ചെനാബ് പാലം പണിയാൻ എത്ര രൂപ ചെലവായി? കശ്മീരിനു സാമ്പത്തിക നേട്ടമോ?

Mail This Article
കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ പ്രധാന ഭാഗമാണ് ചെനാബ് പാലം. ചെനാബ് നദിക്ക് കുറുകെയുള്ളതും ഈഫൽ ടവറിനേക്കാൾ 35 മീറ്റർ (114 അടി) ഉയരമുള്ളതുമായ ഈ പാലം നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് രണ്ട് പതിറ്റാണ്ട് സമയമെടുത്തു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് കടന്നു പോകാൻ സാധിക്കും.
ജമ്മു കശ്മീരിലെ ചെനാബ് റെയിൽ പാലം ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമാണ്. 359 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഇത് കുത്തബ് മിനാറിന്റെ അഞ്ചിരട്ടി ഉയരമുള്ളതുമാണ്. 2025 ൽ തുറന്ന ഇത്, മേഖലയിലെ യാത്ര, ടൂറിസം, കണക്റ്റിവിറ്റി എന്നിവ വർദ്ധിപ്പിക്കുന്നറെയിൽ പദ്ധതിയുടെ ഭാഗമാണ്.
ചെലവ്
സമീപകാല ചരിത്രത്തിൽ ഇന്ത്യയിലെ ഏതൊരു റെയിൽവേ പദ്ധതിയും നേരിടുന്ന ഏറ്റവും വലിയ സിവിൽ എഞ്ചിനീയറിങ് വെല്ലുവിളി" എന്ന് സർക്കാർ വിശേഷിപ്പിച്ച ചെനാബ് പാലം 1,486 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.120 വർഷം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 72 കിലോമീറ്റർ നീളമുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള (USBRL) പദ്ധതിയുടെ ഭാഗമാണ് ചെനാബ് പാലം. ഇതിന് ഏകദേശം 44,000 കോടി രൂപ ചെലവ് ആണ് കണക്കാക്കുന്നത്.
1,315 മീറ്റർ (1.3 കിലോമീറ്റർ) നീളമുള്ള ഈ പാലം ഭൂകമ്പം, മണിക്കൂറിൽ 260-266 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് എന്നിവ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഠിനമായ ഹിമാലയൻ പരിസ്ഥിതിയിൽ സുരക്ഷയും ദീർഘായുസ്സും ഉറപ്പാക്കാൻ സ്ഫോടന പ്രതിരോധശേഷിയുള്ള സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കശ്മീർ സമ്പദ് വ്യവസ്ഥ
ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കുള്ള റെയിൽ ലിങ്ക് ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ ചെനാബ് പാലം ഈ മേഖലയിലെ ടൂറിസത്തിന് പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. കാശ്മീരിനെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ചെനാബ് പാലം വാണിജ്യ മേഖലയിൽ ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. പശ്മിന ഷോളുകള്‍ ആവശ്യാനുസരണം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും കാശ്മീരിനിത് ഗുണമാകും.
കശ്മീരിന്റെ മുഴുവൻ സാമ്പത്തിക ശേഷിയും പ്രയോജനപ്പെടുത്തുന്നതിന് ചെനാബ് പാലത്തിലൂടെ കാർഗോ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് പൊതുജനങ്ങളിൽ നിന്നും ഇപ്പോഴേ ആവശ്യമുയർന്നിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്കും ചെനാബ് പാലം സഹായകരമാണ്. സംഘർഷ കലുഷിതമായ ഒറ്റപെട്ടു കിടക്കുന്ന കാശ്മീരിനെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ചെനാബ് പാലം വന്നതോടെ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ്. കേന്ദ്ര സർക്കാർ അതിനായി കൂടുതൽ പദ്ധതികൾ ഇനിയും പ്രഖ്യാപിക്കും.