സംശയമെന്ത്? ബിറ്റ് കോയിൻ വ്യാപാരം ഹവാല തന്നെയെന്ന് സുപ്രീം കോടതി

Mail This Article
ഇന്ത്യയിൽ ബിറ്റ്‌കോയിൻ വ്യാപാരം ഹവാല ബിസിനസിന്റെ ഒരു പരിഷ്കൃത രീതി പോലെയാണെന്ന് സുപ്രീം കോടതി. വെർച്വൽ കറൻസികൾക്ക് ഇതുവരെ വ്യക്തമായ നിയമങ്ങൾ രൂപീകരിക്കാത്തതിന് കേന്ദ്രത്തെ കോടതി വിമർശിച്ചു.
നിയമവിരുദ്ധ ബിറ്റ്കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശൈലേഷ് ബാബുലാൽ ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷം മുമ്പ് സമാനമായ ഒരു കേസിൽ വെർച്വൽ കറൻസികളെക്കുറിച്ചുള്ള നയം വിശദീകരിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുവരെ സർക്കാരിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ബിറ്റ്കോയിൻ വ്യാപാരം ഇന്ത്യയിൽ നിയമവിരുദ്ധമല്ലെന്ന് ഭട്ടിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി വാദിച്ചു. തന്റെ കക്ഷിയെ തെറ്റായി അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു.
ബിറ്റ്കോയിനിനെക്കുറിച്ച് വ്യക്തിപരമായി തനിക്ക് കാര്യമായൊന്നും അറിയില്ലെങ്കിലും, ശരിയായ നിയമങ്ങൾ പാലിക്കുന്നത് അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കോടതി സർക്കാരിനോട് പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.