ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25 ഡോളറാണ്. ജനുവരിയിലെ ശരാശരി 80.20 ഡോളർ എന്ന നിരക്കിൽ നിന്ന് ക്രൂഡ് വില മാർച്ചിൽ ശരാശരി 72.45 ഡോളറായി താഴ്ന്നിട്ടുമുണ്ട്. 2022ൽ റഷ്യ– യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് 140 ഡോളറിനു മുകളിലെത്തിയ വില ഇപ്പോൾ 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും കഴിഞ്ഞ വർഷം അവസാന മൂന്നു മാസങ്ങളിലെ ക്രൂഡ് ഓയിൽ‍ വില ശരാശരി 75 ഡോളറിനു താഴെയായിട്ടും ഇന്ധന വില കുറച്ചു ജനത്തെ സഹായിക്കാനല്ല കേന്ദ്രത്തിനു താൽപര്യം.

കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ച 2022 മേയിൽ ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിലിന്റെ ശരാശരി വില പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് പ്രകാരം 109.51 ഡോളർ. എന്നാൽ ആ വർഷം ഡിസംബറിൽ തന്നെ ക്രൂഡ് വില 83 ഡോളറിലേക്ക് താഴുകയും ചെയ്തു. പിന്നീടു വിപണിയിൽ ക്രൂഡ് വിലയിൽ ഇടിവുണ്ടായപ്പോഴും അതിന്റെ ഗുണം ജനങ്ങളിലേക്കു നൽകാൻ കേന്ദ്രം തയാറായില്ല. എണ്ണകമ്പനികൾക്കുള്ള നഷ്ടം നികത്തണമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, എണ്ണകമ്പനികൾ ലാഭത്തിലായിട്ടും വില കുറച്ചില്ല.  കോവിഡിനെത്തുടർന്ന് ബ്രെന്റ് ക്രൂഡിന്റെ വില 20 ഡോളറിലേക്കു താഴ്ന്നപ്പോഴും ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കാതെ നികുതി കൂട്ടുകയാണ് സർക്കാർ ചെയ്തത്.

petrol-price

ഇന്ധനവില: ഇന്ത്യ മുൻനിരയിൽ

ലോകത്ത് ഇന്ധന വില ഏറ്റവും കൂടുതലുള്ള 15 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. അയൽ രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും മാർച്ചിൽ ഇന്ധനവില കുറച്ചപ്പോൾ എക്സൈസ് നികുതിയിൽ രണ്ടു രൂപ കൂട്ടുകയാണ് ഇന്ത്യയിലെ സർക്കാർ ചെയ്തത്. നേപ്പാൾ പെട്രോളിന് 5 രൂപയും ഡീസലിന് 4 രൂപയും കുറച്ചതോടെ പെട്രോളിന് 101.87 ഇന്ത്യൻ രൂപയും ഡീസലിന് 94.37 ഇന്ത്യൻ രൂപയുമാണ് നിരക്ക്. ശ്രീലങ്കയിൽ ഏപ്രിൽ‍ ഒന്നു മുതൽ പെട്രോളിന് 10 രൂപയാണ് കുറച്ചത്. ഇതോടെ പെട്രോളിന് 86.17 ഇന്ത്യൻ രൂപയും ഡീസലിന് 98.16 ഇന്ത്യൻ രൂപയുമായി. മറ്റൊരു അയൽ രാജ്യമായ ഭൂട്ടാനിലാകട്ടെ പെട്രോൾ വില 65.99 രൂപയും ഡീസലിന് 70.60 രൂപയുമാണ്.

2024 നവംബർ ഒന്നിലെ വില അടിസ്ഥാനമാക്കി തയാറാക്കിയ പെട്രോളിയം പ്ലാനിങ് ആൻഡ് സെല്ലിന്റെ റിപ്പോർട്ടിൽ‌ യുഎസിലെ പെട്രോൾ വില 71 രൂപയും ഡീസലിന് 78.78 രൂപയുമാണ്. യുകെ, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ 140–160 രൂപ നിരക്കിലാണ് പെട്രോൾ, ഡീസൽ വില.

എക്സൈസ് തീരുവ വർധന; കേരളത്തിനു ഗുണമില്ല

തിരുവനന്തപുരം ∙ ഇന്ധനത്തിന് അധിക എക്സൈസ് തീരുവയായി 2 രൂപ കേന്ദ്ര സർക്കാർ വർധിപ്പിച്ചെങ്കിലും കേരളത്തിന് ഇതുകൊണ്ടു ഗുണമില്ല. എക്സൈസ് തീരുവ സംസ്ഥാനവുമായി കേന്ദ്രം പങ്കുവയ്ക്കേണ്ടതുണ്ടെങ്കിലും അധിക എക്സൈസ് തീരുവയിൽ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കില്ല. 

അതിനാൽ എപ്പോഴും കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നത് അധിക എക്സൈസ് തീരുവയാണ്.  

English Summary:

India's high fuel prices remain stubbornly high despite falling crude oil prices. The central government's unwillingness to reduce excise duty impacts consumers and states like Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com