സംസ്ഥാന ബജറ്റ്: ക്ഷേമ പെൻഷൻ ഉയർത്തുമോ? വിവിധ ഫീസുകൾ കൂട്ടിയേക്കും, തുറുപ്പുചീട്ടാകാൻ വിഴിഞ്ഞം

Mail This Article
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും പടിവാതിലിൽ നിൽക്കേ, ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നൊരു ‘മാജിക്’ ബജറ്റ് പ്രതീക്ഷിക്കാമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നടപ്പുവർഷത്തേക്കായി (2024-25) കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയായിരുന്നു ധനമന്ത്രിയുടെ തുറുപ്പുചീട്ട്. ദക്ഷിണേന്ത്യയുടെ തന്നെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കുന്നതാകും വിഴിഞ്ഞം പദ്ധതിയെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി, വിഴിഞ്ഞത്തിന്റെ അനുബന്ധ വികസന പദ്ധതികൾക്ക് പുതിയ ബജറ്റിൽ വലിയ ഊന്നൽ നൽകിയേക്കും. നിലവിൽ ആയിരം കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇക്കുറി തുക ഉയർത്താം. വിഴിഞ്ഞത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കായി സ്വകാര്യനിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ടായേക്കും.

കഴിഞ്ഞ ബജറ്റിൽ ബാലഗോപാലിൽ നിന്നുണ്ടായ മറ്റൊരു പ്രധാനനീക്കം പതിറ്റാണ്ടുകളായി മാറ്റമില്ലാതിരുന്ന വിവിധ ഫീസുകളും പിഴകളും ഉയർത്തിയതായിരുന്നു. ഉദാഹരണത്തിന്, സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 5 പതിറ്റാണ്ടായി ഫീസ് യൂണിറ്റിന് 1.2 പൈസയായിരുന്നത് കഴിഞ്ഞ ബജറ്റിൽ 15 പൈസയാക്കി. രണ്ടു പതിറ്റാണ്ടായി പരിഷ്കരിച്ചിട്ടില്ലാത്ത കോടതി ഫീസുകളും കൂട്ടി. ഇതിന്റെ തുടർച്ച നാളെ ഉണ്ടായേക്കും.

വിദേശ നിർമിത ഇന്ത്യൻ മദ്യത്തിന്റെ ഗാലനേജ് ഫീസ് 30 രൂപവരെ ചുമത്താൻ അബ്കാരി നിയമം അനുവദിക്കുന്നുണ്ടെന്നു പറഞ്ഞ ധനമന്ത്രി, കഴിഞ്ഞ ബജറ്റിൽ 10 രൂപ ഈടാക്കാൻ തീരുമാനിച്ചിരുന്നു. നാളെയും വർധന പ്രതീക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലും മാറ്റത്തിന് സാധ്യതയുണ്ട്.
ക്ഷേമ പെൻഷനും ആംനെസ്റ്റി സ്കീമും
കഴിഞ്ഞ ബജറ്റിൽ ക്ഷേമ പെൻഷൻ തുക കൂട്ടിയിരുന്നില്ല. നിലവിൽ ഇത് 1,600 രൂപയാണ്. ഇത്തവണ 1,700-1,800 രൂപയായി ഉയർത്തിയേക്കും. വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഫണ്ട് വകയിരുത്തുമെന്ന് സൂചനകളുണ്ട്. വയനാട് പുനരധിവാസത്തിനും പദ്ധതി പ്രതീക്ഷിക്കാം. കഴിഞ്ഞ ബജറ്റിൽ നികുതി കുടിശികക്കാർക്ക് സ്ലാബ് തിരിച്ചു മികച്ച ആനുകൂല്യങ്ങളോടെ ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചിരുന്നു. ഇതു തുടരും. സ്വകാര്യ വ്യവസായ പാർക്ക്, സ്വകാര്യ നിക്ഷേപം ആകർഷിക്കൽ, നിർമിതബുദ്ധി (എഐ), സ്റ്റാർട്ടപ്പ് എന്നിവയ്ക്കും പരിഗണന പ്രതീക്ഷിക്കുന്നു.
3 വർഷം, ലക്ഷ്യം 3 ലക്ഷം കോടി
അടുത്ത മൂന്നുവർഷത്തിനകം 3 ലക്ഷം കോടി രൂപയുചെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞതവണ പറഞ്ഞിരുന്നു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനം, വിഴിഞ്ഞം അനുബന്ധ പദ്ധതികൾ, കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട വികസനപദ്ധതികൾ, കൊച്ചി, പാലക്കാട്, കണ്ണൂർ വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ, ഐടി/ഐടിഇഎസ് മേഖലയിലെ വികസനം തുടങ്ങിയ മേഖലകളിലൂന്നിയായിരുന്നു പ്രഖ്യാപനം.

