ADVERTISEMENT

Q. എന്റെ പേര് ആദിത്യൻ. എനിക്കും ഭാര്യയ്ക്കും 27 വയസ്സാണ്. രണ്ടുപേരും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. 30,000 രൂപയാണ് രണ്ടുപേർക്കുംകൂടി ലഭിക്കുന്ന ശമ്പളം. എനിക്ക് 16,000, ഭാര്യയ്ക്ക് 14,000 രൂപയും. വർഷം 500–1,500 രൂപ ശമ്പളവർധന ഉണ്ടായേക്കാം. അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. 2 കുട്ടികൾ വേണമെന്നും അതിൽ ആദ്യത്തേയാൾ അടുത്ത വർഷമാവുമ്പോഴേക്കും വേണമെന്നുമാണ് ആഗ്രഹം. വീട്ടുചെലവ് 15,000 രൂപയാണ്.

ഇതുവരെയുള്ള സേവിങ്സ് താഴെ പറയുന്നു.

∙എമർജൻസി ഫണ്ട് – 1 ലക്ഷം രൂപ.

∙ജോലി ചെയ്യുന്ന സ്ഥാപനത്തിൽതന്നെയുള്ള 3 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്. കയ്യിൽ ആകെയുള്ള 10 പവനിൽ 7 പവൻ പണയംവച്ചാണ് ഈ തുക കണ്ടെത്തിയത്. ഇതിനു വർഷം 12% പലിശയുണ്ട്.  മാസം 3,000 രൂപ ലഭിക്കും. ഈ സ്വർണപ്പണയം അല്ലാതെ മറ്റു ബാധ്യതകളില്ല.  അടുത്ത വർഷം പണയം തിരിച്ചെടുക്കാനാവുമെന്നാണു കരുതുന്നത്. 

∙2025 ജനുവരിയിൽ അടവുതീരുന്ന ഒരു ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. കുട്ടിയുണ്ടാവുമ്പോൾ ആ സമയത്തേക്ക് ഈ തുക ഉപയോഗിക്കാമെന്നു കരുതുന്നു. 5,000 രൂപയാണ് ചിട്ടി അടവ്. ഈ അടവ് കൂടാതെയാണ് 15,000 രൂപ ചെലവ്.

ai-generated-image-corporate-happy-mood-red-dress-woman

ലക്ഷ്യങ്ങൾ

ഇനി സാമ്പത്തികഭദ്രത ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് & ടേം ഇൻഷുറൻസ് എന്നിവ വേണം. നേരത്തെയുള്ള റിട്ടയർമെന്‍റിനായി തുക സമാഹരിക്കണം. ഭാവിയിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി പണം സമാഹരിക്കണം. ഓഹരി, മ്യൂച്വൽഫണ്ടിലെ നിക്ഷേപത്തിലൂടെ എന്‍റെ സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാനാവും? നല്ല നിക്ഷേപങ്ങളും നിർദേശിക്കാമോ?

Aഉയർന്ന ശമ്പളമോ സാമ്പത്തികഭദ്രതയോ അല്ല സാമ്പത്തികാസൂത്രണം നടത്തുന്നതിനുള്ള മാനദണ്ഡം. വരുമാനം, സാമ്പത്തികനില, പ്രായം, ബാധ്യത എന്നിവ സാമ്പത്തികാസൂത്രണം ചെയ്യുമ്പോൾ പ്രധാന ഘടകങ്ങളാണെന്നതു ശരി തന്നെ. പക്ഷേ, സാമ്പത്തികാസൂത്രണം ചെയ്യണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതിൽ നിർണായകമായ ഘടകങ്ങളല്ല ഇവ. ഉദാഹരണമായി, ചെറിയ പ്രായത്തിൽതന്നെ സാമ്പത്തികാസൂത്രണം നടത്തിയാൽ കുറഞ്ഞ പ്രതിമാസ നിക്ഷേപങ്ങൾകൊണ്ടുതന്നെ വിരമിക്കുന്ന സമയത്ത്  കൂടുതൽ സാമ്പത്തികഭദ്രത കൈവരിക്കാം. അതേസമയം റിട്ടയർമെന്റിനോടടുത്തു നിൽക്കുന്ന ആളാണ് സാമ്പത്തികാസൂത്രണം ചെയ്യുന്നതെങ്കിൽ ഇതുവരെ സമാഹരിച്ചതും ഇനി സമാഹരിക്കാൻ കഴിയുന്നതും ചേർത്താൽ എത്ര തുക ഉണ്ടാകും, വിരമിച്ചശേഷം ജീവിക്കാൻ ഈ തുക പര്യാപ്തമാണോ, ഇല്ലെങ്കിൽ അധിക തുക കണ്ടെത്താൻ എന്തുചെയ്യണം എന്നീ കാര്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടിവരും. 

