ADVERTISEMENT

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയാൻ വഴിയൊരുക്കി ഒപെക് പ്ലസിന്റെ പുതിയ തീരുമാനം. ഓഗസ്റ്റ് മുതൽ പ്രതിദിനം 5.48 ലക്ഷം ബാരൽ വീതം ഉൽപാദനം വർധിപ്പിക്കാൻ സൗദി അറേബ്യയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 4.11 ലക്ഷം ബാരൽ വീതം കൂട്ടിയേക്കുമെന്ന മുൻ ധാരണയേക്കാൾ അധികം. ഉൽപാദനം കൂടുന്നതോടെ ക്രൂഡ് വില ഇടിയാനുള്ള സാധ്യതയും ശക്തമായി. ഇന്ത്യയ്ക്കിതു വൻ നേട്ടമാകും.

സൗദി അറേബ്യ, റഷ്യ, യുഎഇ, കുവൈറ്റ്, ഒമാൻ, കസാക്കിസ്ഥാൻ, ഇറാക്ക്, അൾജീരിയ എന്നിവയാണ് ഒപെക് പ്ലസ് അഥവാ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ളത്.

വില ഇടിയുകയും വരുമാനം കുറയുകയും ചെയ്യുമെങ്കിലും ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് ധാരണയിലെത്തിയതിനു ചില കാരണങ്ങളുണ്ട്:

വേനൽ ഡിമാൻഡ്: വരുന്ന വേനൽക്കാല ഡിമാൻഡ് മുന്നിൽക്കണ്ട് ഉൽപാദനം കൂട്ടുക. മികച്ച ഡിമാൻഡ് ഉയർന്ന വരുമാനത്തിലേക്ക് നയിക്കും.

വിപണിവിഹിതം കൂട്ടുക: ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള മുൻതീരുമാനം മിക്ക രാജ്യങ്ങളുടെയും വിപണിവിഹിതത്തിൽ ഇടിവിനു വഴിവച്ചു. വിപണിവിഹിതം തിരിച്ചുപിടിക്കുകയാണ് ഉൽപാദനം മെല്ലെ കൂട്ടുന്നതു വഴി ഉന്നമിടുന്നത്. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുകയും ഒപെക് ഇതര രാജ്യങ്ങൾ ഉവ്പാദനം കൂട്ടുകയും ചെയ്തത്, വിപണിവിഹിതത്തെ ബാധിച്ചിരുന്നു. ഇതിനു തടയിടുക കൂടിയാണ് ഉൽപാദനം കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്.

അച്ചടക്കമില്ലാത്തവർക്ക് തിരിച്ചടി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞവേളയിലാണ് ഉൽപാദനം കുറച്ച് വില തിരികെപ്പിടിക്കാൻ ഒപെക് പ്ലസ് നേരത്തേ തീരുമാനിച്ചത്. എന്നാൽ, ദീർഘകാലം ഇങ്ങനെ ഉൽപാദനം കുറയ്ക്കുന്നതിനോട് പല രാജ്യങ്ങൾക്കും താൽപര്യമുണ്ടായിരുന്നില്ല. യുഎഇയും സൗദിയും ഇതേച്ചൊല്ലി ഭിന്നതയിലെത്തിയെന്നും ചില റിപ്പോർട്ടുകൾ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ കസാക്കിസ്ഥാന്റെ വഴിയേ ഒപെക് പ്ലസും ഒന്നാകെ നീങ്ങുകയാണ്. കസാക്കിസ്ഥാന് പ്രതിദിനം 1.5 മില്യൻ ബാരൽ എണ്ണ ഉൽപാദിപ്പിക്കാമെന്നായിരുന്നു ഒപെക് പ്ലസിലെ ധാരണ. എന്നാൽ, കഴിഞ്ഞമാസവും കസാക്കിസ്ഥാൻ 1.88 ലക്ഷം ബാരൽ വീതം ഉൽപാദിപ്പിച്ചു. ഉൽപാദനം 7.5% ഉയർന്നു.

രാജ്യത്തെ എണ്ണയുൽപാദന പദ്ധതികൾ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളാണെന്നും അവയ്ക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് കഴിയില്ലെന്നുമാണ് കസാക്കിസ്ഥാൻ നൽകിയ വിശദീകരണം. ഒപെക് പ്ലസിന്റെ നിർദേശം പാലിക്കാൻ ബാധ്യതയില്ലെന്ന് കസാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളും വ്യക്തമാക്കി.

വില കുത്തനെ താഴേക്ക്?

ഇറാൻ-ഇസ്രയേൽ സംഘർഷ പശ്ചാത്തലത്തിൽ ബാരലിന് 80 ഡോളറിന് അടുത്തുവരെ എത്തിയ ബ്രെന്റ് വില ഇപ്പോഴുള്ളത് 68 ഡോളറിൽ. സംഘർഷം അവസാനിച്ചതോടെ വില താഴുകയായിരുന്നു. ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലൊന്നായ ചൈന സാമ്പത്തികഞെരുക്കം മൂലം വാങ്ങൽ കുറച്ചതും വിലയെ ബാധിച്ചു. ഈ സാഹചര്യത്തിൽ ഉൽപാദനം കൂട്ടാനുള്ള തീരുമാനം വില കൂടുതൽ ഇടിയാൻ വഴിയൊരുക്കിയേക്കും.

ഇപ്പോൾതന്നെ ഡിമാൻഡിനേക്കാൾ‌ അധികം എണ്ണ വിപണിയിലേക്ക് ഒഴുകുന്നുണ്ട്. ഉൽപാദനം കൂടുകകൂടി ചെയ്യുമ്പോൾ 2025ന്റെ അവസാനത്തോടെ ബ്രെന്റ് വില ബാരലിന് 60 ഡോളറിനും താഴെയെത്തുമെന്ന് ജെപി മോർഗൻ, ഗോൾഡ്മാൻ സാക്സ് എന്നിവ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഇന്ത്യയ്ക്ക് വൻ നേട്ടം

ക്രൂഡ് ഓയിൽ വില ഇടിയുന്നത് ഇന്ത്യയ്ക്ക് വൻ നേട്ടമാകും. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയുടെ ഇറക്കുമതിച്ചെലവിന്റെ മുഖ്യപങ്കും പോകുന്നതും ക്രൂഡ് ഓയിൽ വാങ്ങാനാണ്.

എണ്ണവില ഇടിയുമ്പോൾ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും അതുവഴി വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ പിടിച്ചുനിർ‌ത്താനും കഴിയും. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. ക്രൂഡ് വില കുറയുന്നത് ഇന്ത്യയിൽ അവശ്യവസ്തുക്കളുടെ വില, ഇന്ധനവില, ഗതാഗതച്ചെലവ്, ചരക്കുകൂലി തുടങ്ങിയ കുറയാനും പണപ്പെരുപ്പം താഴാനും സഹായകമാകും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് istockphoto(KangeStudio)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Opec+ members agree larger than expected oil production hike in August.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com