ADVERTISEMENT

കൊച്ചി∙ ഗുജറാത്തിന്റെ മാത്രമല്ല ഇന്ത്യൻ സമ്പദ്ഘടനയുടെ തന്നെ തലയെടുപ്പായി മാറിക്കൊണ്ടിരിക്കുകയാണ് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാ‍ൻസ് സിറ്റി). ഗൂഗിൾ, ബാങ്ക് ഓഫ് അമേരിക്ക, ഒറാക്കിൾ തുടങ്ങിയ മൾട്ടിനാഷനൽ കമ്പനികളുടെ പടുകൂറ്റൻ ഓഫിസുകൾ തന്നെ ഗിഫ്റ്റ് സിറ്റിയുടെ പ്രധാന്യം വ്യക്തമാക്കുന്നു. വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നൽകുന്ന ഗിഫ്റ്റ് സിറ്റി ദുബായിക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണ്.

അതുകൊണ്ടു തന്നെ പല കാര്യങ്ങൾ കൊണ്ടും ഇവിടം വ്യത്യസ്തമാണ്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതുകൊണ്ടു തന്നെ പൂർണമായും പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ വിഭാവനം ചെയ്തിട്ടുള്ള ഗിഫ്റ്റ് സിറ്റിയിൽ റോഡ് വെട്ടിപ്പൊളിച്ചുള്ള ഒരു അറ്റകുറ്റപ്പണിയുമില്ല. പൈപ്പ് ചോർച്ചയോ മറ്റു പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ‍ഡിജിറ്റൽ സംവിധാനത്തിലൂടെ ഇത് എവിടെയാണെന്നു കണ്ടെത്തുന്നു. ടണൽ വഴി സാങ്കേതിക വിദഗ്ധരെത്തി പ്രശ്നം പരിഹരിക്കുന്നു. മാത്രമല്ല, വിദേശ കറൻസികളിൽ മാത്രമാണ് ഇവിടെ വ്യാപാരം. രൂപയിൽ ഇടപാടുകളില്ല. 15 വിദേശ കറൻസികൾ അനുവദനീയമാണ്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും (എൻഎസ്ഇ), ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ചും ഗിഫ്റ്റ് സിറ്റിയിലുണ്ട്.

കേരള കണക്ഷൻ

ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാകാതെ കേരളത്തിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി കിതയ്ക്കുമ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റി മറിയ്ക്കുന്ന രാജ്യാന്തര ബിസിനസ് ഹബ്ബായി ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി മാറുന്നത്. ഗിഫ്റ്റ് സിറ്റിയുടെ തന്ത്രപ്രധാനമായ പദവി വഹിക്കുന്നതാകട്ടെ കേരളത്തിൽ പഠിച്ചുവളർന്ന തമിഴ്നാട്ടുകാരനായ കെ.രാജാരാമൻ എന്ന മുൻ ഐഎസ് ഓഫിസർ.

ഗിഫ്റ്റ് സിറ്റിയുടെ വാണിജ്യനയങ്ങളിൽ മുഖ്യ നിലപാടെടുക്കുന്ന ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ചെയർമാനാണ് രാജാരാമൻ. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നു എൻജിനീയറിങ് ബിരുദം പാസായ അദ്ദേഹം ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് കഴിഞ്ഞ വർഷം ചുമതല ഏറ്റെടുക്കുന്നത്. ഇപ്പോഴും കേരളത്തെയും മലയാള ഭാഷയെയും ഹൃദയത്തിൽ കൊണ്ടു നടക്കുന്നു അദ്ദേഹം.

വികസനം 886 ഏക്കറിനും അപ്പുറത്തേക്ക്

886 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗിഫ്റ്റ് സിറ്റിയിലെ ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററാണ് വിദേശത്തെയും രാജ്യത്തിലെയും ഐടി, സാമ്പത്തിക കമ്പനികളുടെ ഹബ് ആയി പ്രവർത്തിക്കുന്നത്. ഭാവിയിൽ 3000 ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലേക്കു കടക്കുകയാണ് 9 വർഷം പിന്നിടുന്ന വേളയിൽ ഗിഫ്റ്റ് സിറ്റി.

നിലവിലെ ആകെ വിസ്തൃതി– 886 ഏക്കർ

ഡൊമസ്റ്റിക് താരിഫ് മേഖല – 625 ഏക്കർ

സെസ്/ ഐഎഫ്എസ്‌സി– 261 ഏക്കർ

∙ഐഎഫ്എസ്‌സിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 724 കമ്പനികൾ.

∙നിക്ഷേപ സമാഹരണം 2000 കോടി ഡോളറിനു മുകളിൽ.

∙ആകെ ജീവനക്കാർ 28,000.

