സ്വർണക്കള്ളക്കടത്തിൽ വൻ വർധന; പിടിച്ചെടുത്തത് 847 കിലോ, പുത്തൻ കേന്ദ്രങ്ങളായി നെയ്റോബിയും അഡിസ് അബാബയും

Mail This Article
നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള കാലയളവിൽ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർ 544 കോടി രൂപ വിലമതിക്കുന്ന 847 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണം കള്ളക്കടത്ത് നടത്തിയാൽ 7 വർഷം ജയിൽ ശിക്ഷ ലഭിക്കും. ഇത്ര കടുത്ത ശിക്ഷ ഇന്ത്യയിൽ ഉണ്ടെങ്കിലും സ്വർണത്തിന്റെ കള്ളകടത്ത് കുറയുന്നില്ല. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ വർഷങ്ങളായി നടക്കുന്ന ഈ കള്ളക്കടത്ത് നിയന്ത്രിക്കാൻ സർക്കാരുകൾക്കാകുന്നില്ലേ? ഇന്ത്യയിൽ സ്വർണത്തിന് വില ഉയർന്നു നിൽക്കുന്നതും, മറ്റു രാജ്യങ്ങളിൽ കുറഞ്ഞിരിക്കുന്നതും കള്ളക്കടത്ത് കൂട്ടുന്ന ഒരു ഘടകമാണ്.
കള്ളക്കടത്ത് കേന്ദ്രങ്ങൾ

ഡിസംബറിൽ പുറത്തിറങ്ങിയ ഡിആർഐയുടെ ഇന്ത്യാ കള്ളക്കടത്ത് റിപ്പോർട്ട് പ്രകാരം, അനധികൃത സ്വർണ ഇറക്കുമതിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. സ്വർണവും വെള്ളിയും പ്രധാനമായും യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. അവിടെയാണ് സ്വർണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത്. വിമാനത്താവളങ്ങൾ വഴിയാണ് കൂടുതലും കള്ളക്കടത്ത് നടക്കുന്നത്. നെയ്‌റോബി, അഡിസ് അബാബ തുടങ്ങിയ ആഫ്രിക്കൻ വിമാനത്താവളങ്ങളും താഷ്‌കെന്റ് പോലുള്ള മധ്യേഷ്യൻ വിമാനത്താവളങ്ങളും കള്ളക്കടത്ത് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യയിൽ തീരുവ കൂടി നിൽക്കുന്നതിനാലാണ് കൂടുതൽ സ്വർണ കള്ളക്കടത്ത് ഉണ്ടാകുന്നത് എന്ന പഠനങ്ങളുടെ വെളിച്ചത്തിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ സ്വർണ തീരുവ കുറച്ചിരുന്നു. 2024 ജൂലൈയിൽ സർക്കാർ ഇറക്കുമതി തീരുവ 6% ആയി കുറച്ചതിനുശേഷം സ്വർണക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു.പക്ഷെ കള്ളക്കടത്ത് പൂർണമായും നിർത്താൻ സാധിച്ചിട്ടില്ല.
നികുതിപ്പണം

ഇറക്കുമതി തീരുവയും മറ്റ് നികുതികളും വെട്ടിക്കുന്നതിലൂടെ സ്വർണകള്ളക്കടത്ത് സർക്കാരുകൾക്ക് ഗണ്യമായ നികുതി നഷ്ടമുണ്ടാക്കുന്നുണ്ട്. രാജ്യങ്ങളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഇറക്കുമതി തീരുവ അടക്കാതിരിക്കുന്നതിലൂടെ കള്ളക്കടത്തുകാർ സർക്കാരുകളുടെ നികുതി വരുമാനം നഷ്ടപ്പെടുത്തുകയാണ് . പൊതു സേവനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം നൽകാനുള്ള പണമാണ് ഇങ്ങനെ ഇല്ലാതാകുന്നത്.
ഒരു കിലോ സ്വർണം കടത്തിയാൽ കുറഞ്ഞത് 4 ലക്ഷം മുതൽ 10 ലക്ഷം വരെ ലാഭമുണ്ടാക്കാൻ കള്ളക്കടത്തുകാർക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. കള്ളക്കടത്ത് സ്വർണം നിയമപരമായി ഇറക്കുമതി ചെയ്യുന്ന സ്വർണത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയും. കാരണം ഇതിന് തീരുവകളും നികുതികളും കൊടുക്കേണ്ടി വരുന്നില്ല. മാത്രമല്ല, 'കള്ളക്കടത്ത് സ്വർണം' കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ അത് കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കുന്ന നിയമാനുസൃത ബിസിനസുകളെ ബാധിക്കുന്നുണ്ട്. ഇത്തരം അനധികൃത മാർഗങ്ങൾ അവലംബിക്കുന്നത് കാരണം, കേരളത്തിൽ സ്വർണ ആഭരണ മേഖലയുമായും കള്ളക്കടത്തുമായും ബന്ധപ്പെട്ട് സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ വരുമാനം നഷ്ടപ്പെടുന്നുണ്ടെന്നും കണക്കുകൾ ഉണ്ട്.