തീമാറ്റിക് ഫണ്ട്, വിജയികൾ മാറിയാലും നിങ്ങളുടെ നേട്ടം കുറയില്ല
Mail This Article
ടെക്നോളജി, ഹെൽത്ത് കെയർ, ക്ലീൻ എനർജി എന്നിവപോലെ ഒരു പൊതുവായ ആശയം, അല്ലെങ്കിൽ പ്രവണതയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിനെയാണ് ‘തീം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ പൊതുസൂചികകളെ മറികടന്ന് വലിയ നേട്ടം നൽകാൻ തീമാറ്റിക് നിക്ഷേപങ്ങൾക്കു സാധിക്കും.
ഘടനാപരമായ മാറ്റങ്ങൾ, സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങൾ, വിപണിയിലെ ട്രെൻഡുകള്‍ തുടങ്ങിയവയിൽ നിന്നൊക്കെ നേട്ടമെടുക്കാൻ ഈ നിക്ഷേപരീതി സഹായിക്കും. ഡോട്ട്കോം ബബിളും കോവിഡ് സമയത്ത് ഫാർമസ്യൂട്ടിക്കൽ മേഖല കുതിച്ചതുമെല്ലാം ഉദാഹരണം.
അതേ സമയം സാഹചര്യങ്ങൾക്കനുസൃതമായി തീം തിരഞ്ഞെടുക്കുക എന്നത് സാധാരണ നിക്ഷേപകന് എളുപ്പമേ അല്ല. കാരണം പ്രത്യേക തീമുകളെ ക്കുറിച്ചും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ ക്കുറിച്ചും വ്യക്തവും ആഴത്തിലുമുളളതുമായ ധാരണ നിക്ഷേപകർക്കു വേണം. മാത്രമല്ല, വിപണി ചാഞ്ചാട്ടങ്ങളിൽ സംയമനത്തോടെ പെരുമാറാനും എക്സിറ്റ് സ്ട്രാറ്റജി ഉണ്ടാക്കാനും കഴിയണം. അതിനൊപ്പം ഹ്രസ്വകാല/ദീര്‍ഘകാല നികുതിയും പരിഗണിക്കണം. ഇതൊന്നും ഒരു സാദാ ഓഹരി നിക്ഷേപനു കഴിയില്ല. അവിടെയാണ് തീമാറ്റിക് മ്യൂച്വൽഫണ്ടുകളുടെ പ്രധാന്യം. ഏതൊരു സാധാരണക്കാരനും തീമാറ്റിക് ഫണ്ടുകളിൽ നിക്ഷേപിച്ച് നേട്ടമെടുക്കാം.
ഈയൊരു വിഭാഗത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ തീമാറ്റിക് അഡ്വാന്‍റേജ് ഫണ്ട് (ഫണ്ട് ഓഫ് ഫണ്ട്). ഐസിഐസിഐയുടെതന്നെ വിവിധ തീമുകളിലെ മ്യൂച്വൽ ഫണ്ടുകളിലാണ് തീമാറ്റിക് അഡ്വാന്‍റേജ് ഫണ്ടിന്‍റെ നിക്ഷേപം. അവസരങ്ങൾക്കനുസരിച്ച്, നിക്ഷേപിക്കുന്ന ഫണ്ട് വിഭാഗങ്ങളും അവയുടെ തോതും മാറിക്കൊണ്ടിരിക്കും. നവംബർ 14ലെ എൻഎവി അനുസരിച്ച് ഈ ഫണ്ടിന്റെ ഒരു വർഷത്തെ നേട്ടം 32% ആണ്. 17% ആണ് മൂന്നു വർഷത്തെ ശരാശരി നേട്ടം. അഞ്ചുവർഷക്കാലയളവിൽ 25.75% വളർച്ചയും ഈ ഫണ്ട് നൽകിയിട്ടുണ്ട്.
ലേഖകൻ സീജ് ക്യാപിറ്റൽ ഹോൾഡിങ്സിന്റെ സ്ഥാപകനാണ്
ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്