സ്വിറ്റ്സർലൻഡിൽ 7 ൽ ഒരാൾ കോടീശ്വരൻ! നമുക്കും അങ്ങനെയായാലോ? ഈ രഹസ്യങ്ങളറിയൂ
Mail This Article
ലോകജനസംഖ്യയുടെ 0.11 ശതമാനം മാത്രമുള്ള സ്വിറ്റ്‌സർലൻഡിലെ ജനസംഖ്യ നോക്കുകയാണെങ്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ 101-ാം സ്ഥാനത്താണ്. എന്നാൽ ഇവിടെ പ്രായപൂർത്തിയായവരിൽ 14.9 ശതമാനംപേരും കോടീശ്വരന്മാരാണ്. ഇത് അമേരിക്കയെക്കാൾ 5 മടങ്ങ് കൂടുതലാണ്. സ്വിറ്റ്സർലൻഡുകാരുടെ സമ്പത്ത് വർധിപ്പിക്കുന്ന ശീലങ്ങൾ ലളിതമാണ്, ഏതു വരുമാനക്കാർക്കും, തങ്ങളുടെ ജീവിതത്തിൽ പകർത്താവുന്നതാണ്. ഈ ശീലങ്ങൾ മനസിലാക്കി മുന്നേറിയാല്‍ സമ്പത്ത് കുന്നുകൂടുന്ന മാജിക് നമുക്കും അനുഭവിച്ചറിയാനാകും.
വരുമാനത്തിൽ കുറഞ്ഞ ജീവിത രീതി
പത്തു കിട്ടിയാൽ 15 ചെലവാക്കുന്ന രീതിയാണ് പൊതുവെ ഇന്ത്യക്കാർക്കുള്ളത്. നമ്മുടെ വരുമാനത്തിനപ്പുറത്തുള്ള ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാൻ കടമെടുത്തും 'കാര്യങ്ങൾ' നടത്തുന്ന ആളുകളാണ് പലരും. എന്നാൽ സ്വിറ്റ്‌സർലൻഡുകാർ അത്തരക്കാരല്ല. അവരുടെ വരുമാനത്തിന് താഴെ ജീവിക്കുകയും സമ്പാദ്യം വളർത്താൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരാണ്. ശമ്പളം ലഭിക്കുമ്പോൾ ആദ്യം സമ്പാദ്യത്തിനായി മാറ്റി വെച്ച ശേഷം മാത്രമാണ് അവർ ചെലവാക്കാൻ തുടങ്ങുന്നത്. അതുപോലെ വിവിധ ആസ്തികളിൽ അവർ നിക്ഷേപിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒന്നിലധികം ആസ്തികളിൽ നിക്ഷേപിക്കുക മാത്രമല്ല, കൂടുതൽ സുരക്ഷിതത്വത്തിനായി രാജ്യത്തിന് പുറത്ത് സമ്പാദ്യത്തിന്റെ ഒരു ഭാഗം നിക്ഷേപിക്കാൻ അവർ ശ്രദ്ധിക്കുന്നു. അധികം നികുതി ചുമത്തുന്ന രാജ്യമാണ് സ്വിറ്റ് സർലൻഡ്. അതുപോലെ തന്നെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തമാണ്. എങ്കിൽ പോലും 'മുകളിൽ ആകാശം, ഭൂമി, എന്തുമാകാം' എന്ന മനോഭാവം അവർക്കില്ല. 'വരുമാനത്തിനുള്ളിൽ ജീവിക്കുന്ന'കാര്യം സെലിബ്രിറ്റികൾക്ക് മുതൽ സാധാരണക്കാർക്ക് വരെ പലർക്കും ഇന്ത്യയിൽ നടപ്പിൽ വരുത്താനാകുന്നില്ല എന്ന് സർവേകൾ കാണിക്കുന്നു.
