അമേരിക്കയിൽ ക്രിപ്റ്റോ കറൻസി റിസർവ്! കാര്യങ്ങൾ മാറ്റി മറിക്കുമോ? ഉത്തരമല്ലാതെ ഒട്ടേറെ ചോദ്യങ്ങൾ

Mail This Article
അമേരിക്കയിൽ ക്രിപ്റ്റോ കറൻസികളുടെ റിസർവ് ശേഖരിക്കും എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ക്രിപ്റ്റോ വിപണികളിൽ പുതിയ ഉണർവ് ഉണ്ടാക്കി. ക്രിപ്‌റ്റോ സ്ട്രാറ്റജിക് റിസർവിൽ ക്രിപ്‌റ്റോകറൻസികളായ ബിറ്റ് കോയിൻ, എതെറിയം, എക്സ് ആർ പി , സോളാന, കാർഡാനോ എന്നിവ ഉൾപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പരാമർശിച്ചിരുന്നു. മാർച്ച് 2 ലെ ഈ പ്രഖ്യാപനത്തിനു ശേഷം ക്രിപ്‌റ്റോ കറൻസികൾ ഉയർച്ചയിലാണ് .
ക്രിപ്റ്റോകളെ മുഖ്യധാരയിലേക്ക് എത്തിച്ചു
ഇതുവരെ രാജ്യങ്ങൾ തള്ളണോ, കൊള്ളണോ എന്നറിയാതെ നിന്ന ക്രിപ്റ്റോ കറൻസികളുടെ തലവര മാറുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. സ്വർണമാണ് സാധാരണയായി രാജ്യങ്ങൾ റിസർവായി സൂക്ഷിക്കുന്നത്. ആ നിലയിലേക്കാണ് ക്രിപ്റ്റോ കറൻസികളെ ട്രംപ് ഉയർത്തിയിരിക്കുന്നത്. അമേരിക്ക ക്രിപ്റ്റോ കറൻസികൾ സ്ട്രാറ്റജിക് റിസർവ് ആയി കരുതുകയാണെങ്കിൽ മറ്റു രാജ്യങ്ങളും ഇതേ നയം തന്നെ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. ക്രിപ്‌റ്റോകറൻസികളെ ദേശീയ സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കാൻ കഴിവുള്ള നിയമാനുസൃത സാമ്പത്തിക ഉപകരണങ്ങളായി കാണുന്ന ഒരു അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. അതായത് 'ഡിജിറ്റൽ മണി' എന്നതിൽ ക്രിപ്റ്റോ കറൻസികൾക്കും ഇനി സ്ഥാനമുണ്ടാകും.

ക്രിപ്റ്റോ സമ്പദ് വ്യവസ്ഥ
ക്രിപ്റ്റോകളെ റിസർവ് ആയി സ്വീകരിക്കാൻ ട്രംപ് തീരുമാനമെടുത്തതിലൂടെ ആഗോള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളിൽ പോലും ഭാവിയിൽ വൻ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്. എൽ സാൽവഡോർ പോലുള്ള രാജ്യങ്ങൾ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി നാളുകളായി അംഗീകരിച്ചിട്ടുണ്ട്. ഡോളറിൽ നിന്നും വ്യാപാരം മാറ്റാനുള്ള ഒരു നീക്കമായാണ് പല രാജ്യങ്ങളും ബിറ്റ് കോയിനിനെയും, മറ്റ് ക്രിപ്റ്റോ കറൻസികളെയും അംഗീകരിച്ചത്.
അമേരിക്ക തന്നെ ക്രിപ്റ്റോ കറൻസികൾ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുകയാണെങ്കിൽ അത് ഡോളറിനെ പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരുണ്ട്. എന്നാൽ മാറുന്ന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അമേരിക്കക്ക് ക്രിപ്റ്റോ കറൻസികളെ അംഗീകരിച്ചേ മതിയാകൂ എന്ന് വാദിക്കുന്നവരുമുണ്ട്.
ക്രിപ്റ്റോ റിസർവ് പ്രഖ്യാപനത്തിന് ശേഷവും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ട്. ക്രിപ്റ്റോ കരുതൽ ധനം എങ്ങനെ കൈകാര്യം ചെയ്യും, ഈ ആസ്തികൾ എങ്ങനെ വിനിയോഗിക്കും, അധിക ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടുത്തുമോ എന്നുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.