ചൈനക്കാരുടെ ഇടയിൽ 'ഫ്രണ്ട്ഷിപ് മാര്യേജ്' ഏറുന്നു! കാശും ലാഭം, മനസമാധാനവും ഏറെ

Mail This Article
ചെറുപ്പക്കാർക്ക് 'കല്യാണപ്രായമായി' എന്ന് ഓർമിപ്പിക്കുന്നവർ ഇന്ത്യക്കാർ മാത്രമല്ല മറ്റു രാജ്യക്കാരും ഉണ്ട്. ചൈനയിൽ സമൂഹത്തിന്റെ ഇതുപോലുള്ള ഓര്‍മിപ്പിക്കലുകളും ചടങ്ങുകളും ഒഴിവാക്കാനായി പലരും 'ഫ്രണ്ട് ഷിപ് മാര്യേജ് ' കളിലേക്ക് എത്താറുണ്ട്. ഉറ്റ സുഹൃത്തുക്കളെ കല്യാണം കഴിച്ച് 'കല്യാണം' എന്ന ചടങ്ങ് കഴിഞ്ഞു എന്ന് കാണിക്കുന്ന ചൈനക്കാരുടെ എണ്ണം കൂടുകയാണ് എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളും, സാമൂഹിക മുൻവിധികളും മറികടക്കുന്നതിനാണു ചൈനയിലെ യുവ ജനത ഇത് ചെയ്യുന്നത്.
ഇണയാണ്-തുണയാണ് - ഇണയല്ല
പരമ്പരാഗത വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, സൗഹൃദ വിവാഹങ്ങൾ പ്രണയത്തെയോ ലൈംഗിക ആകർഷണത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് പൊതുവായ മൂല്യങ്ങളിലും കൂട്ടുകെട്ടിലും അധിഷ്ഠിതമാണ്. നിയമപരമായി ഇണകളായി അംഗീകരിക്കപ്പെട്ട ഈ ദമ്പതികൾ പലപ്പോഴും ഒരുമിച്ച് താമസിക്കുന്നു, പക്ഷേ പ്രത്യേക കിടപ്പുമുറികൾ നിലനിർത്തുന്നു. അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ മറ്റുള്ളവരുമായി ഡേറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. കൂടാതെ അവർ കുട്ടികളുണ്ടാകാൻ തീരുമാനിച്ചാൽ, ദത്തെടുക്കൽ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനം തിരഞ്ഞെടുക്കാം എന്നിങ്ങനെ പല 'സൗകര്യങ്ങളും' ഇത്തരം കല്യാണങ്ങളിൽ ഉണ്ട്. ഒരേ സമയം 'റൂം മേറ്റുകളും', 'കുടുംബവും' എന്ന അവസ്ഥയിലാണ് ഇവർ. ഇതൊക്കെകൊണ്ട് ഇവരുടെ ബന്ധുക്കളും, വീട്ടുകാരും ആശയകുഴപ്പത്തിലാകാറുണ്ട്.

സാമ്പത്തികം
ഒരു വീടെടുത്ത് പലർ ഒരുമിച്ചു താമസിക്കുമ്പോൾ ചെലവിനുള്ള തുക ഒരുമിച്ച് എടുക്കുന്നത് പോലെ ഇത്തരം കല്യാണങ്ങളിലും 'പങ്കാളികൾ' വീട്ട് ചെലവുകൾ പങ്കിട്ടെടുക്കും. അതുപോലെ ഒരുമിച്ചു യാത്ര ചെയ്യുകയാണെങ്കിലും ചെലവുകൾ വീതിച്ചെടുക്കും. വീടിനു അറ്റകുറ്റ പണികൾ വന്നാലും ഒരുമിച്ച് പണം ചെലവാകും. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സ്വന്തമായി തന്നെ മാനേജ് ചെയ്യും. ഒരു രീതിയിൽ നോക്കുമ്പോൾ 'ഫ്രണ്ട്സുമാണ്, ഫാമിലിയുമാണ്' എന്ന ഈ ഏർപ്പാട് 'ദമ്പതികൾ' തമ്മിലുള്ള കലഹങ്ങൾ കുറയ്ക്കുന്ന ഏർപ്പാടാണ് എന്ന ചിന്ത ചൈനീസ് യുവത്വത്തിനുണ്ട്. എന്നാൽ ഇവരിൽ ആർക്കെങ്കിലും അസുഖം വന്നാലോ, മറ്റ് ആവശ്യങ്ങളിലോ 'പങ്കാളി' കൂടെ നിൽക്കുകയും ചെയ്യും. വെവ്വേറെ മുറികളിൽ ഉറങ്ങുകയും വ്യക്തിപരമായ ഇടങ്ങൾ പരിപാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവർ പരസ്പരം നിയമപരമായ രക്ഷാധികാരികളായി പ്രവർത്തിക്കുന്ന ഈ കാര്യം ഒരു മനോഹര സമ്പ്രദായമായി പല യുവജനങ്ങളും കാണുന്നു. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം പിന്തുണക്കുന്ന ചൂഷണങ്ങൾ ഇല്ലാത്ത ഒരു 'പ്രത്യേക ബന്ധം' ആണ് ഇവർ വളർത്തിയെടുക്കുന്നത്.

നമുക്കും പിന്തുടരാം
നമ്മുടെ നാട്ടിൽ കൂടി വരുന്ന സ്ത്രീധന മരണങ്ങളും, ചൂഷണങ്ങളും, സാമ്പത്തിക കുറ്റകൃത്യങ്ങളും, വിവാഹ ബന്ധത്തിലെ താളപ്പിഴകളിലും എല്ലാം സാമ്പത്തികം പ്രധാന വില്ലനാണ്. എന്നാൽ 'ഫ്രണ്ട്ഷിപ് മാര്യേജ്' പോലുള്ള സമ്പ്രദായം പിന്തുടരുകയാണെങ്കിൽ സാമ്പത്തിക ചൂഷണങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതിനാൽ നല്ല കാര്യമാണ്. നാളുകളായി നമ്മുടെ സമൂഹം പിന്തുടരുന്ന സ്ത്രീധനവും മറ്റു മാമൂലുകളും പങ്കാളികൾക്കിടയിൽ കുടുംബാംഗങ്ങൾ കൂടി ഇടപ്പെട്ട് തീരുമാനമെടുക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമെല്ലാം ഇതിലൂടെ ഒഴിവാക്കാം. പാട്രിയാർക്കി പിന്തുടരുന്ന സമൂഹങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനൊപ്പം കൂടുതൽ അടക്കും ചിട്ടയും പരസ്പര ബഹുമാനവുമുള്ള ജീവിത രീതിയും, വീട്ടിലെ ഉത്തരവാദിത്വങ്ങൾ പൂർണമായും ഭാഗിച്ചെടുത്തുകൊണ്ടുള്ള ശൈലിയും ജീവിതത്തിൽ സന്തോഷം നിറയ്ക്കാം.