ADVERTISEMENT

രാജ്യത്ത് വിലക്കയറ്റത്തിൽ നമ്പർ വണ്ണാണ് കേരളമെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞമാസത്തെ ചില്ലറ വിലക്കയറ്റത്തോതിന്റെ (റീട്ടെയ്ൽ‌ പണപ്പെരുപ്പം/Retail Inflation/CPI Inflation) കണക്കുപ്രകാരം 6.76 ശതമാനം വാർഷിക വർധനയുമായാണ് കേരളം ഏറ്റവും മുന്നിലെത്തിയത്. ദേശീയതലത്തിൽ പണപ്പെരുപ്പം 5-മാസത്തെ താഴ്ചയിലേക്ക് കുറഞ്ഞപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിലെ കയറ്റം.

kerala-inflation-jan-25
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ നിന്ന്

ഒഡീഷ (6.05%), ഛത്തീസ്ഗഢ് (5.85%), ഹരിയാന (5.1%), ബിഹാർ (5.06%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ വിലക്കയറ്റത്തോതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ 6.47 ശതമാനമായിരുന്ന കേരളത്തിലെ പണപ്പെരുപ്പം, നവംബറിൽ 6.32 ശതമാനമായി കുറഞ്ഞിരുന്നു. ഡിസംബറിൽ 6.36 ശതമാനത്തിലെത്തി. ഗ്രാമീണമേഖലകളിൽ വിലക്കയറ്റം രൂക്ഷമായതാണ് കേരളത്തിന് ജനുവരിയിൽ തിരിച്ചടിയായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബറിൽ  6.92 ശതമാനമായിരുന്ന ഗ്രാമീണ വിലപ്പെരുപ്പം ജനുവരിയിൽ 7.31 ശതമാനമായി. നഗരമേഖലകളിലേത് 5.29ൽ നിന്നുയർന്ന് 5.81 ശതമാനത്തിലുമെത്തി. 

national-jan-inflation-1
ദേശീയതലത്തിലെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം, നഗര-ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം എന്നിവയുടെ കണക്ക് (ചിത്രം - സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)

ദക്ഷിണേന്ത്യയിൽ പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ് (2.22%). ദേശീയതലത്തിൽ ഡൽഹിയിലാണ് വിലക്കയറ്റത്തോത് ഏറ്റവും കുറവ് (2.02%). തെലങ്കാന രണ്ടാമതാണ്. തമിഴ്നാട്ടിൽ 4.94%, കർണാടകയിൽ 5.03%, ആന്ധ്രയിൽ 4.02% എന്നിങ്ങനെയുമാണ് പണപ്പെരുപ്പം.

ദേശീയതലത്തിൽ ആശ്വാസം

റീട്ടെയ്ൽ പണപ്പെരുപ്പം ദേശീയതലത്തിൽ 5-മാസത്തെ താഴ്ചയായ 4.31 ശതമാനത്തിലേക്ക് കഴിഞ്ഞമാസം കുറഞ്ഞു. ഒക്ടോബറിൽ ഇത് 14-മാസത്തെ ഉയരമായ 6.21 ശതമാനമായിരുന്നു. നവംബറിൽ 5.48 ശതമാനം. ഡിസംബറിൽ 5.22 ശതമാനവും. ഗ്രാമീണമേഖലയിലെ പണപ്പെരുപ്പം ഡിസംബറിലെ 5.76 ശതമാനത്തിൽ നിന്ന് 4.64 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.58 ശതമാനത്തിൽ നിന്ന് 3.87 ശതമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞത് നേട്ടമായി.

national-inglation-trend-1
ദേശീയതലത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പ ട്രെൻഡ് (ചിത്രം - സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)

ഭക്ഷ്യോൽപന്നങ്ങളുടെ വിലപ്പെരുപ്പം (Food Inflation) ഒക്ടോബറിൽ 15-മാസത്തെ ഉയരമായ 10.9 ശതമാനമായിരുന്നു. നവംബറിൽ 9.04 ശതമാനവും ഡിസംബറിൽ 8.39 ശതമാനവുമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം ജനുവരിയിൽ 6.02 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നതും വൻ ആശ്വാസമായി. വെളിച്ചെണ്ണ (54.20%), ഉരുളക്കിഴങ്ങ് (49.61%), തേങ്ങ (38.71%), വെളുത്തുള്ളി (30.65%) എന്നിവയ്ക്കാണ് കഴിഞ്ഞമാസം ദേശീയതലത്തിൽ വില ഏറ്റവുമധികം വർധിച്ചത്. അതേസമയം ജീരകം (-32.25%), ഇഞ്ചി (-30.92%), വറ്റൽമുളക് (-11.27%), വഴുതന (-9.94%), എൽപിജി (-9.29%) എന്നിവ വിലക്കുറവിൽ മുന്നിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു.

ഉറ്റുനോട്ടം റിസർവ് ബാങ്കിലേക്ക്; കുറയുമോ ഇനിയും പലിശ?

പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയിലും ഉപഭോക്തൃവിപണിക്കും ജിഡിപിക്കും കരുത്തേകാനായും ഇക്കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) 0.25% കുറച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശഭാരം കുറയാനും ഇതോടെ വഴിയൊരുങ്ങി.

പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ‌, ഇതു 2 ശതമാനം വരെ താഴുകയോ 6 ശതമാനം വരെ ഉയരുകയോ ചെയ്താലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ‘സഹനപരിധി’യായ 4 ശതമാനത്തിന് അടുത്തേക്ക് താഴ്ന്നതിനാലും വരുംമാസങ്ങളിലും കുറയുമെന്ന വിലയിരുത്തൽ ഉള്ളതിനാലും ഏപ്രിലിൽ ചേരുന്ന യോഗത്തിലും റിസർവ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യതയേറി.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Retail inflation dips to 5-month low in Jan, Kerala becomes the highest-inflation state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com