മദ്യത്തിന് 150% നികുതി; ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക

Mail This Article
വാഷിങ്ടൻ ∙ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം തീരുമാനത്തെ ന്യായീകരിക്കുന്നതിനിടയിലാണ് ഇന്ത്യൻ നികുതികൾ കടുത്തതാണെന്ന പ്രസ് സെക്രട്ടറിയുടെ പരാമർശം. ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്ക് 100% തീരുവ ചുമത്തണമെന്നും ലീവിറ്റ് പറഞ്ഞു.

അമേരിക്കൻ ചീസിനും ബട്ടറിനും കാനഡ ചുമത്തുന്ന നികുതി 300 ശതമാനത്തോളം വരും. ന്യായവും സന്തുലിതവുമായ വ്യാപാരരീതികളാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നത്. ജപ്പാൻ, അമേരിക്കൻ അരിക്ക് 700% നികുതി ഏർപ്പെടുത്തുന്നുണ്ടെന്നും അന്യായമായ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി കാനഡ അമേരിക്കയെ പതിറ്റാണ്ടുകളായി കൊള്ളയടിക്കുകയായിരുന്നെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഇന്ത്യയും കാനഡയും ജപ്പാനും ഏർപ്പെടുത്തുന്ന ഇറക്കുമതിച്ചുങ്കം വ്യക്തമാക്കുന്ന ചാർട്ടും വാർത്താസമ്മേളനത്തിൽ ലിവീറ്റ് ഉയർത്തിക്കാട്ടി.

ഇതിനുപിന്നാലെയാണ് വൈറ്റ്ഹൗസിന്റെ പരാമർശം. ഇന്ത്യ കയറ്റുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങൾക്കും മാംസം ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾക്കും യുഎസ് ചുമത്തുന്ന ശരാശരി ചുങ്കം 5.3% മാത്രമാണ്. യുഎസിൽനിന്നുള്ള ഈ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 37.7 ശതമാനമാണ്. പകരത്തിനു പകരം അമേരിക്ക ഇതേ നിരക്കു ചുമത്തിയാൽ തീരുവയിലുണ്ടാകുന്ന വർധന 32.4 ശതമാനമായിരിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business