വാടക വീടുകൾ ഇഷ്ടം
ഇന്ത്യയിൽ ജോലി ലഭിച്ചാൽ അപ്പോൾ തന്നെ കാറ് വാങ്ങുന്നതും വീട് വാങ്ങുന്നതും പലരെയും ചെറുപ്രായത്തിൽ തന്നെ നിക്ഷേപങ്ങളിൽ നിന്ന് അകറ്റുകയും, അതുവരെ സമ്പാദിച്ചത് ലവാക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു.നമ്മുടെ കേരളത്തിൽ വീടുകൾക്കായി ചെലവാക്കുന്ന അതിഭീമമായ തുകകൾ പലപ്പോഴും പലരെയും ജീവിതാവസാനം വരെ കടക്കാരാക്കാൻ പോന്നതാണ്. എന്നാൽ സ്വിറ്റ്‌സർലൻഡുകാർ അങ്ങിനെയല്ല. അവിടെ സ്വന്തമായി വീട് ഉള്ളത് വെറും 41 ശതമാനം ആളുകൾക്ക് മാത്രമാണ്.അമേരിക്കയിൽ 65 ശതമാനം പേർക്കും സ്വന്തമായി വീടുണ്ട്. വീടുകൾ വാങ്ങാതെ മിച്ചം വരുന്ന പണം അവർ ഉയർന്ന വരുമാനമുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുന്നു. ഈ തന്ത്രപരമായ സമീപനം അതിവേഗം സമ്പത്ത് സ്വരുക്കൂട്ടാൻ അവരെ പ്രാപ്തരാക്കുന്നുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു.
അച്ചടക്കമുള്ള ചെലവാക്കൽ രീതികൾ
നാട്ടുകാരെ കാണിക്കാൻ വീട് പണിയുകയും, കാറ് വാങ്ങുകയും, മക്കളെ ഡോക്ടറാക്കുകയും ചെയ്യുന്ന മലയാളികളുടെ പലരുടെയും ജീവിത രീതിയല്ല സ്വിറ്റ്‌സർലൻഡുകാരുടേത്. അവർ വളരെ അച്ചടക്കമുള്ള ജീവിത രീതിയാണ് പിന്തുടരുന്നത്. സ്വിസ് കുടുംബങ്ങൾ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് അവരുടെ വരുമാനത്തിൻ്റെ 20-30 ശതമാനം സ്വയമേവ സമ്പാദ്യത്തിനായി നീക്കിവയ്ക്കുന്നു. ഈ സമ്പാദ്യം കുറച്ചു വർഷങ്ങൾകൊണ്ട് തന്നെ സ്വയം നാലിരട്ടിയാകുന്ന കോംപൗണ്ടിങ് മാജിക് വഴി ഇവർ കൂടുതൽ സമ്പന്നരാകുന്നു. സ്വിറ്റ്‌സർലൻഡുകാർ മാത്രമല്ല കേരളത്തിൽ വരുന്ന പല വിദേശികളെയും ശ്രദ്ധിച്ചാൽ എത്ര സൂക്ഷിച്ചാണ് അവർ പണം ചെലവാക്കുന്നത് എന്ന് മനസിലാകും. വാടകക്ക് ഒരു കാർ വിളിച്ചാൽ 'എത്ര രൂപയാകും വാടക' എന്ന് ചോദിക്കാൻ പോലും നാണിക്കുന്നവരാണ് മലയാളികൾ. കാർ ഡ്രൈവർ തന്നെ മോശമായി കണ്ടാലോ എന്ന 'പേടി' ആണ് ഇതിനു പിന്നിൽ. എന്നാൽ പൊതുവെ വിദേശികളിൽ പലരും മുൻകൂട്ടി തുക മനസിലാക്കി മാത്രമേ നിസാര തുകകൾ പോലും ചെലവാക്കുകയുള്ളൂ.
നൈപുണ്യ നിക്ഷേപങ്ങൾക്ക് മുൻഗണന
'ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ' എന്ന ചിന്താഗതി അല്ല സ്വിറ്റ്‌സർലൻഡുക്കാർക്കുള്ളത്.സ്വിറ്റ്സർലൻഡിൽ ബിരുദം നേടുന്നതിന് മാത്രമല്ല, മൂല്യവത്തായ കഴിവുകൾ വികസിപ്പിക്കുന്നതിനും വളരെ പ്രാധാന്യം കൊടുക്കുന്നു. ശരാശരി, സ്വിസ് വ്യക്തികൾ അവരുടെ വാർഷിക വരുമാനത്തിന്റെ 5-10 ശതമാനം വ്യക്തിഗത വളർച്ചയ്ക്കായി നീക്കിവയ്ക്കുന്നു. ഭാഷകൾ, സാങ്കേതികവിദ്യ, സാമ്പത്തിക സാക്ഷരത എന്നിവയിലെ വൈദഗ്ധ്യം ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങൾ നൽകുന്ന മൂല്യവത്തായ നിക്ഷേപങ്ങളായി കണക്കാക്കുന്നു എന്ന് ചുരുക്കം.
