സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിമാറ്റങ്ങൾ എന്തെല്ലാമാണ്?
.jpg?w=1120&h=583)
Mail This Article
?സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിബാധ്യതയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവ ഒന്ന് വിശദമാക്കമോ?
സുദേവൻ, കൊല്ലം.
മൂലധന നേട്ടം അഥവാ ‘ക്യാപിറ്റൽ ഗയിൻസ്’ എന്ന ഗണത്തിലെ വരുമാനങ്ങളുടെ നികുതി ബാധ്യത സംബന്ധിച്ച് സുപ്രധാനമായ ഭേദഗതികൾ ഫിനാൻസ് ആക്ട് 2024ലൂടെ ആദായനികുതി നിയമത്തിൽ വരുത്തിയിട്ടുണ്ട്. സ്‌ഥലം, കെട്ടിടങ്ങൾ, ഓഹരികൾ, ബിസിനസ് ആസ്തികൾ, ആഭരണങ്ങൾ മുതലായ (വകുപ്പ് 2(14) പ്രകാരമുള്ള) ‘ക്യാപിറ്റൽ അസറ്റ്’ വിൽക്കുമ്പോഴാണ് ക്യാപ്പിറ്റൽ ഗെയിൻസ് നികുതി ബാധകമാവുന്നത്. നികുതി ബാധ്യത കണക്കാക്കുന്നതിനായി വിൽപനയിൽ നിന്നുള്ള ലാഭമോ നഷ്ടമോ ദീർഘകാലമാണോ (Long Term) ഹ്രസ്വകാലമാണോ (Short Term) എന്നറിയണം.
വിൽക്കപ്പെടുന്ന ആസ്തികൾ എത്ര കാലം ഉടമസ്ഥതയിൽ കൈവശം വച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിക്കേണ്ടത്. നിയമത്തിലെ ഭേദഗതി പ്രകാരം 12 മാസം, 24 മാസം എന്നീ രണ്ടു കാലയളവുകൾ മാത്രമേ ഇനി മുതൽ മൂലധന ലാഭമോ നഷ്ടമോ ദീർഘ കാലമാണോ ഹ്രസ്വകാലമാണോ എന്നു നിർണയിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുള്ളൂ. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ‘ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള’ ഓഹരികൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്കും ഡിബഞ്ചറുകൾക്കും ബോണ്ടുകൾക്കും മറ്റും മാത്രമാണ് 12 മാസത്തെ കാലയളവു ബാധകം. ഇവ വാങ്ങിയ തീയതി മുതൽ 12 മാസമോ അതിൽ കുറവോ സമയം ഉടമസ്‌ഥതയിൽ ഹോൾഡ് ചെയ്തതിനു ശേഷമാണു വിൽപന നടത്തുന്നതെങ്കിൽ ഹ്രസ്വകാലമായി കണക്കാക്കണം. 12 മാസത്തിൽ കൂടുതലാണെങ്കിൽ ദീർഘകാലം.
ഇവയൊഴികെയുള്ള എല്ലാ ആസ്തികൾക്കും 24 മാസം കാലയളവാണ് ബാധകം. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ, ഡിബഞ്ചറുകൾ ബോണ്ടുകൾ യൂണിറ്റുകൾ, ജ്വല്ലറി, സ്‌ഥലം, കെട്ടിടം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ക്യാപ്പിറ്റൽ ഗെയിൻ നികുതിനിരക്കുകളിലും മാറ്റങ്ങളുണ്ട്.
വകുപ്പ് 112A പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഇക്വിറ്റി ഓഹരികളുടെയും ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയും ബിസിനസ് ട്രസ്റ്റ് യൂണിറ്റുകളുടെയും വിൽപനമേലുള്ള ലാഭത്തിന്റെ നികുതി ബാധ്യത 10 ശതമാനത്തിൽ നിന്നും 12.5 ആക്കി. എന്നാൽ, മുൻപുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ നികുതി ഒഴിവ് 1,25,000 രൂപയാണ്.
ഇതിൽ കൂടുതൽ വരുന്ന ലാഭത്തുകയുടെ 12.5 ശതമാനമാണ് നികുതി ബാധ്യത. 2024 ജൂലൈ 23നോ അതിനു ശേഷമോ നടക്കുന്ന വിൽപനകൾക്കാണ് 12.5% നിരക്കു ബാധകം.
വകുപ്പ് 111A പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഇക്വിറ്റി ഓഹരികളുടെയും മറ്റും വിൽപനമേലുള്ള ഹ്രസ്വകാല ലാഭത്തിന്റെ നികുതി ബാധ്യത 15 ൽ നിന്ന് 20 ശതമാനമാക്കി. ജൂലൈ 23നോ അതിനു ശേഷമോ നടക്കുന്ന വിൽപനകൾക്കാണ് 20% നിരക്ക് ബാധകം.
മറ്റൊരു പ്രധാന മാറ്റം ഇൻഡക്സേഷൻ ആനുകൂല്യത്തെ സംബന്ധിച്ചതാണ്. ദീർഘകാല മൂലധന നേട്ടത്തിനു (മുൻപ് പറഞ്ഞ വകുപ്പ് 112A അല്ലാതെയുള്ള) ലഭ്യമായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം 2024 ജൂലൈ 23നോ അതിന് ശേഷമോ നടക്കുന്ന വിൽപനകൾക്ക് ലഭ്യമല്ല. ആനുകൂല്യം എടുക്കാതെ വിൽപന മേലുള്ള ലാഭം കണക്കാക്കി ആ ലാഭത്തിന്മേൽ 12.5% എന്ന നിരക്കിൽ നികുതി ബാധ്യത കണക്കാക്കണം. എന്നാൽ വിൽക്കപ്പെടുന്നത് ജൂലൈ 23നു മുൻപ് വാങ്ങിയ ഭൂമിയോ കെട്ടിടമോ ആണെങ്കിൽ, ഇന്ത്യയിൽ സ്ഥിരതാമസക്കാരായ വ്യക്തികളായ നികുതി ദായകർക്ക് ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകൊണ്ട് നികുതി ബാധ്യത കണക്കാക്കാം. ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകൊണ്ട് നികുതി ബാധ്യത കണക്കാക്കിയാൽ ദീർഘകാല മൂലധന നേട്ടത്തിന്റെ 20% ആണ് നികുതി. ആനുകൂല്യം എടുക്കാതെ നികുതി ബാധ്യത കണക്കാക്കുകയാണെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിന്റെ 12.5% ആണു നികുതി. നികുതി ദായകന് ലാഭകരമായ രീതി തിരഞ്ഞെടുത്ത് നികുതി ബാധ്യത കണക്കാക്കാം.