happy-family

മാത്രമല്ല, സാമ്പത്തികാസൂത്രണം എന്നത് ഒറ്റത്തവണ ചെയ്ത് മാറിനിൽക്കേണ്ട ഒരു കാര്യമല്ല. സാമ്പത്തികനില വ്യത്യാസപ്പെടുന്നതനുസരിച്ച് എല്ലാ വർഷവും ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓർക്കണം. അതുകൊണ്ടുതന്നെ ഓരോരുത്തരും ചെറിയ രീതിയിലെങ്കിലും ഒരു സാമ്പത്തികാസൂത്രണം നടത്തി സാമ്പത്തിക അച്ചടക്കവും നിക്ഷേപവും വർധിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. 

ഇവിടെ താങ്കൾക്കും ഭാര്യയ്ക്കും 27 വയസ്സാണ്. ഒരു കരിയറിന്റെ തുടക്കം എന്നു പറയാവുന്ന സമയമാണിപ്പോൾ. അതുകൊണ്ടുതന്നെ ഭാവിയിൽ വരുമാനത്തിലും ചെലവുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവാനിടയുണ്ട്. ജീവിതസാഹചര്യങ്ങളിലും മാറ്റം വരാം. എന്നിരുന്നാലും ഇപ്പോൾതന്നെ സാമ്പത്തികാസൂത്രണം ചെയ്യുക എന്ന തീരുമാനം താങ്കളുടെ ജീവിതം കൂടുതൽ ഭദ്രമാക്കാൻ സഹായിക്കും. 

ഇപ്പോൾ താങ്കൾക്ക് 16,000 രൂപയും ഭാര്യയ്ക്ക് 14,000 രൂപയുമാണു ലഭിക്കുന്നത്. അതായത് ആകെ വരുമാനം 30,000 രൂപയാണ്. ഇതിൽനിന്ന് ജീവിതച്ചെലവിന് 15,000 രൂപ മാറ്റിയശേഷം 15,000 രൂപ മിച്ചംപിടിക്കാൻ സാധിക്കുന്നുണ്ട്. അതായത്, വരുമാനത്തിന്റെ 50% തുക ഇന്നു നിക്ഷേപമാക്കാൻ സാധിക്കുന്നു. അതു നല്ല കാര്യംതന്നെ. എന്നാൽ രണ്ടുേപരുടെയും വരുമാനം താരതമ്യേന കുറവായതുകൊണ്ട് ആദ്യപടിയായി വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്നു ചെയ്യണം. നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച്, ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിക്ക് അർഹതയുണ്ടെങ്കിൽ അതിനായി ശ്രമിക്കാം. അതല്ലായെങ്കിൽ പുതിയ സംരംഭമോ മറ്റോ തുടങ്ങി അധിക വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുക. 

Young indian couple reading paper bills paying loan bank debt online together on computer, calculating taxes, income, making payments, planning family budget money finances using laptop at home.
Young indian couple reading paper bills paying loan bank debt online together on computer, calculating taxes, income, making payments, planning family budget money finances using laptop at home.

