തർക്കത്തിനിടയിലും ഇന്ത്യൻ ചരക്ക് വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ഇന്ത്യയുടെ ‘വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാനി കയറ്റുമതിക്കാർ

Mail This Article
കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാനി ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം ഉൾപ്പെടെ ഇന്ത്യ വിച്ഛേദിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അനൗദ്യോഗിക വ്യാപാരം ഇപ്പോഴും സജീവം. പാക്കിസ്ഥാന്റെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ (എസ്പിബി) കണക്കുപ്രകാരം 2024-25 സാമ്പത്തിക വർഷം ജൂലൈ മുതൽ മേയ് വരെ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങിയത് 21.15 കോടി ഡോളറിന്റെ (ഏകദേശം 1,800 കോടി ഇന്ത്യൻ രൂപ) ഉൽപന്നങ്ങളാണ്.
2023-24ലെ 20.7 കോടി ഡോളറിനെയും (1,780 കോടി രൂപ) 2022-23ലെ 19 കോടി ഡോളറിനെയും (1,630 കോടി രൂപ) നടപ്പുവർഷത്തെ ആദ്യ 11 മാസത്തിൽ തന്നെ മറികടന്നു. ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെ നീളുന്നതാണ് പാക്കിസ്ഥാൻ പിന്തുടരുന്ന സാമ്പത്തിക വർഷം. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. എന്നാൽ, മേയിലും പാക്കിസ്ഥാൻ 1.5 കോടി ഡോളറിന്റെ (129 കോടി രൂപ) ഇറക്കുമതി ഇന്ത്യയിൽ നിന്നു നടത്തി. 2024 മേയിലെ 1.7 കോടി ഡോളറിനേക്കാൾ (146 കോടി രൂപ) കുറവാണിതെന്ന് പാക്കിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
കയറ്റുമതിയിൽ വൻ വീഴ്ച
അതേസമയം, പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത് പാക്കിസ്ഥാനി കയറ്റുമതിക്കാർക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. മേയിൽ വെറും 1,000 ഡോളറിന്റെ (86,000 രൂപ) പാക്കിസ്ഥാനി ഉൽപന്നങ്ങളാണ് ഇന്ത്യയിലെത്തിയത്. 2024-25ൽ ഇതുവരെ ആകെ ഇറക്കുമതി 5 ലക്ഷം ഡോളറിന്റേതു (4.3 കോടി രൂപ) മാത്രം. 2023-24ൽ 34.4 ലക്ഷം ഡോളറിന്റെ (29 കോടി രൂപ) ഇറക്കുമതി നടന്നിരുന്നു.
മൂന്നാംകക്ഷി രാജ്യം വഴി വ്യാപാരം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് (ഉഭയകക്ഷി) വ്യാപാരബന്ധം ഇപ്പോഴില്ല. 2019ൽ തന്നെ ഉഭയകക്ഷി വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. മൂന്നാംകക്ഷി രാജ്യങ്ങൾ വഴിയാണ് ഇറക്കുമതിയും കയറ്റുമതിയും. കൊളംബോ, ദുബായ്, സിംഗപ്പുർ എന്നിവ വഴിയാണ് പ്രധാനമായും വ്യാപാരം.
പഹൽഗാം ഭീകരാക്രണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനി ഉൽപന്നങ്ങളുമായി ഇന്ത്യൻ തുറമുഖത്തെത്തുന്ന കപ്പലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇതും പാക്കിസ്ഥാനി കയറ്റുമതി-ഇറക്കുമതിക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് AP (Akira Suemori), PTI എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.