ADVERTISEMENT

കേന്ദ്ര ബജറ്റിൽ റിബേറ്റ് പരിധി ഉയർത്തിയും സ്ലാബുകൾ പരിഷ്കരിച്ചും കൂടുതൽ പേർക്ക് ആദായനികുതിയിൽ ആശ്വാസം സമ്മാനിച്ചതിന് പിന്നാലെ, കേന്ദ്രസർക്കാർ ജിഎസ്ടി സ്ലാബുകളും പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ 4 നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇത് മൂന്നായി കുറയ്ക്കാനാണ് പ്രധാന ആലോചന. സ്ലാബുകൾ 3 ആക്കുന്നതുവഴി നികുതിഭാരവും ആശയക്കുഴപ്പങ്ങളും കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ.

gst-6

ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി എന്ന ആശയവുമായി 2017 ജൂലൈ ഒന്നിനാണ് ഇന്ത്യയിൽ ചരക്കു-സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നത്. വന്ന അന്നുമുതൽ പക്ഷേ, ജിഎസ്ടിയിലുമുള്ളത് ഒറ്റനികുതിക്ക് പകരം പല നികുതികളാണ്. 5 മുതൽ 28% വരെ നീളുന്ന 4 സ്ലാബുകൾക്ക് പുറമേയും ജിഎസ്ടി ബാധകമായ ഉൽപന്നങ്ങളുണ്ട്. അതിലൊന്നാണ് സ്വർണം. 3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി.

നിലവിലുള്ള സ്ലാബുകളുടെ എണ്ണവും നികുതിനിരക്കുകളും കുറച്ച് ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ആശ്വാസം പകരണമെന്ന ആവശ്യവും ശക്തമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജിഎസ്ടി കൂടുതലാണെന്ന വിമർശനങ്ങളുമുണ്ട്. ജപ്പാനിൽ പരമാവധി ജിഎസ്ടി 10 ശതമാനമേയുള്ളൂ. സിംഗപ്പൂരിൽ 9% സ്ലാബ് മാത്രം. കാനഡയിൽ 5%. ശ്രീലങ്കയിൽ 18 ശതമാനവും.

മന്ത്രിതല സമിതിയുടെ ശുപാർശകൾ

ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിർദേശങ്ങൾ നൽകാൻ വിവിധ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ സമിതിക്ക് (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്) ജിഎസ്ടി കൗൺസിൽ 2021 സെപ്റ്റംബറിൽ രൂപംനൽകിയിരുന്നു. സമിതി ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

GST

ഇടക്കാലത്ത് 12%, 18% എന്നീ സ്ലാബുകൾ ലയിപ്പിച്ച് 15% എന്ന പുതിയ സ്ലാബ് രൂപീകരിക്കണമെന്ന ശുപാർശ ഉയർന്നിരുന്നു. മറ്റൊന്ന്, 12% സ്ലാബിലെ ഉൽപന്നങ്ങളിൽ ചിലതിനെ 5 ശതമാനത്തിലേക്കും മറ്റു ചിലവയെ 18 ശതമാനത്തിലേക്കും മാറ്റുകയും 12% സ്ലാബ് നിലനിർത്തുകയും വേണമെന്ന ശുപാർശയായിരുന്നു. 35% എന്ന പുതിയ സ്ലാബ് വേണമെന്ന നിർദേശവും ഉയർന്നെന്ന് റിപ്പോർ‍ട്ടുകളുണ്ടായിരുന്നു. ഇതൊന്നും പക്ഷേ, ജിഎസ്ടി കൗൺസിൽ പരിഗണിച്ചില്ല.


Representative Image. Photo Credit : Shylendrahoode / iStockPhoto.com
Representative Image. Photo Credit : Shylendrahoode / iStockPhoto.com

നിലവിൽ ഇന്ത്യയിൽ 18% സ്ലാബിലാണ് ഏറ്റവുമധികം ഉൽപന്ന/സേവനങ്ങൾ; 44 ശതമാനം. 5% സ്ലാബിൽ 21 ശതമാനം, 12% സ്ലാബിൽ 19%, 28% സ്ലാബിൽ 3% എന്നിങ്ങനെയുമാണ് ഉൽപന്ന/സേവനങ്ങളുള്ളത്. ജിഎസ്ടി വരുമാനത്തിന്റെ 70-75 ശതമാനവും ലഭിക്കുന്നത് 18% സ്ലാബിൽ നിന്നാണ്. 12% സ്ലാബിന്റെ സംഭാവന വെറും 5-6 ശതമാനം. 18% സ്ലാബ് നിറുത്തിലാക്കി 15% സ്ലാബ് രൂപീകരിക്കണമെന്ന നിർദേശത്തിന് പിന്തുണ കിട്ടാത്തതിന്റെ കാരണവുമിതാണ്. 28% എന്ന ഉയർന്ന സ്ലാബ് ഒഴിവാക്കി, കുറഞ്ഞ നികുതിനിരക്കുള്ള സ്ലാബ് വേണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

gst

വരുമാനനഷ്ടം ഉണ്ടാകാത്തവിധം സ്ലാബ് പരിഷ്കാരമാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്ത ജിഎസ്ടി കൗൺസിലിൽ ഇത് മുഖ്യ ചർച്ചയായേക്കും. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് ജിഎസ്ടി സ്ലാബ് പരിഷ്കരണം വേണമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി തുഹീൻ കാന്ത പണ്ഡേയും അഭിപ്രായപ്പെട്ടിരുന്നു.

എന്തിനാണ് സ്ലാബ് പരിഷ്കരണം?

സ്ലാബ് പരിഷ്കരണത്തിന്റെ മുഖ്യലക്ഷ്യം പക്ഷേ, ജനങ്ങൾക്ക് നികുതിഭാരത്തിൽ ആശ്വാസം നൽകുകയല്ല. മറിച്ച്, റവന്യൂ ന്യൂട്രൽ റേറ്റ് (RNR) ഉയർത്തുകയാണ്. 2017 ജൂലൈയിൽ ആർഎൻആർ 15.5 ശതമാനമായിരുന്നു. ഇപ്പോഴത് ഇടിഞ്ഞ് 11.6 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതി വരുമാനനഷ്ടം ഉണ്ടാകാതിരിക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമുള്ള ശരാശരി ജിഎസ്ടിയാണ് റവന്യൂ ന്യൂട്രൽ റേറ്റ്. ഇത് 15 ശതമാനമെങ്കിലും വേണമെന്നിരിക്കേയാണ് നിലവിൽ 12 ശതമാനത്തിനും താഴെയുള്ളത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

After income tax relief in Budget 2025, Modi govt plans GST slab revamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com