സ്വര്‍ണവിലയുടെ 85 ശതമാനം വായ്പ, 4.9% പലിശയുള്ള പദ്ധതിയും: ചിട്ടി മൂല്യവര്ധനയുൾപ്പടെ കെഎസ്എഫ്ഇയ്ക്ക് ലക്ഷ്യങ്ങളേറെ

Mail This Article
കേരളത്തിന്റെ സ്വന്തം ഫിനാൻഷ്യൽ സൂപ്പർ മാർക്കറ്റ്, സംഘടിത ചിട്ടി മേഖലയിൽ 70 ശതമാനത്തിലേറെ പങ്കാളിത്തം, 100 ശതമാനം സർക്കാർ ഉടമസ്ഥത..തൃശൂര്‍ ആസ്ഥാനമായുള്ള കെഎസ്എഫ് ഇയെക്കുറിച്ച് ഇങ്ങനെ പറയാൻ ഏറെയുണ്ട്. എന്നാൽ ഇടപാടുകാർക്ക് പണത്തിന് ഏറെ ആവശ്യമായ വേളകളില്‍ വേഗത്തില്‍ പണം ലഭ്യമാക്കാനുള്ള അവസരവും സമ്പാദ്യവും സംയോജിപ്പിച്ചുള്ള ചിട്ടികളുടെ സവിശേഷതയാണ് കെഎസ്എഫ്ഇ പ്രയോജനപ്പെടുത്തുന്നതെന്ന് കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ. സനിൽ എസ്. കെ പറഞ്ഞു. ഇതോടൊപ്പം ചിട്ടികളില്‍ മൂല്യവര്‍ധനവ് കൂടി ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്
വായ്പ എന്നതിലേറെ പണം ലഭ്യമാക്കല്‍ എന്നാണ് ചിട്ടിയുടെ ഈ സവിശേഷതയെ തങ്ങള്‍ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല ചിട്ടികളില്‍ വലിയ നിലയിലുള്ള ഡിവിഡന്റ് ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് വലിയ വിശ്വാസ്യതയുള്ളത് നല്ല നിലയിലെ പങ്കാളിത്തം ഉണ്ടാകാനും വഴിയൊരുക്കുന്നു. ഇതിന്റെ ഫലമായി എല്ലാ വിഭാഗം ചിട്ടികളിലും ഏറ്റവും ഒടുവിലെ തവണകള്‍ ഒഴികെയുള്ളവയില്‍ വളരെ മികച്ച നിലയിലെ ഡിവിഡന്റ് ലഭിക്കുന്നുമുണ്ട്.
ഇതേ സമയം പണം ലഭ്യമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പിന്തുണയാകുന്ന രീതിയില്‍ ഹ്രസ്വകാല ചിട്ടികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റേയും സവിശേഷതകള്‍ കണക്കിലെടുത്ത് അവിടെയുള്ള ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു ചെറിയ കാലാവധിയുള്ള ചിട്ടികളും തങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്– ഡോ. സനിൽ പറഞ്ഞു.

ഡിവിഷന്‍ ചിട്ടികള്‍
ലേലവും നറുക്കും ഒരേ സമയം ലഭ്യമായ ഡിവിഷന്‍ ചിട്ടികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നു. ഇതിലൂടെ പണം ലഭിക്കാനുള്ള അവസരവും വര്‍ധിക്കുന്നു. കൂടുതല്‍ ആദായം ലഭിക്കാനും ഡിവിഷന്‍ ചിട്ടികള്‍ വഴിയൊരുക്കുന്നുണ്ട്. ഡിവിഷന്‍ ചിട്ടികളെ കൂടുതല്‍ ആദായകരമാക്കാന്‍ രണ്ടോ മൂന്നോ ഡിവിഷനുകള്‍ മാത്രമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലെ വിലയിരുത്തലുകള്‍ നടത്തിയാണ് ഇങ്ങനെ രണ്ടോ മൂന്നോ ഡിവിഷനുകള്‍ മാത്രമാക്കിയത്.
വിദേശ ഇന്ത്യക്കാര്‍ക്കായി പ്രവാസി ചിട്ടികളിലൂടെ മികച്ച നീക്കമാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. ഓണ്‍ലൈനായി ചിട്ടിയില്‍ ചേരാനും പണമടയ്ക്കാനും എല്ലാ ഘട്ടങ്ങളിലും പങ്കാളികളാകാനും ഇത് സഹായകമാണ്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് പ്രവാസി ചിട്ടികള്‍ക്ക് കൂടുതല്‍ പ്രതികരണം ലഭിച്ചതെങ്കിലും മറ്റു രാജ്യങ്ങളിലുള്ളവരും ഇതില്‍ ചേര്‍ന്നിട്ടുണ്ട്. 121 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ചേര്‍ന്നിട്ടുള്ളത്. കേരളത്തിനു വെളിയില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഇതില്‍ ചേരാനാവും.
ചിട്ടിയിൽ ചെറുപ്പക്കാരും

