യുഎസിന്റെ വമ്പൻ സ്വർണനിലവറ തുറക്കാൻ ട്രംപും മസ്കും; 51 വർഷത്തിനിടെ ആദ്യം, ഫോർട് നോക്സിലെ സ്വർണം കാണാതായോ?

Mail This Article
അര നൂറ്റാണ്ടായി കൃത്യമായി കണക്കെടുപ്പ് നടക്കാതെ ഒരു ‘ഔദ്യോഗിക സ്വർണശേഖരം’. അനൗദ്യോഗികമായി വിലയിരുത്തുന്നതാകട്ടെ ഏകദേശം 425 ബില്യൻ ഡോളറിന്റെ (37.5 ലക്ഷം കോടി രൂപ) സ്വർണമുണ്ടെന്നും. എന്നാൽ, ആ നിലവറയിൽ സ്വർണം ഇപ്പോഴുമുണ്ടോ? അതോ കാണാതായോ?
യുഎസിലെ കെന്റകി കൗണ്ടിയിലെ ഫോർട് നോക്സിലുള്ള (Fort Knox) ഈ നിലവറ തുറന്നു കണക്കെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Danald Trump) പ്രഖ്യാപിച്ചു കഴിഞ്ഞു. ശതകോടീശ്വരനും യുഎസ് ഗവൺമെന്റിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) നേതൃത്വത്തിലായിരിക്കും കണക്കെടുപ്പ്. ഇതു പൊതുജനങ്ങളുടെ സ്വർണമാണെന്നും നിലവറ തുറക്കുന്നതിന്റെ ദൃശ്യങ്ങൾ ലൈവായി എല്ലാവരെയും കാണിച്ചാൽ നന്നായിരിക്കുമെന്നും മസ്ക് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഫോർട് നോക്സിന് പഴുതടച്ച, കനത്ത സുരക്ഷാവലയമാണുള്ളത്. ഒരുലക്ഷത്തിലധികം ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇവിടെ ടൺ കണക്കിന് സ്റ്റീലും ഗ്രാനൈറ്റും മറ്റും ഉപയോഗിച്ചാണ് സുരക്ഷിതമാക്കിയിരിക്കുന്നതും. 1936ലാണ് ഫോർട് നോക്സിൽ യുഎസിന്റെ ആർമി ക്യാമ്പ് സജ്ജമാക്കിയതും ഒപ്പം സ്വർണശേഖരം സൂക്ഷിക്കാനുള്ള നിലവറ നിർമിച്ചതും.1937ൽ ആദ്യ സ്വർണശേഖരം എത്തിച്ചു. യുഎസ് ആർമിയുടെ പരിശീലനവും വിവിധ ക്യാമ്പുകളും 80 വർഷമായി ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.
ഫോർട് നോക്സിലെ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അവിടത്തെ സ്വർണശേഖരത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നതും. നേരത്തെയും ഫോർട് നോക്സിലെ സ്വർണശേഖരത്തെ കുറിച്ച് പലരും ചോദ്യമുന്നയിച്ചിരുന്നു. സമ്മർദങ്ങളെ തുടർന്ന്, 1974ൽ യുഎസ് മിന്റിന്റെ നേതൃത്വത്തിൽ യുഎസ് കോൺഗ്രസ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ നിലവിറ തുറന്നുകൊടുത്തു.
യുഎസ് ഗവൺമെന്റിന്റെ സ്വർണശേഖരം നിയന്ത്രിക്കുന്ന വകുപ്പാണ് യുഎസ് മിന്റ്. അതിനുശേഷം ഇതുവരെ നിലവറ കണക്കെടുപ്പിനായി തുറന്നിട്ടില്ല. യുഎസ് പ്രസിഡന്റിനും അനുമതിയുള്ള ഏതാനും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമേ നിയമപ്രകാരം ഫോർട് നോക്സിൽ പ്രവേശിക്കാനാകൂ.
എന്തിനാണ് ഇപ്പോൾ ഫോർട് നോക്സ് തുറക്കുന്നത്?
4,500 ടണ്ണോളം വരുന്ന സ്വർണശേഖരം ഫോർട് നോക്സിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2024ലെ റിപ്പോർട്ട് പ്രകാരം 8,100 ടൺ സ്വർണശേഖരവുമായി (gold reserves) യുഎസ് ലോകത്ത് ഒന്നാമതാണ്. മറ്റു രാജ്യങ്ങളേക്കാൾ ഇക്കാര്യത്തിൽ ഏറെ മുന്നിലും.
സ്വർണം അവിടത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കാൻ മാത്രമാണോ ട്രംപും മസ്കും ഫോർട് നോക്സ് തുറക്കാൻ ശ്രമിക്കുന്നത്?

അല്ലേയല്ല; ഫോർട് നോക്സിലെ സ്വർണത്തിന് ഔൺസിന് 50 വർഷം മുമ്പത്തെ വിലയായ 42.22 ഡോളറാണ് യുഎസ് ഇപ്പോഴും ഔദ്യോഗികമായി വിലയിരുത്തുന്നത്. രാജ്യാന്തര സ്വർണവിലയുള്ളതാകട്ടെ ഔൺസിന് 2,950 ഡോളർ നിലവാരത്തിലും. ഫോർട് നോക്സ് തുറന്നു കണക്കെടുത്തശേഷം സ്വർണത്തിന്റെ മൂല്യം ഈ വിലപ്രകാരം തിട്ടപ്പെടുത്തുകയെന്ന ലക്ഷ്യവും ട്രംപ് ഭരണകൂടത്തിനുണ്ട്. അതു നടന്നാൽ, യുഎസിന്റെ സ്വർണശേഖര മൊത്തമൂല്യം ഏകദേശം 750 ബില്യൻ ഡോളറാകും. സുമാർ 65 ലക്ഷം കോടി രൂപ.
സ്വർണവിലയെ എങ്ങനെ ബാധിക്കും?
യുഎസിന്റെ മൊത്തം വിദേശനാണയ ശേഖരത്തിൽ ഏതാണ്ട് 78 ശതമാനവും സ്വർണമാണെന്നാണ് കണക്ക്. യുഎസിന്റെ സാമ്പത്തികഭദ്രതയും സമ്പദ്‍രംഗത്ത് മറ്റുരാജ്യങ്ങൾക്കുമേൽ മേൽക്കൈയും ഉറപ്പാക്കാൻ ഈ സ്വർണശേഖരത്തിന് വലിയ പങ്കുമുണ്ട്. ഫോർട് നോക്സിൽ യുഎസ് ഗവൺമെന്റ് കരുതുന്നത്ര സ്വർണമില്ലെങ്കിൽ, അത് രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ വൻ കോളിളക്കമുണ്ടാക്കും. സ്വർണവില ആഗോളതലത്തിൽ കൂടാനും ഇതിടവരുത്തും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business