ആർഡി പലിശ അതതു വർഷം വരവ് വച്ചില്ല, പകരം ഒന്നിച്ചു വകയിരുത്തി: ഇതു ശരിയാണോ?

Mail This Article
Q ഞാൻ കേരളബാങ്കിൽ 10 വർഷം കാലാവധിയുള്ള ത്രൈമാസ പലിശ ലഭിക്കുന്ന 5 ആർഡി അക്കൗണ്ടുകൾ 2014-15, 2015-16 വർഷങ്ങളിൽ ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ ത്രൈമാസ പലിശ മുതലിനോട് അതാതു വർഷം വരവുവയ്ക്കാതെ 7 വർഷംമുതൽ 8 വർഷംവരെയുള്ള പലിശ (1,321,957 രൂപ) 30-12-22ൽ ഒന്നിച്ചു വരവുവച്ച് ഇൻകം ടാക്സിൽ റിപ്പോർട്ട് ചെയ്തതു കാരണം ബാങ്ക് ടിഡിഎസ് പിടിച്ച തുകയ്ക്കു ശേഷം 93,940 രൂപ പണമായി നികുതി അടയ്ക്കേണ്ടിവന്നു.
1. ആർഡി പലിശ അതതു വർഷം (accrual basisൽ) വരവു വയ്ക്കാതിരുന്നത് ശരിയാണോ?
2. 7മുതൽ 8വർഷംവരെ മുൻവർഷങ്ങളിലെ പലിശ 2021-22 സാമ്പത്തികവർഷത്തെ വരുമാനമായി റിപ്പോർട്ട് ചെയ്തത് ശരിയോ?
3. റൂൾ 145 അനുസരിച്ച് Cash basis അല്ലേ തുടരേണ്ടിയിരുന്നത്?
4. ഇൻകം ടാക്സ് റൂൾസ് പ്രകാരം ബാങ്കിന്റെ ഭാഗത്തുനിന്നും തെറ്റു സംഭവിച്ചിട്ടുണ്ടോ?
ഗീവർഗീസ് ജി. ചൂരക്കോട്
A വകുപ്പ് 194എ പ്രകാരമുള്ള ടിഡിഎസ് കിഴിവ് റിക്കറിങ് ഡിപ്പോസിറ്റുകളിൽനിന്നുമുള്ള പലിശവരുമാനത്തിനും ബാധകമാണ്. രണ്ടു കാര്യങ്ങളിൽ ആദ്യം ഏതാണോ സംഭവിക്കുന്നത്, ആ സമയത്തു വരുമാനം നൽകുന്ന ആൾ വരുമാനത്തിന്മേലുള്ള ടിഡിഎസ് പിടിക്കേണ്ടതുണ്ട്:
1. ചെക്കായോ, ഡ്രാഫ്റ്റായോ പണമായോ മറ്റേതെങ്കിലും രീതിയിലോ വരുമാനത്തുക നൽകുന്ന സമയം.
2. വരുമാനം നൽകുന്ന ആൾ സൂക്ഷിക്കുന്ന കണക്കുകളിൽ, വരുമാനം ലഭിക്കേണ്ട ആളുടെ പേരിൽ വരുമാനത്തുക ക്രെഡിറ്റ് ചെയ്യുന്ന സമയം. കഴിഞ്ഞ ഏഴോ, എട്ടോ വർഷത്തെ മൊത്തം പലിശ വരുമാനമായ 13,21,957 രൂപ ഒരു വർഷത്തെ വരുമാനമായി വെളിപ്പെടുത്തിയതുമൂലം കൂടുതൽ നികുതിബാധ്യത വന്നിട്ടുണ്ടാവാം.
പലിശ ഉൾപ്പെടെയുള്ള മൊത്ത വരുമാനം, കൂടിയ നികുതി നിരക്കുകൾ ബാധകമായ സ്ലാബുകളിലേക്ക് ഉയർന്നതാവാം ഇതിനു കാരണം. പലിശവരുമാനം ഓരോ വർഷവും റിട്ടേണിൽ വെളിപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ, നികുതി ബാധ്യത കുറയുമായിരുന്നു.
എന്നാൽ ശമ്പളം, ബിസിനസ് വരുമാനം മുതലായ വരുമാന സ്രോതസ്സുകളിൽനിന്നുള്ള വരുമാനങ്ങൾമൂലം അല്ലാതെതന്നെ കൂടിയ നിരക്കുകൾ ബാധകമായ സ്ലാബിലാണ് താങ്കൾ എങ്കിൽ, പലിശവരുമാനം ഏതു രീതിയിൽ വെളിപ്പെടുത്തിയാലും നികുതി ബാധ്യതയിൽ വ്യത്യാസമൊന്നും വരില്ല.
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.