യുവാക്കളും ഇപ്പോള്‍ ചിട്ടിയില്‍ കൂടുതലായി താല്‍പര്യം കാണിക്കുന്നുണ്ട്. ലേലം ഒഴികെ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാണെന്നതും ഇവരുടെ താല്‍പര്യം പ്രകടിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്പും ഏറെപ്പേരെ ആകര്‍ഷിക്കുന്നു. ചിട്ടിയില്‍ ചേരാനും പണമടയ്ക്കാനും പ്രോക്‌സി നല്‍കാനും എല്ലാം ഇതിലൂടെ സാധിക്കും. ആറു ലക്ഷത്തോളം പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, വിവിധ പ്രായങ്ങളിലുള്ളവര്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.
യുവ തലമുറയെ ആകര്‍ഷിക്കാനായി നിരവധി നടപടികളാണ് കെഎസ്എഫ്ഇ നടത്തുന്നത്. സാങ്കേതികവിദ്യ വിവിധ തലങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. പ്രൈസ് മണി വാങ്ങുന്നതു പോലെയുള്ള വളരെ ചുരുക്കം വേളകളില്‍ മാത്രമേ ബ്രാഞ്ചില്‍ നേരിട്ട് എത്തേണ്ടതുള്ളു.
സ്വർണവായ്പയ്ക്കും താൽപ്പര്യമേറെ
ചിട്ടികള്‍ക്കു പുറമെ നിക്ഷേപങ്ങള്‍ അടക്കമുള്ള വിവിധ പദ്ധതികളിലും യുവജനങ്ങള്‍ മികച്ച താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് അടക്കമുള്ള വിവിധ ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട്. അതോടൊപ്പം സ്വര്‍ണ പണയ വായ്പ അടക്കമുള്ള വായ്പകളും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.

സ്വര്‍ണ വിലയുടെ 85 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഇതിനു പുറമെ ഓണ്‍ലൈനായി ഗോള്‍ഡ് ഒഡി നടപ്പാക്കുന്നുണ്ട്. ഏതു സമയത്തും മൊബൈല്‍ ആപ്പിലൂടെ പണം പിന്‍വലിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാന്‍ ഇത് പ്രയോജനപ്പെടുത്താം. ജനമിത്രം ഗോള്‍ഡ് ലോണ്‍ എന്ന പദ്ധതി 4.9 ശതമാനം പലിശയില്‍ വായ്പ നല്‍കുന്നുണ്ട്. കാര്‍ഷിക സബ്‌സിഡി ഇല്ലാതെയാണ് ഇങ്ങനെയൊരു സേവനം കെഎസ്എഫ്ഇയുടേതായി നല്‍കുന്നത്.
ഭവന വായ്പ, പഴ്‌സണല്‍ ലോണ്‍, വാഹന വായ്പ തുടങ്ങി മറ്റു നിരവധി വായ്പകളും തങ്ങള്‍ നല്‍കുന്നുണ്ട്. പുതുതലമുറ ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാനാവുന്നതിനാല്‍ മികച്ചൊരു പ്രതികരണമാണ് ലഭിക്കുന്നത്. ചിട്ടി പണത്തിന് ആദായ നികുതി നല്‍കേണ്ടതില്ല എന്നതും മറ്റൊരു ആകര്‍ഷണമാണ്.
കെ എസ് എഫ് ഇ അടുത്തിടെ എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റുകള്‍ നടത്തിയിരുന്നു. വായ്പ ആവശ്യവുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഇവിടെ ഉണ്ടായിട്ടില്ലെന്ന് അതില്‍ പങ്കെടുത്ത പലരും ചൂണ്ടിക്കാട്ടി.