ADVERTISEMENT

ആഗോള സാമ്പത്തികരംഗം താരിഫ് പ്രതിസന്ധി ഉൾപ്പെടെ നേരിടുന്നതിനിടെ, ഇന്ത്യയുടെ ജിഡിപി (India GDP) വളർച്ചാപ്രതീക്ഷ (Growth Outlook) ഉയർത്തി പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി (Morgan Stanley). ഇന്ത്യയുടെ ഉപഭോക്തൃ ഡിമാൻഡാകും ജിഡിപി വളർച്ചയ്ക്ക് നേതൃത്വം കൊടുക്കുകയെന്നും കേന്ദ്രസർക്കാരിന്റെ പരിഷ്കാര നയങ്ങൾ ആഭ്യന്തര ഉപഭോഗ വിപണിക്കും സാമ്പത്തിക വളർച്ചയ്ക്കും കരുത്താകുമെന്നും മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു. ലോകം സമ്പദ്ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യയെ കരുത്തോടെ പിടിച്ചുനിർത്തുക ഉപഭോക്തൃവിപണിയുടെ വളർച്ചയായിരിക്കുമെന്നും മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടി.

നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം നേരത്തേ വിലയിരുത്തിയ 6.1 ശതമാനത്തിൽ നിന്ന് 6.2 ശതമാനത്തിലേക്കാണ് മോർഗൻ സ്റ്റാൻലി ഉയർത്തിയത്. 2026-27ലെ പ്രതീക്ഷ 6.3ൽ നിന്ന് 6.5 ശതമാനമായും ഉയർത്തി. താരിഫ് വിഷയത്തിൽ യുഎസ്-ചൈന തർക്കം അയയുന്നതും ഇന്ത്യയിൽ അടിസ്ഥാന പലിശനിരക്കുകൾ കുറയുന്നതും ജിഡിപി വളർച്ചയ്ക്ക് വലിയ കരുത്താകും. അടിസ്ഥാന സമ്പദ്മേഖലകൾ സുരക്ഷിതതലത്തിൽ (comfort zone) തുടരുന്നതും നേട്ടമാകും. 

indian currency and gdp word spelled out
representative image

ഇന്ത്യയിൽ ഗ്രാമീണ ഉപഭോഗം (rural demand) ഇപ്പോഴേ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, നഗരമേഖലകളിലെ ഉപഭോഗം (urban demand) ഉയരുകയുമാണ്. പൊതുചെലവുകളും കുടുംബങ്ങളുടെ ചെലവുകളും (household capex) കൂടുന്നത് ഉപഭോക്തൃവിപണിക്ക് ഉഷാറാകും. സ്വകാര്യ കോർപ്പറേറ്റ് മൂലധനച്ചെലവുകളും (private corporate capex) പടിപടിയായി വളരുന്നുണ്ട്.

ഇന്ത്യയിൽ പണപ്പെരുപ്പം (Inflation) നടപ്പുവർഷം റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിനുള്ളിൽ തന്നെ തുടരും. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 4.1 ശതമാനം. പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും (food inflation) നിയന്ത്രണവിധേയമാകുന്നതും ഇന്ത്യക്ക് നേട്ടമാകുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു. അതേസമയം, നടപ്പുവർഷം റിസർവ് ബാങ്ക് ഇന്ത്യക്ക് പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചനിരക്ക് 6.5 ശതമാനമാണ്. 

