അടച്ചിട്ട വിസയുടെ വാതിൽ വീണ്ടും തുറന്ന് യുഎസ്, ലക്ഷ്യം കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ

Mail This Article
അമേരിക്കയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുഎസ് എംബസി ഇന്ത്യൻ കോൺസുലേറ്റുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥി വിസ അപ്പോയിന്റ്മെന്റുകൾ നൽകുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാല് കോൺസുലേറ്റുകളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര കേന്ദ്രങ്ങളിൽ ഒന്നാണ് ന്യൂഡൽഹിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി.
യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ustraveldocs വെബ്‌സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റേതര വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം, വിസയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ, ഫോട്ടോകൾ, വിവരങ്ങൾ, വിസ അപേക്ഷാ ഫീസ് എങ്ങനെ അടയ്ക്കാം, യുഎസ് എംബസിയിലോ കോൺസുലേറ്റ് ജനറലിലോ അഭിമുഖം ഷെഡ്യൂൾ ചെയ്യുന്നതിനുള്ള പ്രക്രിയ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിലുണ്ട്.
മിഷൻ ഇന്ത്യയ്ക്ക് കീഴിൽ ആയിരക്കണക്കിന് വിദ്യാർത്ഥി വിസകൾ ഇപ്പോൾ ലഭ്യമാണെന്ന് യുഎസ് എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അറിയിച്ചു.

കുത്തനെയുള്ള ഒഴുക്ക് കുറഞ്ഞു
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഏറ്റവും പ്രിയമേറിയ രാജ്യം അമേരിക്കയാണ്. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ സമീപകാല സ്റ്റുഡന്റ് വിസ നിയന്ത്രണം വിദ്യാർത്ഥി സമൂഹത്തെ അൽപം ഭയപ്പെടുത്തിയിരുന്നു. കൈ നിറയെ കാശുണ്ടാക്കാനുള്ള ആഗ്രഹത്തിലാണ് വിദ്യാർഥികൾ അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്നത്.

കഴിഞ്ഞ വർഷം മുതൽ അമേരിക്കയിൽ പഠിക്കാൻ പോകുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. പഠന ശേഷം അമേരിക്കയിൽ ജോലി കണ്ടുപിടിക്കാനാകുമെങ്കിലും സ്ഥിര താമസ വിസ ലഭിക്കാത്തത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൈ നിറയെ കാശ് ലഭിക്കുന്ന ജോലികൾ ലഭിക്കാൻ അമേരിക്കയിൽ ബുദ്ധിമുട്ടില്ലെങ്കിലും ഗ്രീൻ കാർഡിനുള്ള ബുദ്ധിമുട്ടാണ് പലരെയും പിന്തിരിപ്പിക്കുന്നത്. പഠന ശേഷം ജോലി ചെയ്യാൻ പോലും ട്രംപ് ഭരണകൂടം അനുവദിച്ചില്ല എന്ന പരാതി പ്രവാഹവുമുണ്ട്. ഇതുകൊണ്ടൊക്കെയാണ് വിദ്യാർഥികൾ അമേരിക്കയിലേക്ക് പഠനത്തിന് പോകാൻ പെട്ടെന്ന് താൽപ്പര്യം കുറഞ്ഞത്. എന്നാൽ ഇത് അവരുടെ സമ്പദ് വ്യവസ്ഥക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് വിസ ലഭ്യമാക്കിയിരിക്കുന്നത്.