കുടുംബാംഗങ്ങളെ പരിചരിക്കാൻ സ്ത്രീയും പുരുഷനും ദിവസവും എത്ര മിനിറ്റ് മാറ്റിവയ്ക്കും? കണക്കുമായി കേന്ദ്രം

Mail This Article
ന്യൂഡൽഹി∙ 5 വർഷത്തിനിടയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തം വർധിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുകൾ. 2019ൽ 15–59 വയസ്സുകാരായ പുരുഷന്മാരിൽ 70.9 ശതമാനമാണ് തൊഴിലെടുത്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 75 ശതമാനമായി ഉയർന്നു. ഒപ്പം സ്ത്രീകളുടേത് 21.8 ശതമാനമായിരുന്നത് 25 ശതമാനമായും ഉയർന്നു.

കേന്ദ്രം പ്രസിദ്ധീകരിച്ച ‘ഓൾ ഇന്ത്യ ടൈം യൂസ് സർവേ’യിലാണ് വിവരങ്ങളുള്ളത്. വേതനമുള്ളതും വേതനമില്ലാത്തതുമായ ജോലികൾക്കായി വ്യക്തികൾ നീക്കിവയ്ക്കുന്ന സമയം കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം. 1.39 ലക്ഷം കുടുംബങ്ങളെയാണ് രാജ്യത്ത് ഇതിനായി സർവേ ചെയ്തത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
പ്രധാന കണ്ടെത്തലുകൾ
വേതനമുള്ള ജോലിയിലേക്ക് സ്ത്രീകൾ കൂടുതലായി നീങ്ങുന്നു. വേതനമില്ലാത്ത വീട്ടുജോലി ചെയ്യുന്ന സമയം 2019ൽ ഒരു ദിവസം ശരാശരി 315 മിനിറ്റ് ആയിരുന്നത് 2024ൽ 305 മിനിറ്റ് ആയി കുറഞ്ഞു.

15–59 പ്രായക്കാരായ സ്ത്രീകളിൽ 41 ശതമാനവും കുടുംബാംഗങ്ങളെ പരിചരിക്കുന്നു. ഇതേ പ്രായപരിധിയിൽ പുരുഷന്മാരുടെ പങ്കാളിത്തം 21.4% മാത്രമാണ്. സ്ത്രീകൾ ഇതിനായി 140 മിനിറ്റ് നീക്കിവയ്ക്കുമ്പോൾ പുരുഷന്മാർ നീക്കിവയ്ക്കുന്നത് 74 മിനിറ്റാണ്.

6–14 വയസ്സുകാരിൽ 89.3 ശതമാനവും പഠനസംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇവർ ശരാശരി 413 മിനിറ്റ് ഒരു ദിവസം ഇതിനായി മാറ്റിവയ്ക്കുന്നു.
6 വയസ്സിനു മുകളിലുള്ളവർ ഒരു ദിവസത്തെ ആകെ സമയത്തിന്റെ 11% വിനോദത്തിനും കായികപ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്നു. 2019ൽ ഇത് 9.9 ശതമാനമായിരുന്നു.

സമയം ചെലവഴിക്കുന്നതിങ്ങനെ
(6 വയസ്സിനു മുകളിലുള്ളവർ പ്രതിദിനം ചെലവഴിക്കുന്ന ശരാശരി സമയം)
വേതനമുള്ള തൊഴിൽ
പുരുഷൻ: 7.8 മണിക്കൂർ (473 മിനിറ്റ്)
സ്ത്രീ: 5.68 മണിക്കൂർ (341 മിനിറ്റ്)
വേതനമില്ലാത്ത വീട്ടുജോലി
പുരുഷൻ: 1.4 മണിക്കൂർ (88 മിനിറ്റ്)
സ്ത്രീ: 4.8 മണിക്കൂർ (289 മിനിറ്റ്)
കുടുംബാംഗങ്ങളുടെ പരിചരണം
പുരുഷൻ: 1.25 മണിക്കൂർ (75 മിനിറ്റ്)
സ്ത്രീ: 2.2 മണിക്കൂർ (137 മിനിറ്റ്)
വിനോദം, മാധ്യമ ഉപഭോഗം, സാംസ്കാരിക പ്രവർത്തനങ്ങൾ
പുരുഷൻ: 2.9 മണിക്കൂർ (177 മിനിറ്റ്)
സ്ത്രീ: 2.7 മണിക്കൂർ (164 മിനിറ്റ്)