സിയാൽ മോഡൽ കമ്പനികളുടെ രൂപീകരണം, ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്സ് (InvITs), റീറ്റ്സ് (റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്/REITs) തുടങ്ങിയ പുതുതലമുറ നിക്ഷേപമാതൃകൾ സ്വീകരിച്ച് നിക്ഷേപ സമാഹരണം എന്നിങ്ങനെയും പ്രഖ്യാപനങ്ങളുണ്ടായെങ്കിലും മുന്നോട്ടുപോയില്ല. ഇവയുടെ തുടർ പ്രഖ്യാപനങ്ങൾ ഇക്കുറി പ്രതീക്ഷിക്കാം. കൊച്ചി സ്മാർട് സിറ്റി പദ്ധതിയെ ഇൻഫോപാർക്കുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.
എവിടെ പ്ലാൻ ബി?
കടുത്ത സാമ്പത്തിക ഞെരുക്കത്തിനുള്ളിൽ നിന്നുകൊണ്ടാണ്, കഴിഞ്ഞ തവണയും ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമ പെൻഷൻ, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ തുടങ്ങി വിവിധയിനങ്ങളിലായി കൊടുത്തുതീർക്കാനുള്ളത് ഭീമമായ കുടിശിക. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം കൂടുന്നുണ്ടെന്നും നികുതിയിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകുന്നതിൽ കേന്ദ്രത്തിന്റെ അനീതിയാണ് പ്രശ്നങ്ങൾക്കു കാരണമെന്നും കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കവേ കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു.

2020-21ൽ 47,661 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 2023-24ൽ 78,000 കോടി രൂപയായി. അതായത്, 4 വർഷംകൊണ്ട് ഇരട്ടിയോളമായി വർധിച്ചു. അതേസമയം, കേന്ദ്ര നികുതിവിഹിതം കുറഞ്ഞത് തിരിച്ചടിയുമായി. 10-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേരളത്തിന് 3.87% വിഹിതം കിട്ടിയിരുന്നത് 14-ാം കമ്മിഷന്റെ സമയത്ത് 2.5 ശതമാനത്തിലേക്ക് കുറഞ്ഞു. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ 1.92%.
സംസ്ഥാനം 65 രൂപ നികുതി പിരിച്ചാൽ അതിൽ നിന്ന് കേന്ദ്രം 35 രൂപ തരണം. കേരളം 79 രൂപ പിരിച്ചിട്ടും കിട്ടിയത് 21 രൂപ മാത്രമാണെന്നും യുപിക്കും ബിഹാറിനും 46-80 രൂപ നൽകിയെന്നും കഴിഞ്ഞ ബജറ്റിനിടെ ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം വിഹിതം വെട്ടിനിരത്തിയതു വഴി നഷ്ടമായത് 57,400 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കേന്ദ്രം ഈ നിലപാട് തുടർന്നാൽ ധനവിഹിതം ഉറപ്പാക്കാൻ സംസ്ഥാനം ‘പ്ലാൻ ബി’ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്താണ് പ്ലാൻ ബി എന്നോ അതു നടപ്പാക്കിയെന്നോ ഇപ്പോഴും വ്യക്തമല്ല. അതേസമയം, കുടിശികകളുടെ ഒരുപങ്ക് തീർക്കാൻ പദ്ധതിവിഹിതം 50% വെട്ടിക്കുറച്ചിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business