സ്വർണം കറൻസിയാകും! വരുന്നു, ഡോളറിന്റെ മൂല്യത്തിൽ 30%ത്തിലധികം ഇടിവ്

Mail This Article
ഡോളറിന്റെ മൂല്യയിടിവ് കൂടുതൽ വഷളായേക്കാമെന്ന് ഗോൾഡ്മാൻ സാക്സിന്റെ മുന്നറിയിപ്പ്. മാന്ദ്യഭീതി, ദുർബലമായ വിദേശ നിക്ഷേപം, താരിഫ് ആഘാതങ്ങൾ എന്നിവയാണ് കാരണങ്ങൾ. "കൂടുതൽ ആഴത്തിലുള്ള ഇടിവ് വരാനിരിക്കുന്നുണ്ടാവാം" എന്നും മുന്നറിയിപ്പിലുണ്ട്.
ഡോളറിന്റെ കാലം കഴിഞ്ഞോ?
"താരിഫ് പിരിമുറുക്കങ്ങൾ, മാന്ദ്യ ഭീതികൾ, നിക്ഷേപകരുടെ ആത്മവിശ്വാസം കുറയൽ എന്നിവയുടെ കൊടുങ്കാറ്റ്, യുഎസ് ഡോളറിനെ കൂടുതൽ ആഴത്തിലുള്ള നഷ്ടത്തിലേക്ക് തള്ളിയിടുമെന്ന്" ഗോൾഡ്മാൻ സാക്സ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ജാൻ ഹാറ്റ്സിയസ് പറയുന്നു.

ഡോളറിന് 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവ് ആണ് ഏപ്രിലിൽ സംഭവിച്ചിരിക്കുന്നത്. 4.5% ആണ് ഏപ്രിലിൽ മാത്രം ഇടിഞ്ഞിരിക്കുന്നത്. ഡോളറിന്റെ മൂല്യത്തകർച്ച തുടങ്ങിയിട്ടേയുള്ളൂ എന്ന് വിശ്വസിക്കുന്നവർ അനവധിയാണ്.
നിക്ഷേപകരുടെ മനോഭാവം
ആഗോള നിക്ഷേപകർ യുഎസ് ആസ്തികളിൽ 22 ലക്ഷം കോടി ഡോളർ കൈവശം വച്ചിട്ടുണ്ടെന്ന് ഐഎംഎഫ് കണക്കാക്കുന്നു. അതിൽ മൂന്നിലൊന്ന് കറൻസി നിലവിലെ സാഹചര്യങ്ങളിൽ റിസ്ക് സാധ്യതകൾക്ക് വിധേയമാകാം എന്ന കണക്കുകൂട്ടലാണ് വിദഗ്ധർക്ക് ഉള്ളത്. യുഎസ് ആസ്തികളോട് വിദേശികളുടെ ആസക്തി കുറഞ്ഞാൽ, അത് ഡോളറിന് കൂടുതൽ നാശമുണ്ടാക്കും.
ഡോളർ ദുർബലമാകുന്നത് തൽക്കാലത്തേയ്ക്ക് അമേരിക്കൻ വ്യാപാര കമ്മി കുറയ്ക്കുന്നതിനും യുഎസ് കയറ്റുമതി വർദ്ധിപ്പിച്ചുകൊണ്ട് മാന്ദ്യ സാധ്യതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനും സഹായിച്ചേക്കാം. എന്നാൽ ദീർഘകാലത്തിൽ നേട്ടത്തേക്കാൾ കോട്ടമേ ഉണ്ടാകൂ എന്ന വിശകലനങ്ങളും ഉണ്ട്.
'സ്വർണം ഇനി ആസ്തിയല്ല , കറൻസിയാണ് "
ലോകത്തിന്റെ റിസർവ് കറൻസി എന്ന നിലയിൽ ഡോളർ താഴേക്ക് ഇറങ്ങുകയാണ് എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വർണം ആ സിംഹാസനത്തിലേക്ക് നടന്നടുക്കുകയാണ് എന്ന പ്രവചനങ്ങളും ഉണ്ട്. ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ബിറ്റ് കോയിൻ വലിയ കറൻസിയാകും എന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്വർണമാണ് ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. സ്വർണം ആസ്തി എന്നതിലുപരി ഒരു 'കറൻസി' ആകുന്ന അവസ്ഥയാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സാമ്പത്തിക ശക്തി കേന്ദ്രമായ അമേരിക്കയുടെ പതനം തുടങ്ങിക്കഴിഞ്ഞു എന്ന തിയറികൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമുണ്ട്. നിലവിലെ സാമ്പത്തിക സമവാക്യങ്ങൾ മാറുന്നതിനാൽ സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലനിലവാരത്തിലാണെങ്കിലും അതിന്റെ ജൈത്രയാത്ര തുടങ്ങിയതേയുള്ളൂ എന്ന തിയറികളും പ്രസക്തമാണ്. അമേരിക്കയുടെ സാമ്പത്തിക വീക്ഷണം മങ്ങുകയും നയപരമായ അനിശ്ചിതത്വങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ, ഡോളറിന്റെ ഇടിവ് ഇനി താൽക്കാലിക പ്രക്ഷുബ്ധതയായിരിക്കില്ല, മറിച്ച് ഒരു ഘടനാപരമായ മാറ്റത്തിന്റെ തുടക്കമായിരിക്കാം എന്ന വിലയിരുത്തലുകൾ വരുന്നത് അതുകൊണ്ടാണ്.