100 കോടി ഇന്ത്യക്കാരും സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്; സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു

Mail This Article
ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ 90% പേർക്കും വാങ്ങൽശേഷി (പർച്ചേസിങ് പവർ) ദുർബലമെന്ന് റിപ്പോർട്ട്. 100 കോടി ഇന്ത്യക്കാരും നേരിടുന്നത് കനത്ത സാമ്പത്തികഞെരുക്കമാണെന്നും കുടുംബത്തിന്റെ അനിവാര്യ ചെലവുകൾ നികുതി ഉൾപ്പെടെ ബാധ്യതകൾ എന്നിവ കിഴിച്ചശേഷം ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങാനുള്ള ശേഷി ഇവർക്കില്ലെന്നും വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്ചേഴ്സ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കി.

ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെ മുന്നോട്ട് നയിക്കുന്നത്. മെക്‌സിക്കോയുടെ ജനസംഖ്യക്ക് തുല്യമാണ് ഇന്ത്യയുടെ ഈ ടോപ് 10%. 13.14 കോടിപ്പേർ വരുമിത്. ഇവരാണ് സമ്പദ്‌വ്യവസ്ഥയെയും വളർച്ചയുടെ ട്രാക്കിൽ പിടിച്ചുനിർത്തുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ വിപണി വളരുന്നില്ല. പകരം, സംഭവിക്കുന്നത് സമ്പന്നർ കൂടുതൽ സമ്പന്നരാവുകയാണെന്നും ഇൻഡസ് വാലി ആന്വൽ റിപ്പോർട്ട്-2025ൽ ബ്ലൂം വെഞ്ച്വഴ്സ് പറയുന്നു.

അതേസമയം, 30 കോടിയോളം ഇന്ത്യക്കാരെ റിപ്പോർട്ട് 'എമർജിങ്" വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ മെല്ലെ പണം ചെലവഴിച്ചു തുടങ്ങിയവരാണ്; എന്നാൽ ഇവരും ജാഗ്രതയോടെയാണ് പണം ചെലവിടുന്നത്. ഫിനാൻഷ്യൽ സേവിങ്സ് (സാമ്പാദ്യശീലം) മോശമായതും കടബാധ്യത കൂടിയതും നിരവധി കുടുംബങ്ങളെ അലട്ടുന്നു. അതുകൊണ്ട് പല ബ്രാൻഡുകളും വിപണിയെ വിശാലമായി സമീപിക്കുന്നതിനു പകരം ഒരുവിഭാഗം ഉപഭോക്താക്കളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചൈനയേക്കാൾ ബഹുദൂരം പിന്നിൽ
1990ൽ ദേശീയവരുമാനത്തിന്റെ 34 ശതമാനമാണ് ജനസംഖ്യയിലെ ടോപ് 10 വിഭാഗം കൈയാളിയിരുന്നതെങ്കിൽ 2025ൽ അത് 57.7 ശതമാനമായി. അതേസമയം, ഏറ്റവും താഴെയുള്ള 50% പേരുടെ ദേശീയവരുമാന വിഹിതം 22.2 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഇടിഞ്ഞു.

പ്രതിശീർഷ ഉപഭോഗത്തിൽ ഒന്നര ദശാബ്ദം മുമ്പത്തെ ചൈനയേക്കാളും പിന്നിലാണ് ഇപ്പോഴും ഇന്ത്യ. ഇന്ത്യയുടെ പ്രതിശീർഷ ഉപഭോഗം 1,493 ഡോളറാണ്. 2010ൽ തന്നെ ചൈനയ്ക്ക് 1,597 ഡോളറുണ്ടായിരുന്നു. അതേസമയം, ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയത് ഉപഭോക്തൃവിപണിക്ക് വൻ നേട്ടമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business