കേരളത്തിന് എല്ലാ മേഖലകളിലും വളർച്ചയെന്ന് റിപ്പോർട്ട്; നിർണായകമായി വ്യവസായ നേട്ടം

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023 – 24 കാലയളവിൽ സമ്പദ്‌വ്യവസ്ഥ 6.5 % വളർച്ച രേഖപ്പെടുത്തി. മുൻ വർഷം ഇത് 4.2 ശതമാനമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണെന്നും സംസ്ഥാനത്തിന്റെ നയസമീപനങ്ങളാണ് ഇതിനു വഴിവച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യവസായ മേഖലയിൽ സംസ്ഥാനം നേടിയ സമീപകാല നേട്ടങ്ങളും വളർച്ചയിൽ നിർണായകമായി.
അതേസമയം, 2023 – 24ൽ സംസ്ഥാനത്തിന്റെ റവന്യു വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 6.2 % കുറഞ്ഞു. നികുതി വിഹിതമടക്കം നൽകുന്നതിൽ കേരളത്തോടു കേന്ദ്രം കാട്ടുന്ന വിവേചനമാണ് ഇതിനു കാരണമെന്നു റിപ്പോർട്ടിൽ പറയുന്നു.

ടൂറിസം, വിവരസാങ്കേതികം ഉൾപ്പെടെയുള്ള സേവന മേഖലയിൽ നിന്നുള്ള വിഹിതമാണ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന ഘടകം. മൊത്തം സംസ്ഥാന സംയോജിത മൂല്യത്തിൽ (ജിഎസ്‌വിഎ) എറണാകുളമാണ് ഏറ്റവും വരുമാനമുള്ള ജില്ല. തൃശൂരും തിരുവനന്തപുരവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. മുൻവർഷത്തെ അപേക്ഷിച്ച് ഏറ്റവും വളർച്ച കൈവരിച്ച ജില്ല മലപ്പുറമാണ്.
പ്രതിശീർഷ വരുമാനത്തിലും മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിലും (ജിഎസ്ഡിപി) രാജ്യത്തെ ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളമുണ്ട്. ദേശീയ ശരാശരിയെക്കാൾ 1.4 മടങ്ങ് അധികമാണ് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം. പ്രതിശീർഷ വരുമാനത്തിലും എറണാകുളമാണു മുന്നിൽ. പട്ടികയിൽ താഴെയുള്ളത് മലപ്പുറവും വയനാടും. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ധനക്കമ്മി ജിഎസ്ഡിപിയുടെ 2.9 ശതമാനമാണ്. മുൻവർഷം ഇത് 2.5 ശതമാനമായിരുന്നു.
പയറുവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 5.88 % വർധിച്ചു. ഭക്ഷ്യേതര വിളകളുടെ വിഭാഗത്തിൽ വാണിജ്യവിളകൾ, എണ്ണക്കുരു എന്നിവയുടെ വിലയും വർധിച്ചു. 2023 – 24ൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് കോഴിക്കോടാണ്. ഏറ്റവും കുറവ് പുനലൂരിൽ. കേരളത്തിലെ ജനസംഖ്യ 2036 ൽ 3.69 കോടിയായി ഉയരുമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രവചിക്കുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business