ഭക്ഷ്യ സുരക്ഷയില്ലാത്ത കേരളം എങ്ങനെ ബയോ എഥനോൾ പദ്ധതി നടപ്പിലാക്കും?

Mail This Article
ഇന്നത്തെ ബജറ്റിൽ ബയോ എഥനോൾ ഗവേഷണത്തിനും ഉല്പാദനത്തിനുമായി 10 കോടി രൂപ വകയിരുത്തി. എന്നാൽ ബയോ എഥനോൾ ഉല്പാദനത്തിന് കാർഷിക വിളകളോ അവയുടെ ഉപോല്‍പ്പന്നങ്ങളോ കൂടുതലായി കൃഷി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനും കേരളത്തിന് കഴിയുമോ? അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾക്ക് പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാണ് ഇത് ബജറ്റിൽ പ്രഖ്യാപിക്കുന്നത് എന്നോർക്കണം. ബയോ എഥനോൾ പദ്ധതികൾ കേരള ബജറ്റിൽ മുൻപും സ്ഥാനം പിടിച്ചിട്ടുണ്ട്.
"തിരുവനന്തപുരത്തെ കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പൈലറ്റ് പദ്ധതിയായി രണ്ട് കോടി രൂപ അനുവദിക്കുന്നുണ്ടെ"ന്ന് 2022 ലെ കേരള ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതാണ്. പിന്നീട് ഇത് എത്രമാത്രം മുന്നോട്ടു പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഭൂമി അധികം ഇല്ലാത്ത കേരളം എങ്ങനെ കൃഷി ചെയ്യും?
അധികം ഭൂമി ഇല്ലാത്ത ഒരു സാഹചര്യവും, നിലവിലുള്ള ഭൂമിയിൽ തന്നെ കൃഷി ചെയ്യാതിരിക്കുകയും ചെയ്യുന്ന കേരളം എങ്ങനെ ബയോ എഥനോൾ ഉൽപാദനം നടത്തും?കരിമ്പും, ചണ്ടിയുമാണ് ബയോ എഥനോൾ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കരിമ്പ് ഉൽപാദനത്തിൽ വളരെ കുറഞ്ഞ രീതിയിൽ മാത്രമേ കേരളത്തിൽ ഉള്ളൂ.
ദേശീയ കരിമ്പ് ഉൽപാദനത്തിൽ കേരളത്തിന്റെ സംഭാവന വളരെ കുറവാണ്. നിലവിൽ ഇത് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കരിമ്പ് കൃഷി വൻതോതിൽ വെള്ളം വലിച്ചെടുക്കുന്ന ഒരു കൃഷി ആയതിനാൽ തന്നെ കേരളത്തിന് ഇത് അധികം വ്യാപകമായി കൃഷി ചെയ്യാനും സാധിക്കില്ല. കുടി വെള്ളത്തിന് പല മാസങ്ങളിലും ബുദ്ധിമുട്ടുന്ന കേരളത്തിന് കരിമ്പ് കൃഷിക്കായി വെള്ളം മാറ്റി വയ്ക്കാനാകുമോ? മറ്റു ബയോ എഥനോൾ ഉല്പാദനത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളും കേരളത്തിൽ ലാഭകരമായി ചെയ്യാൻ നിലവിൽ സാഹചര്യങ്ങളില്ല. കാർഷിക വിളകളുടെ വെയ്സ്റ്റിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യയും കേരളത്തിനില്ല.
സംസ്കരണ മില്ലുകളുടെ അഭാവം, സർക്കാർ പിന്തുണയുടെ അപര്യാപ്തത, അനുയോജ്യമായ ഭൂമിയുടെ പരിമിതി തുടങ്ങിയ ഘടകങ്ങൾ കേരളത്തിലെ കരിമ്പ് ഉൽപാദനം കുറയുന്നതിന് കാരണമാകുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. അപ്പോൾ പിന്നെ എങ്ങനെ കേരളം ബയോ എഥനോൾ പദ്ധതി നടപ്പിലാക്കും? ചുരുക്കി പറഞ്ഞാൽ ഇത് ബജറ്റിൽ ആലങ്കാരികമായി പറയുന്ന പദ്ധതി മാത്രമായി ഒതുങ്ങാനാണ് സാധ്യത.