മൾട്ടി അസെറ്റ് ഫണ്ട് വൈവിധ്യവൽക്കരണത്തിലൂടെ എന്നെന്നും ആകർഷകനേട്ടം

Mail This Article
വളർച്ചാ അവസരങ്ങൾ പരമാവധി മുതലാക്കുകയും അതേ സമയം വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമാർഗം ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തിലൊരു മികച്ച അവസരമാണ് മൾട്ടി-അസെറ്റ് ഫണ്ടുകള്‍ നിങ്ങൾക്കു നൽകുന്നത്.
ഓഹരി, കടപ്പത്രം, കമോഡിറ്റി തുടങ്ങിയ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നവയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ. അതുകൊണ്ടുതന്നെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ ഈ നിക്ഷേപരീതിക്കു സാധിക്കും. ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് മൾട്ടി അസെറ്റ് നിക്ഷേപങ്ങൾ എന്തുകൊണ്ട് അനിവാര്യമാകുന്നു എന്നതിനുള്ള കാരണങ്ങൾ നോക്കാം.
ഓഹരി വിപണിയിൽ ചാഞ്ചാട്ടങ്ങൾ സ്വാഭാവികമാണ്. അതു പ്രവചനാതീതവുമാണ്. സെൻസെക്സ് 10 വർഷക്കാലയളവിൽ 3% (CAGR) മാത്രം നേട്ടം നൽകിയ സമയമുണ്ട്. എന്നാൽ പിന്നീടുള്ള 5 വർഷത്തിൽ നേട്ടം 43% ആയി ഉയർന്നു. വീഴ്ചയ്ക്കു ശേഷമുള്ള 7 വർഷത്തിൽ സെൻസെക്സ് കയറിയത് 15% നിരക്കിലാണ്.

അതേസമയം ഡെറ്റ് ചെറുതെങ്കിലും സ്ഥിരതയുള്ള വരുമാനം നൽകുന്ന ആസ്തിയാണ്. ഡെറ്റ് നിക്ഷേപം ശരാശരി അഞ്ചു വർഷത്തെ റോളിങ് റിട്ടേണുകൾ 7.3% (2007–2023വരെ) നൽകിയിട്ടുണ്ട്.സ്വർണവും വെള്ളിയുംപോലുള്ള കമോഡിറ്റികളാകട്ടെ പണപ്പെരുപ്പത്തിനും ആഗോള അനിശ്ചിതത്വങ്ങൾക്കും എതിരെ സംരക്ഷണവും ഉറപ്പാക്കും.
ഉദാഹരണത്തിന്, മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ, ഏഴു വർഷത്തിനിടയിൽ സ്വർണം 25.7% (CAGR) നേട്ടം നൽകിയിരുന്നു. തുടർന്നുള്ള വർഷങ്ങളില്‍ (2013-2019) വളർച്ച പൂജ്യമായിരുന്നു. 2020ൽ, സ്വർണവില 28% ഉയർന്നു. അനിശ്ചിതത്വങ്ങളുടെ കാലത്ത് സ്വർണം ഉയർന്ന നേട്ടത്തിലൂടെ നിക്ഷേപകർക്കു സംരക്ഷണം നൽകുന്നത് നാം കാണുന്നുണ്ട്.
നേട്ടത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ വളർച്ചാതോത് നിശ്ചയിക്കുന്നത് ഓഹരിതന്നെയായിരിക്കും. അതേ സമയം കടപ്പത്രങ്ങളും കമോഡിറ്റികളും പോർട്ട്ഫോളിയോയുടെ നെടുന്തൂണായി പ്രവർത്തിച്ച് സുരക്ഷയും അനിശ്ചിതത്വങ്ങളിൽ പ്രതിരോധവും തീർക്കും, പ്രത്യേകിച്ച് വിപണിചാഞ്ചാട്ടങ്ങളുടെ സമയത്ത്.

അതിനാൽ ഈ ആസ്തികളിലെല്ലാമായി നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നത് ഏതു സാഹചര്യത്തിലും ന്യായമായ നേട്ടം ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കും. അതുതന്നൊണ് മൾട്ടി-അസെറ്റ് നിക്ഷേപങ്ങളുടെ ഭംഗിയും. ഏതൊരു നിക്ഷേപകനും വൈവിധ്യവൽക്കരണം ഉറപ്പാക്കി കരുത്തുറ്റ പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ ഈ ഫണ്ടുകളിലൂടെ സാധിക്കും.
മാത്രമല്ല ഡൈനാമിക് അലോക്കേഷനായതിനാൽ, സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിവേഗം നിക്ഷേപങ്ങൾ പുനർവിന്യസിക്കാനുമാകും. ഉദാഹരണത്തിന് 2024 ഒക്ടോബറിലേതുപോലെ ഓഹരികളുടെ വില വളരെ ഉയരുമ്പോഴുള്ള റിസ്ക് ലഘൂകരിക്കാനായി, ഓഹരിവിഹിതം പെട്ടെന്നു കുറയ്ക്കാൻ ഇവയ്ക്കു കഴിയും.
മൾട്ടി അസെറ്റ് ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി-അസെറ്റ് ഫണ്ട്. 22 വർഷത്തോളമായി നിലവിലുള്ള ഫണ്ട് ഈ വിഭാഗത്തിലെ ഏറ്റവും പഴക്കമേറിയ ഫണ്ടുകൂടിയാണ്. ഇക്കാലയളവിൽ ശരാശരി 21.20% (CAGR) നേട്ടം നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലാകട്ടെ 22.68% ആണ് റിട്ടേൺ. മൂന്ന്, അഞ്ചു വർഷക്കാലയളവിൽ യഥാക്രമം 19.73ഉം 20.61ഉം ശതമാനം ആദായം നൽകിയിട്ടുണ്ട്.
ലേഖകൻ നിള ഇൻവെസ്റ്റ്മെന്റ് & സർവീസസിന്റെ സ്ഥാപകൻ
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്