വിലക്കയറ്റത്തോതിൽ കേരളം തന്നെ നമ്പർ വൺ എന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

Mail This Article
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോതിൽ (Retail Inflation) തുടർച്ചയായ രണ്ടാംമാസവും കേരളം തന്നെ നമ്പർ 1 എന്ന് കേന്ദ്രം. ദേശീയതലത്തിൽ പണപ്പെരുപ്പം 7-മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിൽ കുതിച്ചുകയറ്റം. ദേശീയതലത്തിലെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുത്തിന്റെ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിൽ. റിസർവ് ബാങ്കിന്റെ ദേശീയതല സഹനപരിധിയായ 6 ശതമാനത്തിനും ഏറെ മുകളിലുമാണ് ഫെബ്രുവരിയിൽ കേരളത്തിലെ പണപ്പെരുപ്പം.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (All India Consumer Price Index/CPI inflation) അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം (Retail inflation) ജനുവരിയിലെ 4.26 ശതമാനത്തിൽ നിന്ന് 3.61 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. 2024 ജൂലൈക്ക് (3.60%) ശേഷം കുറിക്കുന്ന ഏറ്റവും താഴ്ചയാണിത്.

ഗ്രാമങ്ങളിലെ പണപ്പെരുപ്പം (Rural Inflation) ജനുവരിയിലെ 4.59ൽ നിന്ന് 3.79 ശതമാനത്തിലേക്കും നഗരങ്ങളിലേത് (Urban Inflation) 3.87 ശതമാനത്തിൽ നിന്ന് 3.32 ശതമാനത്തിലേക്കും കുറഞ്ഞു. ഭക്ഷ്യോൽപന്നങ്ങളുടെ വിലപ്പെരുപ്പം (food inflation) ജനുവരിയിലെ 5.97 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറഞ്ഞതാണ് കഴിഞ്ഞമാസം വൻ നേട്ടമായത്. 2023 മേയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയുമാണിത്.
വെളിച്ചെണ്ണ (54.58%), നാളികേരം (41.61%), സ്വർണം (35.56%), വെള്ളി (30.89%), ഉള്ളി (30.42%) എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവുമധികം വില വർധന കുറിച്ചവ. ഇഞ്ചി (-35.81%), ജീരകം (-28.77%), തക്കാളി (-28.51%), കോളിഫ്ലവർ (-21.19%), വെളുത്തുള്ളി (-20.32%) എന്നിവയാണ് ഏറ്റവുമധികം വില കുറഞ്ഞവയും.
തുടർച്ചയായ രണ്ടാംമാസവും കേരളം ഒന്നാമത്
ജനുവരിയിൽ 6.76 ശതമാനവുമായി രാജ്യത്ത് വിലക്കയറ്റത്തോതിൽ ഒന്നാമതെത്തിയ കേരളം, ഫെബ്രുവരിയിൽ കുറിച്ചത് ആശങ്കപ്പെടുത്തുന്ന 7.31 ശതമാനം. ദേശീയതലത്തിൽ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കെ, ഇതിനുമുകളിലാണ് ഫെബ്രുവരിയിലും കേരളത്തിലെ നിരക്ക്.

ഛത്തീസ്ഗഢ് (4.89%) ആണ് രണ്ടാംസ്ഥാനത്ത്. അതേസമയം, ഛത്തീസ്ഗഢുമായി താരതമ്യം ചെയ്യുമ്പോഴും ബഹുദൂരം ഉയരത്തിലാണ് കേരളം. കർണാടക (4.49%), ബിഹാർ (4.47%), ജമ്മു കശ്മീർ (4.28%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളവ. പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ (1.54%) മറികടന്ന് തെലങ്കാന (1.31%) ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് (2.44%), ജാർഖണ്ഡ് (2.68%), ഗുജറാത്ത് (2.98%) എന്നിവയും പണപ്പെരുപ്പം ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളാണ്.
കേരളത്തെ വലച്ചത് ഗ്രാമീണ പണപ്പെരുപ്പം
ഗ്രാമങ്ങളിലെ പണപ്പെരുപ്പം കുത്തനെ കൂടുന്നതാണ് കേരളത്തിന് തിരിച്ചടി. ഡിസംബറിൽ 6.92 ശതമാനവും ജനുവരിയിൽ 7.31 ശതമാനവുമായിരുന്ന ഗ്രാമീണമേഖലയിലെ പണപ്പെരുപ്പം കഴിഞ്ഞമാസം കുതിച്ചുകയറിയത് 8.01 ശതമാനത്തിലേക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. തെലങ്കാനയിൽ 0.49 ശതമാനമേയുള്ളൂ. 5.94 ശതമാനമാണ് കേരളത്തിൽ നഗരമേഖലാ പണപ്പെരുപ്പം. ഡിസംബറിൽ 5.29 ശതമാനവും ജനുവരിയിൽ 5.81 ശതമാനവുമായിരുന്നു.
പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക്
റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് പ്രധാനമായും റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നിരിക്കേ, കഴിഞ്ഞമാസം 3.61 ശതമാനമായി കുറഞ്ഞത് പലിശ കുറയാനുള്ള സാധ്യത ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിലെ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് 0.25% വെട്ടിക്കുറച്ചിരുന്നു. അടുത്തമാസം ചേരുന്ന യോഗത്തിലും പലിശഭാരം കുറച്ചേക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business