ADVERTISEMENT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ അനുമാനം വീണ്ടും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യ 6.7% വളരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ നിർണയ സമിതിയുടെ (എംപിസി) അനുമാനം. 

ഇന്ത്യ നടപ്പുവർഷം 6.6 ശതമാനമേ വളരാനിടയുള്ളൂ എന്ന് കഴിഞ്ഞ എംപിസി നയപ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പട്ടിരുന്നു. നേരത്തേ വിലയിരുത്തിയ 7.2 ശതമാനത്തിൽ നിന്നാണ് നടപ്പുവർഷത്തെ വളർച്ചാപ്രതീക്ഷ വെട്ടിത്താഴ്ത്തിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ആദ്യഘട്ട റിപ്പോർട്ടിൽ ഈ വർഷം 6.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയായിരിക്കും ഇത്.

കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തലേന്ന് കേന്ദ്ര സർക്കാർ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേയുടെ അനുമാനം 2025-26ൽ 6.3 മുതൽ 6.8 ശതമാനം വരെ വളർച്ചയാണ്. അതായത്, ഇന്ത്യ ഈ വർഷവും അടുത്തവർഷവും 7 ശതമാനത്തിന് മുകളിൽ വളരില്ലെന്ന് കേന്ദ്രം തന്നെ കരുതുന്നു. ഇതിനെ പിന്തുണയ്ക്കുന്ന അഭിപ്രായമാണ് ഇന്ന് റിസർവ് ബാങ്കും സ്വീകരിച്ചത്.

അടുത്തവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യ 6.9% വളരുമെന്ന് ഡിസംബറിലെ എംപിസി യോഗശേഷം റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. ഇന്നത്തെ ധനനയ പ്രഖ്യാപനത്തിൽ ഇത് 6.7 ശതമാനമായി കുറച്ചു. രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ വളർച്ചാ അനുമാനം 7.4ൽ നിന്ന് 7 ശതമാനത്തിലേക്കും താഴ്ത്തി. അടുത്ത ഒക്ടോബർ-ഡിസംബറിലും ജനുവരി-മാർച്ചിലും 6.5% വീതം വളർച്ചയും റിസർവ് ബാങ്ക് വിലയിരുത്തുന്നു.

ആഗോള സമ്പദ്‍രഗത്തെ അനിശ്ചിതാവസ്ഥകൾ കനത്ത വെല്ലുവിളിയാണെങ്കിലും ഉപഭോക്തൃവിപണിയുടെ കരകയറ്റം, മികച്ച റാബി സീസൺ, മെച്ചപ്പെട്ട മൺസൂൺ, സർക്കാരിന്റെ ഉയർന്ന മൂലധനച്ചെലവ്, സേവന, കാർഷിക മേഖലകളുടെ മികച്ച പ്രകടനം എന്നിവ ഭേദപ്പെട്ട ജിഡിപി വളർച്ചനേടാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

പണപ്പെരുപ്പത്തിൽ ആശ്വാസം, ഇനിയും താഴും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. ഇതു 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഡിസംബറിൽ 5.22 ശതമാനമായിരുന്നത് ജനുവരിയിൽ 4.5 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പണപ്പെരുപ്പം കുറയുന്നതു കൂടി പരിഗണിച്ചാണ് ഇന്ന് പലിശഭാരം കാൽ ശതമാനം കുറച്ചത്.

നടപ്പുവർഷം (2024-25) പണപ്പെരുപ്പം ശരാശരി 4.8 ശതമാനമായിരിക്കുമെന്ന മുൻയോഗത്തിലെ വിലയിരുത്തൽ ഇന്നും എംപിസി നിലനിർത്തി. 4.5 ശതമാനമാണ് ഈ ജനുവരി-മാർച്ചിൽ പ്രതീക്ഷിക്കുന്നത്. അടുത്ത ഏപ്രിൽ-ജൂണിലെ അനുമാനം 4.6ൽ നിന്ന് 4.5 ശതമാനത്തിലേക്ക് ഇന്നു കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 4 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇതു 3.8 ശതമാനത്തിലേക്ക് താഴും. അടുത്ത ജനുവരി-മാർച്ചിൽ 4.2 ശതമാനവും പ്രതീക്ഷിക്കുന്നു.

അതായത്, 2025ൽ പൊതുവേ പണപ്പെരുപ്പം ആശ്വാസതലത്തിലായിരിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. മികച്ച റാബി സീസണും മെച്ചപ്പെട്ട മൺസൂണുമാണ് കരുത്താവുക. ഫലത്തിൽ, 2025ൽ റിസർവ് ബാങ്ക് ഇനിയും റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയേറെ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

RBI Cuts India's GDP Growth Forecast to 6.7% for 2025-26

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com