ADVERTISEMENT

സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണെന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇന്റലിജൻസ് ' കൂടി നമുക്ക് വേണ്ടേ?

എന്താണ് ഫിനാൻഷ്യൽ  ഇന്റലിജൻസ്?

 നിങ്ങളുടെ പക്കൽ എത്ര പണമുണ്ട് എന്നതിലല്ല, മറിച്ച് കൈയ്യിലുള്ള പണം  എത്ര നന്നായി  കൈകാര്യം ചെയ്യുന്നു എന്നതാണ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് കൊണ്ട് അർത്ഥമാക്കുന്നത്. ദീർഘകാല സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്ന പെരുമാറ്റങ്ങൾ നമ്മളിൽ പലർക്കുമുണ്ട്. താഴെ പറയുന്നവയിൽ ഏതെങ്കിലും കാര്യങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് പരിശോധിക്കുക.

itr5

കടത്തിൽ ജീവിക്കാൻ ഇഷ്ടം

കടത്തിൽ ജീവിക്കുക എന്ന കാര്യം ചിലർക്ക് പുത്തരിയല്ല. കടം എടുത്തു മാത്രമല്ല കടത്തിൽ ജീവിക്കുന്നത്. ആധുനിക യുഗത്തിൽ ക്രെഡിറ്റ് കാർഡ് കടം വരുത്തുന്ന കാര്യം തന്നെയാണ്. ഒരു പ്രാവശ്യം തിരിച്ചടയ്ക്കുന്നത് മുടക്കിയാൽ പലിശ കൂടി വീണ്ടും കടം പെരുകാൻ ഇത് കാരണമാകും.

സാമ്പത്തിക സാക്ഷരത

സാമ്പത്തിക സാക്ഷരതയുടെ ആദ്യ പടിയാണ് കണക്കുകൾ സൂക്ഷിക്കുക എന്ന കാര്യം. ഒരു മാസത്തെ ചെലവുകളെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടത് സാമ്പത്തിക അച്ചടക്കത്തിലേക്ക് നയിക്കും. ആദ്യം ഒരു മാസത്തേക്ക് ചെലവഴിച്ച ഓരോ രൂപയും എന്തിനു വേണ്ടിയാണ്  ചെലവഴിച്ചത് എന്ന്  തരംതിരിക്കുക. യഥാർത്ഥ ചെലവ് രീതികൾ മനസിലാക്കാൻ ഇത് സഹായിക്കും. ഇതിനെ അടിസ്ഥാനമാക്കി റിയലിസ്റ്റിക് ബജറ്റ് ഉണ്ടാക്കുക. ഇപ്പോൾ പല സാമ്പത്തിക ആപ്പുകളും ഇത്തരം കാര്യങ്ങളിൽ അച്ചടക്കമുണ്ടോ എന്ന് നോക്കാൻ സഹായിക്കും. ഇത് നല്ല സാമ്പത്തിക ശീലങ്ങൾ നിലനിർത്തുന്നത് എളുപ്പമാക്കുന്നു.

വികാരങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക  തീരുമാനങ്ങൾ എടുക്കുക

യുക്തിക്ക് പകരം വികാരങ്ങളാൽ നയിക്കപ്പെടുന്ന സാമ്പത്തിക തീരുമാനങ്ങൾ പലപ്പോഴും മോശം ഫലങ്ങളിലേക്ക് നയിക്കുന്നു. വൈകാരികാവസ്ഥകൾ വാങ്ങൽ സ്വഭാവത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദുഃഖമോ ഉത്കണ്ഠയോ പോലുള്ള നിഷേധാത്മക വികാരങ്ങൾ അനുഭവിക്കുമ്പോൾ വ്യക്തികൾ കൂടുതൽ സാധനങ്ങൾ വാങ്ങാൻ  സാധ്യതയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. വിഷമം മറക്കാൻ ഷോപ്പിങ് ചെയ്യുന്ന ശീലങ്ങൾ പലർക്കുമുണ്ട്.

fraud1

എങ്ങനെയും പണത്തെ കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക

 നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കെങ്കിലും പണ സംബന്ധമായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്താറുണ്ടോ? ഇത്  നിങ്ങളുടെ സാമ്പത്തിക സ്ഥിതി സത്യസന്ധമായി അവലോകനം ചെയ്യാൻ സഹായിക്കും. കുറച്ചു മാസങ്ങൾ കൊണ്ട് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകുന്നത് കാണാൻ കഴിയും. ഇങ്ങനെ ചെയ്‌താൽ  ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി ചർച്ചകളിലൂടെ‌ ദീർഘ കാല സമ്പത്ത് വളർത്താൻ കഴിയും.  പണത്തെക്കുറിച്ചുള്ള തുറന്ന ആശയവിനിമയം ആത്മവിശ്വാസം വളർത്തുകയും മികച്ച സാമ്പത്തിക തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുക

