീരുവ ചുമത്തിയതോടെ പൊതുവെ ആഗോളതലത്തിൽ മിക്ക രാജ്യങ്ങൾക്കിടയിലും പരിഭ്രാന്തി പരന്നിട്ടുണ്ട്.
∙ ഇന്ത്യയുടെ നില അതിശക്തം
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉത്തരം നൽകി. യുഎസ് ഡോളറിനെതിരെ മാത്രമാണ് മൂല്യം ഇടിഞ്ഞതെന്നും ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് സ്ഥിരത മൂലം മറ്റെല്ലാ കറൻസികൾക്കെതിരെയും രൂപ സ്ഥിരത പുലർത്തുന്നുണ്ടെന്നും അവർ പറഞ്ഞു."കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ രൂപ സമ്മർദത്തിലാണ്.

എന്നാൽ മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ യുഎസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ ചാഞ്ചാട്ടമുള്ള കറൻസിയായി രൂപ തുടരുന്നുണ്ട്. 2025-ൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകിയതിനെത്തുടർന്ന് വ്യാപാരക്കമ്മി വർദ്ധിക്കുന്നത് മുതൽ ഡോളർ സൂചികയിലെ കുതിച്ചുചാട്ടം വരെയുള്ള പല കാരണങ്ങൾ മൂലമാണ് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ദിവസേന റെക്കോർഡ് താഴ്ചയിലെത്താനുള്ള കാരണങ്ങൾ" ധനമന്ത്രി പറഞ്ഞു.
∙ എണ്ണവില കൂടുന്നതിൽ ആശങ്ക
റഷ്യയ്ക്കെതിരായ യുഎസ് ഉപരോധം അസംസ്കൃത എണ്ണ വിതരണത്തെ തടസപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് ആഗോള എണ്ണ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ജനുവരിയിൽ ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഫെബ്രുവരിയിൽ വീണ്ടും എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്കകൾ ശക്തമാണ്.
അസംസ്കൃത എണ്ണ വില കൂടിയാൽ വീണ്ടും രൂപക്ക് മുകളിലുള്ള സമ്മർദ്ദവും കൂടും. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രൂപയുടെ നില പരുങ്ങലിലാക്കുന്നുണ്ട്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 87.29 ൽ എത്തിയിരുന്നു.