ബാങ്കിങ് രീതികൾ
"എല്ലാത്തിനും ഒരു അക്കൗണ്ട്. വരവും, ചെലവും ആപ്പുകൾ ഉണ്ടെങ്കിൽ കൂടി മാനേജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ" എന്ന ഇന്ത്യക്കാരുടെ മനോഭാവവുമല്ല സ്വിസ് പൗരന്മാർക്ക്. സ്വിസ് കോടീശ്വരന്മാർ അവരുടെ സാമ്പത്തികം കൈകാര്യം ചെയ്യാൻ "മൾട്ടി-ബാങ്ക്" അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. സാധാരണ ഇടപാടുകൾക്കായി പ്രാദേശിക ബാങ്കുകളും, അനുയോജ്യമായ സമ്പത്ത് മാനേജ്മെന്റിനായി സ്വകാര്യ ബാങ്കുകളും വിദേശ വിനിമയത്തിനും ആഗോള നിക്ഷേപത്തിനുമായി രാജ്യാന്തര ബാങ്കുകളും ഉപയോഗിക്കുന്നു. പലപ്പോഴും ഇന്ത്യയിൽ ബാങ്ക് തട്ടിപ്പുകൾ ശ്രദ്ധിച്ചാൽ ഇരകളിലേറെപ്പേർക്കും ഒരു ബാങ്ക് അക്കൗണ്ടാണ് എല്ലാ പണവും സൂക്ഷിക്കാൻ ഉള്ളത് എന്ന് മനസിലാകും. ഇന്റർനെറ്റ് – മൊബൈൽ ബാങ്കിങ്ങിന് ഒരു അക്കൗണ്ടും സ്വത്ത് സമ്പാദിക്കാനും-സൂക്ഷിക്കാനും, വളർത്താനും മറ്റൊരു അക്കൗണ്ടും എന്ന രീതിയിലേക്കെങ്കിലും നമുക്കിനി വളരേണ്ടേ ?
സമ്പത്തുള്ള രാജ്യമായതു കൊണ്ട് മാത്രമല്ല സ്വിറ്റ്സർലൻഡ് പൗരന്മാർ അതിസമ്പന്നരാകുന്നത് എന്ന് മനസിലായില്ലേ? ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങിയിട്ടും സമ്പാദ്യം ഒന്നുമില്ലാത്ത നൂറു കണക്കിന് ഐടി ജീവനക്കാർ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലുമുണ്ട്. നമുക്ക് എത്ര ലഭിക്കുന്നു എന്നുള്ളത് സമ്പത്തു വളർത്താനുള്ള മാനദണ്ഡമല്ല. മറിച്ച് നമ്മുടെ കൈയ്യിൽ വരുന്ന പണം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചാണ് സമ്പത്ത് വളരുന്നത്. ഈ വളരെ നിസാരമായ ഒരു കാര്യം മനസിലാക്കിയാൽ നമുക്കും സമ്പത്ത് കുന്നുകൂട്ടാം. എനിക്ക് അതിന് 25000 രൂപയല്ലേ മാസം വരുമാനമുള്ളൂ എന്നാണോ ചിന്തിക്കുന്നത്. 25000 രൂപ വരുമാനത്തിൽ കൂടുതലുള്ള ജീവിത രീതിയാണ് നമുക്ക് പലപ്പോഴും വിനയാകുന്നത്. ഏത് സാധനങ്ങളും കുറഞ്ഞ വിലയിലും, കൂടുതൽ വിലയിലും വാങ്ങാൻ സാധിക്കുന്ന ഒരു സാഹചര്യം ഇന്ന് ഇന്ത്യയിലുണ്ട്. കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതി എന്ന തീരുമാനം മാത്രം മതി നമ്മുടെ സമ്പത്ത് വളർത്തുന്ന യാത്രക്ക് തുടക്കം കുറിക്കാൻ. അതിനിടക്ക് 'നാട്ടുകാരെ കാണിക്കുന്ന' കലാപരിപാടികൾ ഒഴിവാക്കിയാൽ മാത്രം ഒരു വർഷത്തിനുള്ളിൽ പോലും നമ്മുടെ ജീവിതത്തിലും വ്യത്യാസങ്ങൾ വരുന്നത് കാണാം.