കുറഞ്ഞ സാമ്പത്തിക സാക്ഷരതയുള്ളവർ വേഗത്തിലുള്ള വരുമാനം അല്ലെങ്കിൽ ഗ്യാരണ്ടീഡ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകൾക്ക് പ്രത്യേകിച്ചും ഇരയാകാറുണ്ട്. ചിട്ടയായി പണമുണ്ടാക്കുന്നതിനു പകരം ഒറ്റയടിക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന തട്ടിപ്പ് പദ്ധതികളിൽ ഇത്തരക്കാർ വേഗം വീഴും.

സമ്മർദം കാരണം ഒരിക്കലും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്. അവസരം വളരെ നല്ലതാണെന്ന് തോന്നുകയാണെങ്കിൽ, അത് ശരിയാണോ എന്ന് രണ്ടാമതൊന്നു ചിന്തിക്കാൻ തയ്യാറാകണം.

അടിയന്തിര കാര്യങ്ങൾക്ക് പണം സൂക്ഷിക്കാതിരിക്കുക

പെട്ടെന്ന് ജോലി പോകുകയോ, കുടുംബാംഗങ്ങൾക്ക് അസുഖം പോലുള്ള എന്തെങ്കിലും പ്രശ്നമോ ഉണ്ടായാൽ എടുക്കാൻ തരത്തിൽ എമർജൻസി ഫണ്ട് കരുതാറുണ്ടോ? കുറഞ്ഞത് 3 മാസത്തെ ശമ്പളമെങ്കിലും ഇത്തരത്തിൽ സൂക്ഷിച്ചാൽ പെട്ടെന്നുള്ള ആവശ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം.

banking-jobs-financial-sector-stress-series

ഭാവിയെ കുറിച്ച് ആലോചിക്കാറില്ല. ഇപ്പോഴത്തെ സംതൃപ്തി പ്രധാനം

ദീർഘകാല നേട്ടങ്ങളെക്കാൾ ഉടനടിയുള്ള സംതൃപ്തിക്ക് മുൻഗണന കൊടുക്കുന്നവർക്ക് സമ്പത്ത് വളർത്താൻ ബുദ്ധിമുട്ടായിരിക്കും. വിദേശത്ത് നടത്തിയിരിക്കുന്ന പല പരീക്ഷണങ്ങളിലും ഈ കാര്യം തെളിഞ്ഞിട്ടുള്ളതാണ്. മാതാപിതാക്കൾ ഇപ്പോഴുള്ള കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി പണം ചെലവഴിക്കുന്നത് കാണുമ്പോൾ കുട്ടികളിലും അതുപോലെയുള്ള താല്പര്യങ്ങൾ വളരും. അതുകൊണ്ടാണ് മിക്ക സാമ്പത്തിക പ്രശ്നങ്ങളും പെരുമാറ്റം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് പറയുന്നത്.  

വിദ്യാഭ്യാസം, പരിശീലനം, ശ്രദ്ധാപൂർവമായ തീരുമാനങ്ങൾ എന്നിവയിലൂടെയാണ്  സാമ്പത്തിക ബുദ്ധി വികസിക്കുന്നത്. എന്നാൽ സാമ്പത്തിക അച്ചടക്കമില്ലാത്ത സ്വഭാവം ഉണ്ടെന്നു തിരിച്ചറിയുന്നിടത്താണ്   സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്താനും സാമ്പത്തിക ബുദ്ധി കൂട്ടാനും സാധിക്കുകയുള്ളൂ.അതുകൊണ്ടു പണം ചോരുന്ന രീതിയിൽ പെരുമാറ്റം ഉണ്ടെങ്കിൽ അത് ബോധപൂർവം  മാറ്റിയെടുക്കാൻ ശ്രമിക്കാം. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടാകുന്നത് കാര്യങ്ങൾ മാറ്റി മറിക്കും. സാമ്പത്തിക ചോർച്ചകൾ കണ്ടെത്തി തരാനും അതിനനുസരിച്ച് പ്രശ്ന പരിഹാരം ഉപദേശിക്കാനും കഴിവുള്ള ആളാണെങ്കിൽ, അത് ദീർഘകാല സാമ്പത്തിക ആരോഗ്യത്തിൽ നല്ല മാറ്റം വരുത്തും.

English Summary:

Discover the difference between financial literacy and financial intelligence. Learn how to identify and overcome financially unhealthy habits to achieve long-term financial well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com