വീണിടത്ത് നിന്നും തിരിച്ചു കയറി ഇന്ത്യൻ വിപണി, നേതൃത്വം നൽകി എസ്ബിഐയും ഇൻഫോസിസും
Mail This Article
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി.
23746 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് തകർന്നെങ്കിലും 23496 പോയിന്റിൽ പിന്തുണ നേടിയ ശേഷം 18 പോയിന്റ് മാത്രം നഷ്ടത്തിൽ 23688 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 50 പോയിന്റ് നഷ്ടത്തിൽ 78148 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി ഒഴികെ മറ്റ് പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിലവസാനിച്ചു. നിഫ്റ്റി ഐടി ഇന്ന് 258 പോയിന്റുകൾ മുന്നേറി 43634 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ മറ്റെല്ലാ സെക്ടറുകളും നഷ്ടവ്യാപ്തി കുറച്ചു.
വീണ് ബാങ്കും ഐടിയും
റിലയൻസ് മുന്നേറി നിന്നപ്പോഴും ബാങ്കുകളും ഐടിയും, മെറ്റലും ഒരു പോലെ വീണതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തകർച്ചയ്ക്ക് വഴിവച്ചത്. എന്നാൽ അവസാന മണിക്കൂറുകളിൽ തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി നിക്ഷേപകരുടെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. ഇൻഫോസിസും, എസ്ബിഐയുമാണ് ഐടി, ബാങ്കിങ് സെക്ടറുകളുടെ തിരിച്ചു വരവിന് അടിത്തറയിട്ടത്.
എൻവിഡിയയുടെ മേധാവി ഇന്നലെ നടത്തിയ പ്രസ്താവനയ്ക്കൊപ്പം വീണ നാസ്ഡാക്ക് ഇന്ത്യൻ ഐടി സെക്ടറിനെ വീഴ്ത്തിയപ്പോൾ, രൂപയുടെ വീഴ്ച ബാങ്കിങ് ഫിനാൻഷ്യൽ സെക്ടറുകളെയും സ്വാധീനിച്ചു..
രൂപ വീഴുന്നു, ക്രൂഡ് ഓയിൽ കയറുന്നു
ഇന്ന് ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ഡോളറിനെതിരെ രൂപ വീണ്ടും ദുർബലപ്പെടുന്നത് ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസവും ചോർത്തും. അമേരിക്കൻ ഡോളറിനെതിരെ 85.87 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ വില വർധനവും ഇന്ത്യൻ വിപണിക്ക് ക്ഷീണമാണെങ്കിലും ഇന്ത്യൻ ക്രൂഡ് ഓയിൽ ഓഹരികൾ മുന്നേറ്റം നേടി. ഓഎൻജിസിയും, ഗെയിലും, ഓയിൽ ഇന്ത്യയും മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി.
ഫെഡ് മിനുട്സ് ഇന്ന്
മുന്നേറി വന്ന അമേരിക്കൻ വിപണിക്ക് പ്രത്യേകിച്ച് നാസ്ഡാക്കിന് സെമികണ്ടക്ടർ ഓഹരികളുടെ വീഴ്ചയും, ഫെഡ് ‘ഫിയറു’മാണ് ഇന്നലെ തിരുത്തൽ നൽകിയത്.
ഇന്ന് വരുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിലെ മിനുട്സ് താന്നെയായിരിക്കും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും ഗതി നിർണയിക്കുക. ഫെഡ് നിരക്ക് കുറയ്ക്കുന്നത് തുടർ ഡേറ്റകളുടെ അടിസ്ഥാനത്തിൽ മതി എന്നാണ് കൂടുതൽ ഫെഡ് അംഗങ്ങളും അഭിപ്രായപ്പെട്ടിട്ടുള്ളതെങ്കിൽ അമേരിക്കൻ ഡോളർ കൂടുതൽ ശക്തമായേക്കം.
അമേരിക്കൻ അവധി
നാളെ നാഷണൽ ഡേ പ്രമാണിച്ച് അമേരിക്കൻ വിപണി അവധിയാണ്. അമേരിക്കൻ ജോബ് ഡേറ്റയും, എഡിപി എംപ്ലോയ്‌മെന്റ് ഡേറ്റകളും ഇന്ന് വരുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
വെള്ളിയാഴ്ച വരുന്ന അമേരിക്കയുടെ ഡിസംബറിലെ നോൺ ഫാം പേറോൾ ഡേറ്റകളും, പിന്നീട് വരുന്ന സിപിഐ ഡേറ്റയും വിപണിക്ക് പ്രധാനമാണ്. ജർമൻ, ചൈനീസ് സിപിഐ ഡേറ്റകൾ നാളെ വരും.
ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വീഴ്ച വന്നിരിക്കാമെന്ന എ പിഐയുടെ സൂചനയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ 77.72 ഡോളറിലേക്ക് കയറി. ഫെഡ് മിനുട്സിനൊപ്പം ഡോളറിന്റെ ചലനങ്ങളും ഇന്ന് ക്രൂഡ് ഓയിലിനെ സ്വാധീനിക്കും.
സ്വർണം
ഫെഡ് മിനുട്സ് വരാനിരിക്കെ ഡോളറും, അമേരിക്കൻ ബോണ്ട് യീൽഡും ശക്തമായി നിൽക്കുന്നതും ഡോളറിന് ഭീഷണിയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2667 ഡോളറിലാണ് തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക