ജിഎസ്ടി പിരിക്കുന്നതിൽ 8% വളർന്ന് കേരളം; നിരാശപ്പെടുത്തി ഗുജറാത്തും ആന്ധ്രയും

Mail This Article
ദേശീയതല ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞമാസം 9.1% വാർഷിക വളർച്ചയുമായി 1,83,646 കോടി രൂപയിലെത്തി. 2024 ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയേക്കാൾ 9.1% അധികമാണിത്. കഴിഞ്ഞമാസത്തെ വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,704 കോടി രൂപയുമാണ്.
സംയോജിത ജിഎസ്ടിയായി 90,870 കോടി രൂപയും സെസ് ഇനത്തിൽ 13,868 കോടി രൂപയും പിരിച്ചു. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യമാസമായ ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ റെക്കോർഡ്. നടപ്പുവർഷത്തെ ഇതുവരെയുള്ള എല്ലാ മാസങ്ങളിലും സമാഹരണം 1.7 ലക്ഷം കോടി രൂപ കടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞമാസത്തേത് ജനുവരിയിൽ ലഭിച്ച 1.95 ലക്ഷം കോടി രൂപയേക്കാൾ ഇടിഞ്ഞു.
രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാണ് ശരാശരി പ്രതിമാസ സമാഹരണം 1.7 ലക്ഷം കോടി രൂപയ്ക്കുമേൽ തുടരാൻ സഹായിക്കുന്നതെന്നാണ് കേന്ദ്ര വിലയിരുത്തൽ. നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിലെ ആകെ സമാഹരണം മുൻവർഷത്തെ സമാനകാലത്തെ 18.39 ലക്ഷം കോടി രൂപയിൽ നിന്ന് 9.4% വർധിച്ച് 20.12 ലക്ഷം കോടി രൂപയായിട്ടുണ്ട്.

മാനുഫാക്ചറിങ്ങിലും ഉപഭോഗത്തിലും മുന്നിലുള്ള വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവ 10-20% വളർച്ച ജിഎസ്ടി വരുമാനത്തിൽ നേടിയപ്പോൾ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, അസം, ബംഗാൾ എന്നിവയുടെ വളർച്ച 1-8% മാത്രമാണ്.
കേരളത്തിൽ 8% വളർച്ച
കേരളത്തിൽ നിന്ന് കഴിഞ്ഞമാസം 8% വളർച്ചയോടെ 2,894 കോടി രൂപ സമാഹരിച്ചുവെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ജനുവരിയിലും 8% വളർച്ചയോടെ കേരളത്തിൽ 2,989 കോടി രൂപ പിരിച്ചിരുന്നു. ഒക്ടോബറിൽ 20% മുന്നേറിയ കേരളത്തിന് നവംബറിൽ 10%, ഡിസംബറിൽ 5% എന്നിങ്ങനെയായിരുന്നു വളർച്ചനിരക്ക്.

കേരളത്തിന് നടപ്പുവർഷം (2024-25) ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 30,041 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 28,873 കോടി രൂപയേക്കാൾ 6% അധികം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business