പലിശയിളവിന് ആർബിഐ, സർക്കാരും പ്രതീക്ഷയിൽ

Mail This Article
ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതനീക്കങ്ങൾ വിനയായില്ലെങ്കിൽ, ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയോഗം (എംപിസി) പലിശനിരക്ക് 0.25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തികലോകം.
വെള്ളിയാഴ്ച രാവിലെ 10നാണ് പലിശനിരക്ക് പ്രഖ്യാപനം. അനുകൂല തീരുമാനമുണ്ടായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും. പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണിത്.
കേന്ദ്ര ബജറ്റ് സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനം പകരാൻ നിലമൊരുക്കിയ സ്ഥിതിക്ക്, റിസർവ് ബാങ്ക് എംപിസിയും അതേ നിലപാട് സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധവും അതിന്റെ അനന്തരഫലങ്ങളും എംപിസിയുടെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നു മാത്രമാണ് അറിയാനുള്ളത്.
താരിഫ് യുദ്ധം യുഎസ് ഭാഗികമായെങ്കിലും മരവിപ്പിച്ച സ്ഥിതിക്ക്, എംപിസിക്ക് ഉടനടി വെല്ലുവിളികളുണ്ടാകില്ലെന്നു കരുതാം. ഉയർന്ന പലിശനിരക്ക് സാമ്പത്തികവളർച്ചയെ ബാധിക്കുന്നുവെന്നതായിരുന്നു കുറച്ചുകാലമായി കേന്ദ്രസർക്കാരിന്റെ പരിഭവം. മുൻ ഗവർണർ ശക്തികാന്ത ദാസ് തന്റെ അവസാന എംപിസി യോഗത്തിൽ പോലും പലിശകുറയ്ക്കാൻ തയാറായില്ല. വിലക്കയറ്റഭീഷണിയാണ് അദ്ദേഹം തുടർച്ചയായി ഉന്നയിച്ചിരുന്നത്.
എന്നാൽ വിലക്കയറ്റമുണ്ടാക്കാത്ത ബജറ്റ് ആണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നും, വളർച്ചാനിരക്ക് ഉയർത്തുന്നതിനായി ഇനി എംപിസിയാണ് പലിശയിന്മേൽ തീരുമാനമെടുക്കേണ്ടതെന്നുമാണ് ധനകാര്യസെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ഇന്നലെ പ്രതികരിച്ചത്. സർക്കാർ ഇക്കുറി പലിശനിരക്കിൽ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇതിൽ നിന്നു വ്യക്തം.
ആർബിഐയുടെ പണനയവും സർക്കാരിന്റെ സാമ്പത്തികനയവും വിപരീതദിശയിലല്ല, ഒരുപോലെയാണ് പോകേണ്ടതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും കൃത്യമായ സൂചനയാണ്. ഫെബ്രുവരിയിൽ പലിശനിരക്ക് കുറയ്ക്കൽ ആസന്നമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ സി.എസ്.സെട്ടി ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2023 ഫെബ്രുവരിക്കു ശേഷം അടിസ്ഥാന പലിശനിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. പലിശനിരക്ക് ഇതിനു മുൻപ് കുറച്ചത് 2020ൽ കോവിഡ് കാലത്താണ്. കോവിഡിനു ശേഷം പണപ്പെരുപ്പം കൂടിയതോടെയാണ് ഘട്ടം ഘട്ടമായി പലിശ ഉയർത്തിയത്.
പലിശ കുറയ്ക്കാനുള്ള അനുകൂല ഘടകങ്ങൾ
∙ വിലക്കയറ്റഭീഷണിയിൽ ഗണ്യമായ അയവ്. ഒക്ടോബറിലേത് 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.2 ശതമാനമായിരുന്നത് ഡിസംബറിൽ 5.2 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവിലക്കയറ്റത്തിലും കാര്യമായ കുറവ്.
∙ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) വളർച്ച കാര്യമായി ഇടിഞ്ഞെങ്കിലും മൂന്നാം പാദത്തിൽ (ഒക്ടോബർ–ഡിസംബർ) നില മെച്ചപ്പെട്ടിട്ടുണ്ടാകാമെന്ന അനുമാനം.
∙ ഖാരിഫ് സീസണിലെ മെച്ചപ്പെട്ട വിളവും റാബി സീസണിൽ കർഷകർക്ക് അനുകൂലമായ സാഹചര്യവും വിലക്കയറ്റത്തിന് കാരണമാകില്ലെന്ന വിലയിരുത്തൽ.
∙ വ്യാവസായിക–സേവനമേഖലകളിലെ മെച്ചപ്പെട്ട വളർച്ച.