ഇപ്പോഴത്തെ വരുമാനവും ശമ്പളവർധനവുംകൊണ്ടു നിലവിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നുണ്ട്. പക്ഷേ, ഭാവിയിൽ ചെലവുകൾ ഉയരുന്നതനുസരിച്ച് സാമ്പത്തിക പ്രതിസന്ധിയിലേക്കും ബാധ്യതകളിലേക്കും പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വരുമാനസ്രോതസ് മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

താങ്കളുടെ നിലവിലെ നിക്ഷേപവും അവയുടെ ഉപയോഗവും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന രീതി താങ്കളുടെ സാമ്പത്തികകാര്യങ്ങളിലുള്ള അച്ചടക്കം കാണിക്കുന്നുണ്ട്.

എമർജൻസി സാഹചര്യങ്ങളെ നേരിടാനായി ഒരു ലക്ഷം രൂപ പ്രത്യേകം നീക്കിവച്ചിട്ടുണ്ടല്ലോ. ഈ തുക ഈ ആവശ്യത്തിനുതന്നെ വിനിയോഗിക്കാം. രണ്ടോ മൂന്നോ സ്ഥിരനിക്ഷേപമായി ഇതു സൂക്ഷിക്കുകയാണെങ്കിൽ ആവശ്യസമയത്ത് ആവശ്യമുള്ള സ്ഥിരനിക്ഷേപം പിൻവലിച്ചാൽ മതിയാകും. പലിശയിനത്തിലെ നഷ്ടം ഒഴിവാക്കാൻ ഇതു സഹായിക്കും. 

ചിട്ടിയിലെ നിക്ഷേപം

ഒരു നിക്ഷേപമായി താങ്കളുടെ കയ്യിലുള്ളത് 5,000 രൂപ വച്ച് അടവുവരുന്ന ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ്. ഇതു കുട്ടിയുണ്ടാകുമ്പോൾ ഉണ്ടാകാനിടയുള്ള ആശുപത്രിച്ചെലവുകൾക്കും മറ്റുമായി വിനിയോഗിക്കാനുള്ളതാണ്. ഇനി രണ്ട് അടവുകൂടി മാത്രമേയുള്ളൂ എന്നത് ആശ്വാസമാണ്. ഈ തുകയും ഈ ലക്ഷ്യത്തിനായിത്തന്നെ വിനിയോഗിക്കാം.

മറ്റൊരു നിക്ഷേപം എന്നു പറയുന്നത് 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ്. എന്നാൽ, ഇത് സ്വർണം പണയംവച്ചു നിക്ഷേപിച്ചതായതുകൊണ്ട് തിരിച്ചെടുക്കാനായിട്ട് ഈ തുക വിനിയോഗിക്കേണ്ടതായിട്ടുവരും. കൂടാതെ പ്രതിമാസം ലഭിക്കുന്ന പലിശ വരുമാനത്തിന്റെ ഒരു ഭാഗം സ്വർണവായ്പയുടെ പലിശയടയ്ക്കാൻ മാറ്റിവയ്ക്കാനും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഈ തുക ആവശ്യസമയത്തു കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് എന്നിവയാണല്ലോ പ്രധാന ലക്ഷ്യങ്ങൾ. കുട്ടിയുണ്ടായിക്കഴിഞ്ഞ് നിക്ഷേപിക്കുന്നതിനു പകരം ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങിയാൽ,  3,000 രൂപ വീതം നിക്ഷേപിച്ചാൽ, ഇന്നത്തെ 5 ലക്ഷം രൂപയ്ക്കു തുല്യമായ തുക 18 വർഷം കഴിഞ്ഞു സമാഹരിക്കാനാകും. ദീർഘകാല നിക്ഷേപമായതുകൊണ്ട് ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളാവും അനുയോജ്യം.

