റിസർവ് ബാങ്കിനു പിന്നാലെ സെബിക്കും ഐഎഎസ് തലവൻ; പിടിമുറുക്കി ധനമന്ത്രാലയം

Mail This Article
ന്യൂഡൽഹി ∙ മൂന്നു മാസത്തിനിടയിൽ ധനമന്ത്രാലയത്തിലെ 2 ഉന്നത ഉദ്യോഗസ്ഥരെയാണ് റഗുലേറ്ററി ഏജൻസികളായ റിസർവ് ബാങ്കിന്റെയും സെബിയുടെയും തലപ്പത്തേക്ക് കേന്ദ്രം നിയോഗിച്ചത്. ഇരുവരും റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഈ പദവികളിലേക്ക് എത്തിയത്.

ഡിസംബറിൽ സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറായെങ്കിൽ കഴിഞ്ഞ ദിവസം തുഹിൻ കാന്ത പാണ്ഡെ സെബി മേധാവിയുമായി. സെബിയുടെ തലപ്പത്ത് 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥനെത്തുന്നത്.
മാർക്കറ്റ് പ്രഫഷനലുകളെ സെബിയുടെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം സർക്കാർ ഏറക്കുറെ നിർത്തിയെന്നു സൂചിപ്പിക്കുന്നതാണ് പാണ്ഡെയുടെ നിയമനം. സ്ഥാനമൊഴിഞ്ഞ സെബി മേധാവി മാധബി പുരി ബുച്ചിന്റെ പശ്ചാത്തലം ബാങ്കിങ് ആയിരുന്നു.അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി വിവാദത്തിലായിരുന്നു. അവർക്കു പകരക്കാരനെ നിയമിക്കാൻ ജനുവരിയിൽ കേന്ദ്രം അപേക്ഷയും ക്ഷണിച്ചിരുന്നു.

എന്നാൽ, പുറത്തുനിന്നൊരാളെയല്ല നിയമിച്ചത്. ബുച്ച് വിവാദങ്ങൾ നേരിട്ടതു മൂലം അപേക്ഷകർ കുറഞ്ഞതാണോ, അതോ സർക്കാർ നയം മാറ്റിയതാണോ എന്നു വ്യക്തമല്ല.മാധബിക്കു മുൻപ് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് ത്യാഗിയായിരുന്നു സെബി മേധാവി. ആർബിഐയുടെ തലപ്പത്ത് സഞ്ജയ് മൽഹോത്രയുടെ മുൻഗാമിയായിരുന്ന ശക്തികാന്ത ദാസിന്റെയും പശ്ചാത്തലം സിവിൽ സർവീസ് തന്നെയായിരുന്നു.

ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റത്.ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപ്പനയിലൂടെ (ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് തുഹിൻ പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു. ഇതിനു പുറമേ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനും അദ്ദേഹം ചുക്കാൻ പിടിച്ചു.
ധനകാര്യമേഖലയിലെ മറ്റൊരു റഗുലേറ്ററി ഏജൻസിയായ ഐആർഡിഎഐയുടെ (ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി) മേധാവിയും ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business