ട്രംപിന്റെ കണ്ണുരുട്ടലിൽ ഇന്ത്യ പേടിക്കുമോ? ക്രിപ്റ്റോകറൻസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമോ?

Mail This Article
അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ആസ്തികൾ കുതിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ചൈനയിൽ നിന്നുള്ള 'ഡീപ് സീക്' ശ്രദ്ധ ആകർഷിച്ചതോടെ ക്രിപ്റ്റോ കറൻസികൾ ഒന്ന് പതുങ്ങി ഉൾവലിഞ്ഞിരുന്നു. ഇനിയും ക്രിപ്റ്റോ കറൻസികൾ പിടിവിട്ടു ഉയരില്ലേ എന്ന ആശങ്കയിലാണ് നിക്ഷേപകർ. അമേരിക്ക ക്രിപ്റ്റോ അനുകൂല നിലപാട് എടുത്തതോടെ ഇതുവരെ ക്രിപ്റ്റോകളെ സ്വീകരിക്കാതിരുന്ന മറ്റു പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കാനുള്ള പുറപ്പാടിലാണ്.
അതിർത്തികളിൽ നിൽക്കുന്ന ആസ്തി അല്ല ക്രിപ്റ്റോ
ഇന്ത്യയുടെ ക്രിപ്റ്റോ കറൻസികളോടുള്ള നിലപാട് പുനഃപരിശോധിക്കുകയാണെന്ന് വാർത്തകൾ ഉണ്ട്. ക്രിപ്റ്റോ കറൻസികൾ ഒരു രാജ്യത്തിന്റെ അതിർത്തികളിൽ മാത്രം നിൽക്കുന്ന ആസ്തി അല്ലാത്തതിനാൽ മറ്റു രാജ്യങ്ങളുടെ അതിർത്തികളും ക്രിപ്റ്റോ കറൻസികൾക്കായി തുറക്കണം എന്ന് പരോക്ഷമായി ട്രംപിന് നിലപാട് ഉണ്ട്. ഇതുവരെ ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കാത്ത രാജ്യങ്ങൾ എല്ലാം ഈ കാരണം കൊണ്ട് ഇപ്പോൾ നയങ്ങൾ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.
"ക്രിപ്റ്റോ കറൻസികളുടെ അധികാരപരിധികൾ, നിലപാട്, ഉപയോഗം, സ്വീകാര്യത, ക്രിപ്‌റ്റോ ആസ്തികളുടെ പ്രാധാന്യം എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യയും നയങ്ങൾ പുനഃപരിശോധിക്കും ," ഇന്ത്യയുടെ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. അത്തരം ആസ്തികൾ "അതിർത്തികളിൽ വിശ്വസിക്കുന്നില്ല" എന്നതിനാൽ, ഇന്ത്യയുടെ നിലപാട് ഏകപക്ഷീയമാകാൻ കഴിയില്ലെന്നും സേത്ത് പറഞ്ഞു.
ക്രിപ്റ്റോകളിലേക്കുള്ള പണമൊഴുക്ക്
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾക്കെതിരെ കർശനമായ നിയന്ത്രണ നിലപാടുകളും ഉയർന്ന വ്യാപാര നികുതികളും ഉണ്ടായിരുന്നിട്ടും സമീപ വർഷങ്ങളിൽ ഇന്ത്യക്കാർ ക്രിപ്‌റ്റോകറൻസികളിലേക്ക് പണം ഒഴുക്കിയിട്ടുണ്ട് എന്ന കാര്യവും ഈ വീണ്ടു വിചാരത്തിന് കാരണമായോ? പുത്തൻ സാമ്പത്തിക ആസ്തികളിലേക്ക് ലോകം നീങ്ങുമ്പോൾ ഇന്ത്യക്കു മാറി നിൽക്കാനാകില്ല എന്ന കാര്യവും ഇന്ത്യയുടെ സമ്പത്ത് ഓഹരി വിപണികളിൽ നിന്നും, ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രിപ്റ്റോകളിലേക്ക് ഒഴുകുന്നത് കാണുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല എന്നതും ക്രിപ്റ്റോ കറൻസി നയമാറ്റത്തിന് കാരണമാണ് എന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.