ഇന്ത്യൻ ജിഡിപിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് കുടുംബ ബിസിനസ് സംരംഭങ്ങൾ

Mail This Article
കൊച്ചി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 70% സംഭാവന ചെയ്യുന്നത് കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളാണെന്ന് സിഐഐ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പ്രസ്താവിച്ചു. സിഐഐ സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്തം ബിസിനസുകളിൽ 80% കുടുംബങ്ങളുടെയാണ്. തൊഴിലുകളിൽ 60% അവ നൽകുന്നു. പക്ഷേ സാങ്കേതികവിദ്യയുടെ സ്വീകരണം, ആസൂത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരം ബിസിനസുകളുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാണെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർപഴ്‌സനും ചന്ദ്ര ടെക്‌സ്‌റ്റൈൽസ് എംഡിയുമായ ഡോ. ആർ. നന്ദിനി ചൂണ്ടിക്കാട്ടി.
നെതർലൻഡ്, പോളണ്ട്, ജർമനി, സ്വീഡൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 12 അംഗ രാജ്യാന്തര പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുത്തു. സിഐഐ ചെയർമാൻ വിനോദ് മഞ്ഞില, വൈസ് ചെയർപഴ്സൻ ശാലിനി വാരിയർ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്ധ്യ സത്വാഡി, എംഎസ്എ കുമാർ, ജോർജ് മുത്തൂറ്റ് ജോർജ്, പല്ലവി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business