സെൻസെക്സ് 89,000ലേക്ക്

ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് (Sensex) 2026 ജൂണിനകം 89,000 പോയിന്റിലെത്തുമെന്നും മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലെ പോയിന്റിൽ‌ നിന്ന് 8% അധികമാണിത്. 2024 സെപ്റ്റംബറിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്കുപോയ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിത്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യയുടെ സുസ്ഥിര വളർച്ച, അനുകൂലമായ സാമ്പത്തിക നയങ്ങൾ, കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവർത്തനഫലങ്ങൾ, കുറയുന്ന പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കുമെല്ലാം ഓഹരി വിപണിയുടെ കുതിപ്പിന് ഗുണം ചെയ്യും. യുഎസിന്റെ സാമ്പത്തിക വളർച്ചയുടെ ദിശ, ക്രൂഡ് ഓയിൽ വിലയുടെ കയറ്റിറക്കം എന്നിവയ്ക്ക് അനുസൃതമായി 50% സാധ്യതയാണ് സെൻസെക്സ് 89,000ലേക്ക് എത്താൻ മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നത്.

നിലവിലെ സ്ഥിതിയിൽ നിന്ന് സെൻസെക്സ് 23.5 മടങ്ങ് (23.5x) പ്രൈസ് ടു ഏണിങ്സ് റേഷ്യോയിൽ (P/E Ratio) വ്യാപാരം ചെയ്യുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. അതായത്, കഴിഞ്ഞ 25വർഷത്തെ ശരാശരിയായ 21 മടങ്ങിനേക്കാൾ (21x P/E Ratio) ഉയരത്തിൽ. ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളറിനു താഴെ തുടരുകയും ജിഎസ്ടി നിരക്കുകൾ കുറയുകയും കാർഷിക നിയമങ്ങളിൽ പുരോഗതി ഉണ്ടാവുകയും കോർപ്പറേറ്റ് കമ്പനികളുടെ ശരാശരി വാർഷിക വളർച്ച (CAGR) 19 ശതമാനമായി തുടരുകയും ചെയ്താൽ സെൻസെക്സ് ഒരുവർഷത്തിനകം ഒരുലക്ഷം പോയിന്റ് എന്ന ‘മാന്ത്രികസംഖ്യ’യും ഭേദിക്കും. ആഗോള വ്യാപാരയുദ്ധം ശമിക്കേണ്ടതും ഇതിന് അനിവാര്യമാണെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു.

ഓഹരി വില അധികരിക്കും!

സെൻസെക്സിന്റെ വളർച്ച 23.5 മടങ്ങ് പിഇ റേഷ്യോയിലാകുമെന്ന മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടുന്നത്, ഓഹരികളുടെ വില കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് മാത്രമല്ല, അധികരിച്ചതുമാകാമെന്നാണ് (Overvalued). കമ്പനിയുടെ ഓരോ രൂപയുടെ ഓഹരിക്കും വേണ്ടി എത്രതുക ചെലവിടാൻ നിക്ഷേപകൻ തയ്യാറാകും എന്നതിന്റെ അനുപാതമാണ് പിഇ റേഷ്യോ. ഉയർന്ന തലത്തിലുള്ള പിഇ അനുപാതം ചൂണ്ടിക്കാട്ടുന്നത് കമ്പനിയുടെ ഓഹരിവില കൂടി അല്ലെങ്കിൽ അധികരിച്ചു (ഓവർവാല്യൂഡ്) നിൽക്കുന്നു എന്നാണ്. ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത വേണം. കാരണം, വില ഇടിയാൻ സാധ്യത ഏറെയാണ്.

പിഇ റേഷ്യോ കുറവാണെങ്കിൽ അത്തരം ഓഹരികളിൽ നിക്ഷേപിക്കാൻ അനുയോജ്യമാണെന്നും കരുതപ്പെടുന്നു. കാരണം, ആ ഓഹരികൾക്ക് മുന്നേറ്റ സാധ്യതയുണ്ട്. അതേസമയം, പിഇ റേഷ്യോ മാത്രം വിലയിരുത്തി ഒരു കമ്പനിയുടെ ഓഹരിയുടെ പ്രകടനത്തെ വിലയിരുത്തുകയുമരുത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Morgan Stanley Riases India's GDP Growth Forecast Amidst Global Uncertainty, Sensex to Hit 1 Lakh in 1 Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com