ADVERTISEMENT

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടപ്പാക്കിയ ‘കപ്പൽ‌ വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ.

ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനി കപ്പലുകളെയും പാക്കിസ്ഥാനി ചരക്കുമായി എത്തുന്നവയെയും മേയ് രണ്ടുമുതൽ വിലക്കിയിരുന്നു. നേരത്തേ പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള ചരക്കുകൾ ഇന്ത്യൻ തുറമുഖം വഴിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് ചരക്കുമായി മദർ വെസ്സലുകൾ പാക്കിസ്ഥാനി തുറമുഖങ്ങളിൽ എത്തിയിരുന്നു. തുടർന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ചരക്കുകളും ഇതേ മദർ വെസ്സലുകൾ ഇന്ത്യൻ തുറമുഖത്ത് എത്തിച്ചശേഷമാണ് വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയിരുന്നത്.

കപ്പലുകളെ ഇന്ത്യ വിലക്കിയതോടെ മദർ വെസ്സലുകൾ പാക്കിസ്ഥാനിലേക്ക് എത്തുന്നില്ലെന്നും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അധികമായി 30 മുതൽ 50 ദിവസം വരെ വേണ്ടിവരുന്നതായും കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ജാവേദ് ബിൽവാനി വ്യക്തമാക്കിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. ചരക്കുനീക്കത്തിന് കൂടുതൽ സമയമെടുക്കുന്നത് ഓർഡറുകൾ നഷ്ടപ്പെടാനും ചില ചരക്കുകൾ മോശമാകാനും ഇടവരുത്തും.

താറുമാറായി ജനജീവിതം! ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാൻ താങ്ങില്ലെന്ന് പ്രവചനം; ചൈനയും ചൂടറിയും

പാക്കിസ്ഥാനി തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കാൻ ഫീഡർ വെസ്സലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതു ചരക്കുനീക്കച്ചെലവും ഫീസും കൂടാനിടയാക്കി. ഇൻഷുറൻസ് ചെലവ് വർധിച്ചതും തിരിച്ചടിയാണെന്ന് റിപ്പോർട്ടിലുണ്ട്.

നിലവിൽ തന്നെ കടുത്ത സാമ്പത്തികഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ, വിദേശനാണയ ശേഖരം ഇടിയാതിരിക്കാനായി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ വിലക്കിനെ തുടർന്ന് ഇറക്കുമതിച്ചെലവ് വർധിക്കുന്നത് പാക്കിസ്ഥാന് വൻ ആഘാതവുമാണ്.

ഇന്ത്യ-പാക് വ്യാപാര ബന്ധം

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 200% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. 2019നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഔദ്യോഗിക വ്യാപാര ബന്ധമില്ല. മറ്റു രാജ്യങ്ങൾ മുഖേന പക്ഷേ, ഇരു രാജ്യങ്ങളിലേക്കും ചരക്കുനീക്കം നടന്നിരുന്നു. ദുബായ് (യുഎഇ), കൊളംബോ (ശ്രീലങ്ക), സിംഗപ്പുർ എന്നിവവഴിയായിരുന്നു കൂടുതലും.

നാണക്കേടിന്റെ നെറുകയിൽ പാക്കിസ്ഥാൻ; സൗദിയും യുഎഇയും നാടുകടത്തിയത് 5,400 പാക്കിസ്ഥാനി ഭിക്ഷക്കാരെ

2018ൽ ഇന്ത്യ-പാക് ഉഭയകക്ഷി വ്യാപാരം 241 കോടി ഡോളറിന്റേതായിരുന്നു. 2024ൽ അത് 120 കോടി ഡോളറായി. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി 54.75 കോടി ഡോളറിൽ നിന്ന് വെറും 4.8 ലക്ഷം ഡോളറായും ഇടിഞ്ഞു.

ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളുടേതെന്ന വ്യാജേന ഉൽപന്നങ്ങളെത്തിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളും കേന്ദ്രം തടയുന്നുണ്ട്. അടുത്തിടെ 39 കണ്ടെയ്നറുകളിലായി ദുബായിൽ നിന്നെത്തിയ 9 കോടി രൂപ മതിക്കുന്ന ഉൽപന്നങ്ങളിലുണ്ടായിരുന്നത് യുഎഇയുടെ ലേബൽ ആയിരുന്നു. ഇതു യഥാർഥത്തിൽ പാക്കിസ്ഥാനി ഉൽപന്നങ്ങളാണെന്ന് പരിശോധനയിൽ വ്യക്തമായി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html

English Summary:

India’s ban on ships carrying Pakistani cargo hits shipping costs, delays freight: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com