റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് 500% ചുങ്കം; ഇന്ത്യക്കും ചൈനയ്ക്കും ഭീഷണിയുമായി യുഎസ് സെനറ്റർ

Mail This Article
റഷ്യയുടെ ക്രൂഡ് ഓയിൽ (Russian Oil), ഗ്യാസ്, പെട്രോകെമിക്കൽ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതിച്ചുങ്കം (500% Import Tariff) ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ (Richard Blumenthal). യുക്രെയ്ൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ റഷ്യൻ ക്രൂഡ് ഉൽപന്നങ്ങൾ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി.
വെടിനിർത്തലിന് തയാറാകണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം ഗൗനിക്കാതെ യുക്രെയ്നുമേൽ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സെനറ്ററുടെ പ്രതികരണം. 500% ചുങ്കം ഈടാക്കുന്നത് സംബന്ധിച്ച് അദ്ദേഹം കൊണ്ടുവരുന്ന ബിൽ യുഎസ് സെനറ്റ് വൈകാതെ പരിഗണനയ്ക്ക് എടുക്കുന്നുമുണ്ട്.
റഷ്യൻ എണ്ണയുടെ വിൽപന നിജപ്പെടുത്തി, റഷ്യയുടെ വരുമാനത്തിന് തടയിടുകയാണ് ഇതുവഴി യുഎസ് ലക്ഷ്യമിടുന്നത്. ജനുവരി-മേയ് കാലയളവിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം ശരാശരി 19 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങിയിട്ടുണ്ട്. മുൻവർഷത്തെ സമാനകാലത്തെ 17.7 ലക്ഷത്തേക്കാൾ കൂടുതൽ. അതേസമയം, യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ കുത്തനെ കൂട്ടിയിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ പ്രതിദിനം ശരാശരി 1.45 ലക്ഷം ബാരൽ ക്രൂഡ് ഓയിലായിരുന്നു യുഎസിൽ നിന്ന് ഇറക്കുമതി ചെയ്തതെങ്കിൽ മേയ് 26 വരെയുള്ള കണക്കുപ്രകാരം അത് ശരാശരി 3.37 ലക്ഷം ബാരലായെന്ന് വിപണി നിരീക്ഷകരായ കെപ്ലർ വ്യക്തമാക്കി. റഷ്യയെ ഒഴിവാക്കി ഇന്ത്യ യുഎസ് എണ്ണ കൂടുതലായി ഇറക്കുമതി ചെയ്യണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെയും ആവശ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business