∙ഇന്റർനാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഒക്ടോബറിലെ വിറ്റുവരവ് 10200 കോടി ഡോളർ

∙ ബാങ്കുകളുടെ ആകെ ആസ്തി 7000 കോടി ഡോളർ

∙ബാങ്കിങ് ഇടപാടുകൾ ഒരു ലക്ഷം ഡോളറിനു മുകളിൽ.

പ്രധാന ബിസിനസുകൾ, കമ്പനികളുടെ എണ്ണം

വിദേശ ബാങ്കുകൾ–12

ഇന്ത്യൻ ബാങ്കുകൾ– 16

ഇൻഷുറൻസ്–38

ബുള്ള്യൻ ട്രേഡ്– 16

ഫിൻടെക്– 55

പ്രഫഷനൽ സർവീസ് പ്രൊവൈഡേഴ്സ്– 75

എയർക്രാഫ്റ്റ് ലീസിങ് ആൻഡ് ഫിനാൻസിങ്–32

ഷിപ് ലീസിങ് ആൻഡ് ഫിനാൻസിങ്– 16

വിദേശ സർവകലാശാല– 2

വമ്പൻ നികുതി ഇളവുകൾ

സ്പെഷൽ ഇക്കണോമിക് സോൺ, ഡൊമസ്റ്റിക് താരിഫ് മേഖല എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണു ഗിഫ്റ്റ് സിറ്റിയുടെ പ്രവർത്തനം. സെസ് മേഖലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് 10 വർഷം വരെ ആദായ നികുതിയിൽ പൂർണ ഇളവും പണമിടപാടുകളിൽ പലവിധത്തിലുള്ള നികുതി ഇളവുകളും ഉൾപ്പെടുന്നു. ബിസിനസ് കേന്ദ്രങ്ങൾക്കു പുറമേ ഫ്ലാറ്റുകളും പാർക്കുകളും സ്കൂളുകളും, ആശുപത്രികളും റസിഡൻഷ്യൽ മേഖലകളും ഉൾപ്പെടുന്ന മേഖലയുടെ നിർമാണവും ഗിഫ്റ്റ് സിറ്റിയിൽ അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു വിദേശ സർവകലാശാലകളും ഇവിടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

കുടിവെള്ള, മലിനജല പൈപ്പുകൾ കടന്നുപോകുന്ന ഭൂഗർഭ ടണൽ.
കുടിവെള്ള, മലിനജല പൈപ്പുകൾ കടന്നുപോകുന്ന ഭൂഗർഭ ടണൽ.

17 കിലോമീറ്ററിലും അത്ഭുതം

ഭൂമിക്കു താഴെ 17 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പടുകൂറ്റൻ ടണൽ വഴിയാണ് ഇവിടെ കുടിവെള്ള, മാലിന്യ പൈപ്പുകളെല്ലാം കടന്നു പോകുന്നത്. പൈപ്പ് പൊട്ടലോ, ചോർച്ചയോ ഉണ്ടായാൽ ടണലിലൂടെ പ്രശ്നം പരിഹരിക്കും. നർമദ നദിയിൽ നിന്നുള്ള വെള്ളം നേരിട്ട് ഇവിടേക്ക് എത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളമായി ഗിഫ്റ്റ് സിറ്റിയിലെ ഓരോ കെട്ടിടത്തിലേക്കും പൈപ്പ് വഴി എത്തിക്കുകയാണു ചെയ്യുന്നത്. കൂടാതെ കേന്ദ്രീകൃത എയർകണ്ടീഷനിങ് സംവിധാനവുമുണ്ട്. ഇതുവഴി പ്രവർത്തന ചെലവ് 4% കുറയ്ക്കാൻ കഴിഞ്ഞെന്ന് അധികൃതർ.

ഇവിടെ മാലിന്യം കൈകാര്യം ചെയ്യാൻ ആളുകളില്ല. ഓഫിസുകളിലെ പ്രത്യേക മാലിന്യ പൈപ്പിൽ നിക്ഷേപിക്കുന്ന മാലിന്യം പൈപ്പ് വഴി ശേഖരിച്ച് മാലിന്യ നിർമാർജന പാന്റിലേക്ക് എത്തിക്കും. മലിനജലവും, പ്ലാസ്റ്റിക്, ഇതര മാലിന്യങ്ങളും പ്ലാന്റിലെത്തിക്കാൻ പ്രത്യേക പൈപ്പുകൾ. മലിനജലം ശുദ്ധീകരിച്ച് ചെടികൾ നനയ്ക്കാൻ ഉപയോഗിക്കുന്നു. മൊത്തം 800 ഏക്കർ ഗിഫ്റ്റ് സിറ്റിയിലെ പണി പൂർത്തിയാകുമ്പോൾ വേണ്ടിവരിക ഏകദേശം 62 കിലോമീറ്റർ ഭൂഗർഭ ടണൽ.

English Summary:

GIFT City, Gujarat's International Financial Services Centre, is transforming India's economy. A sustainable and technologically advanced hub attracting global investment and boasting impressive infrastructure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com