സൂപ്പർസ്റ്റാർ രജനിക്ക് ഇന്ന് പിറന്നാൾ മധുരം; 'തലൈവരുടെ' ആസ്തിയും ആഡംബര വാഹന ശേഖരവും ഇങ്ങനെ
Mail This Article
തലൈവർ, തമിഴ് സൂപ്പർസ്റ്റാർ, സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74-ാം പിറന്നാൾ മധുരം. പ്രായം വെറും നമ്പർ എന്നോണം സിനിമകളിൽ ഇന്നും ത്രസിപ്പിക്കുന്ന നായകതാരമായി മിന്നുന്ന രജനികാന്തിന്റെ അഭിനയജീവിതവും അരനൂറ്റാണ്ടിലേക്ക് അടുക്കുകയാണ്. പ്രശസ്ത സംവിധായകൻ കെ. ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ എന്ന ചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ച ശിവാജി റാവു ഗെയ്ക്‍വാദിന്, ‘രജനികാന്ത്’ എന്ന പേര് സമ്മാനിച്ചതും ബാലചന്ദർ തന്നെ.
ആരാധകർ ‘തലൈവർ’ എന്ന് വിളിക്കുന്ന രജനികാന്ത് അഭിനയലോകത്ത് 50-ാം വർഷത്തിലേക്ക് അടുക്കുമ്പോൾ പിന്നിട്ട നാൾവഴികളും നിരവധി. ചലച്ചിത്ര പ്രവർത്തകൻ എന്നതിന് പുറമേ തികഞ്ഞ മനുഷ്യസ്നേഹി എന്ന നിലയിലും ഭാഷാവ്യത്യാസമില്ലാതെ ആരാധകഹൃദയങ്ങൾ കീഴടക്കാൻ രജനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴും ‘ചൂടൻ’ താരം
തമിഴ് എന്നല്ല, ഇന്ത്യൻ സിനിമാലോകത്തു തന്നെ ഇപ്പോഴും മികച്ച മാർക്കറ്റ് ഉള്ളതും ഉയർന്ന പ്രതിഫലം പറ്റുന്നതുമായ താരങ്ങളിലൊരാളാണ് രജനികാന്ത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് 430 കോടി രൂപയോളം ആസ്തിയുണ്ട്. ഓരോ സിനിമയ്ക്കും 125 കോടി രൂപ മുതൽ 270 കോടി രൂപവരെ പ്രതിഫലവും വാങ്ങുന്നു.
1975ൽ അപൂർവരാഗത്തിലൂടെയാണ് തുടക്കമെങ്കിലും 1978ൽ ‘ഭൈരവി’ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകവേഷമണിഞ്ഞത്. തുടർന്ന്, അതിവേഗം രജനിയെ തേടി ‘സൂപ്പർസ്റ്റാർ’ പട്ടമെത്തി. 1995ലെ ബാഷാ, 2007ലെ ശിവാജി, 2010ലെ യെന്തിരൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കാൻ രജനിക്ക് കഴിഞ്ഞു.
രജനിയുടെ ആഡംബര കാറുകൾ
1950 ഡിസംബർ 12ന് ബെംഗളൂരുവിലാണ് രജനിയുടെ ജനനം. സിനിമയിൽ എത്തുംമുമ്പ് ബെംഗളൂരുവിൽ ബസ് കണ്ടക്ടർ ആയി ജോലി ചെയ്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. 1973ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. രണ്ടുവർഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് ആദ്യ ചുവട്. ലതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഐശ്വര്യ, സൗന്ദര്യ എന്നിവർ മക്കളും.
ചെന്നൈയിലെ പ്രശസ്തമായ പോയസ് ഗാർഡനിലാണ് രജനിയുടെ വീട്. ഈ വീടിന് 2023ലെ കണക്കുപ്രകാരം 35 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഡംബരകാറുകൾ വാങ്ങുന്നതും രജനിയുടെ ഇഷ്ടങ്ങളിലൊന്നാണ്. റോൾസ്-റോയ്സിന്റെ 6 കോടി രൂപ മതിക്കുന്ന ഗോസ്റ്റ്, 16.5 കോടി രൂപ വിലയുള്ള റോൾസ്-റോയ്സ് ഫാന്റം, 1.77 കോടി രൂപയുടെ ബിഎംഡബ്ല്യു എക്സ്5, 2.55 കോടി രൂപ വിലയുള്ള മെഴ്സിഡെസ് ബെൻസ് ജി-വാഗൺ എന്നിവ അദ്ദേഹത്തിന്റെ ഗ്യാരിജിൽ കാണാം.
മാത്രമോ, 3.10 കോടി രൂപയുടെ ലംബോർഗിനി ഉറൂസ്, 6 കോടി രൂപ വിലയുള്ള ബെന്റ്ലി ല്യൂമിനസ് എന്നിവയും. ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക്, പ്രീമിയർ പദ്മിനി, ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡർ എന്നിവയും ശേഖരത്തിലുണ്ട്. ചെന്നൈയിൽ ഒരേസമയം 1,000 പേർക്ക് ഇരിക്കാവുന്ന രാഘവേന്ദ്ര കല്യാണ മണ്ഡപവും രജനികാന്തിനുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ മണ്ഡപത്തിന് മൂല്യം 20 കോടി രൂപ വരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business