വായ്പ പലിശനിരക്ക് പുതുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്; ഇന്നുമുതൽ പ്രാബല്യത്തിൽ

Mail This Article
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (എംസിഎൽആർ) നേരിയ വർധന വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു.
ഓരോ തിരിച്ചടവ് കാലാവധിയുമുള്ള വായ്പകളുടെ എംസിഎൽആർ 0.05% കൂട്ടുകയാണ് ചെയ്തത്. എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ/MCLR) ഇതുപ്രകാരം കൂടും. അതായത് സ്വർണപ്പണയം, ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും.
പുതുക്കിയ നിരക്കുകൾ
ഒറ്റനാൾ കാലാവധിയുള്ള (ഓവർനൈറ്റ്) വായ്പകളുടെ എംസിഎൽആർ 7.95 ശതമാനത്തിൽ നിന്ന് 8 ശതമാനമായി. ഒരുമാസ കാലാവധിയുള്ളവയുടേത് 8.60ൽ നിന്ന് 8.65 ശതമാനത്തിലേക്കും 3 മാസ കാലാവധിയുള്ളവയുടേത് 9.90ൽ നിന്ന് 9.95 ശതമാനത്തിലേക്കുമാണ് കൂട്ടിയത്. 6 മാസക്കാലാവധിയുള്ള വായ്പയ്ക്ക് പുതിയ എംസിഎൽആർ 10%. നേരത്തേ ഇത് 9.95 ശതമാനമായിരുന്നു. ഒരുവർഷ കാലാവധിയുള്ളവയുടേത് 10.05 ശതമാനത്തിൽ നിന്നുയർത്തി 10.10 ശതമാനവുമാക്കി. ഇതിനുമുമ്പ് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംസിഎൽആറിൽ മാറ്റംവരുത്തിയത്.
എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.

റീപ്പോ മാറുന്നതിന് ആനുപാതികമായി എംസിഎൽആർ മാറും. പുറമേ ബാങ്കിന്റെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ/CRR), വായ്പയുടെ കാലാവധി തുടങ്ങിയവയും വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.
ഓഹരികളിൽ നേട്ടം
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ഇന്ന് 1.39% ഉയർന്ന് 27.02 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം പുരോഗമിക്കുന്നത്. 2024 ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 37.18 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 18ലെ 22.27 രൂപയും. 7,069 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business