man-woman-indian-matured-happy-mood-ai-image

റിട്ടയർമെന്റിനായി തുക കണ്ടെത്തുക എന്നതാണ് അടുത്ത ലക്ഷ്യം. ഇപ്പോൾ 27 വയസ്സുള്ള താങ്കൾക്ക് 60 വയസ്സുവരെ ജോലിചെയ്യാനാകും എന്നു കരുതാം. അങ്ങനെയെങ്കിൽ ഇന്നത്തെ ജീവിതച്ചെലവായ 15,000 രൂപയ്ക്കു തുല്യമായ തുക 33 വർഷത്തിനുശേഷം ലഭിക്കണം. അതിനായി  ഇപ്പോൾമുതൽ 5,200 രൂപവീതം ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അതായത്, റിട്ടയർമെന്റിനുശേഷം 80 വയസ്സുവരെ ജീവിക്കുന്നതിന് 2.25 കോടി രൂപ േവണ്ടി വരും. മ്യൂച്വൽഫണ്ടിൽ 12% വളർച്ച ലഭിച്ചാൽ ഇതു സാധ്യമാണ്. 

അതേസമയം ഇന്നത്തെ ജീവിതച്ചെലവ് 20,000 രൂപയായി കണക്കാക്കിയാൽ അന്ന് 3 കോടി രൂപ ആവശ്യമായിവരും. അത്രയും സമാഹരിക്കാൻ 7,000 രൂപ മാസം നിക്ഷേപിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ കുട്ടിയുടെ വിദ്യാഭ്യാസത്തിനും റിട്ടയർമെന്റിനുമായി 10,000 രൂപ എല്ലാ മാസവും ഇന്നു മുതൽ നീക്കിവയ്ക്കേണ്ടതായിട്ടുവരും.

ഇപ്പോൾ 15,000 രൂപ മിച്ചംപിടിക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ 10,000 രൂപ കുട്ടിയുടെ വിദ്യാഭ്യാസത്തിനും റിട്ടയർമെന്റിനുമായി നീക്കിവയ്ക്കുക. ബാക്കി തുക ഉടൻ വരാനിടയുള്ള മറ്റു ജീവിതലക്ഷ്യങ്ങൾക്കും ഇൻഷുറൻസ് പ്രീമിയത്തിനുംവേണ്ടി വിനിയോഗിക്കാം. എന്നിരുന്നാലും ഇന്നത്തെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കുകയും അതനുസരിച്ച് കൂടുതൽ തുക മിച്ചംപിടിച്ച് നിക്ഷേപം വർധിപ്പിക്കാൻ പരിശ്രമിക്കേണ്ടതും അത്യാവശ്യമാണ്. രണ്ടാമത്തെ കുട്ടിയാകുമ്പോഴേക്ക് വരുമാനം ഉയർത്തി അതിൽനിന്നു നിക്ഷേപിക്കാൻ ശ്രമിക്കാം.

നിലവിൽ ഹെൽത്ത് ഇൻഷുറൻസ് ഇല്ല എങ്കിൽ രണ്ടു ലക്ഷം രൂപയുടെ  ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കുക. കൂടാതെ, 50 ലക്ഷം രൂപവരെയുള്ള ടേം ഇൻഷുറൻസ് എടുക്കാനും ശ്രമിക്കുക. സർക്കാർ ലഭ്യമാക്കുന്ന ഇൻഷുറൻസ് പദ്ധതികളും പരമാവധി പ്രയോജനപ്പെടുത്താം.

ഡിസംബർ ലക്കം മനോരമ സമ്പാദ്യം "ഹാപ്പി ലൈഫില്‍" പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഇ–മെയിൽ: sampadyam@mm.co.in വാട്സാപ്–9207749142

English Summary:

This article provides financial advice to a young couple earning Rs. 30,000 per month. It emphasizes the importance of financial planning regardless of income level and offers practical tips on savings, investments, retirement planning, and securing their children's future.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com